ചാത്തന്നൂര്‍: ഗ്രാമീണ മേഖലയില്‍ പിടിമുറുക്കി ലഹരി മാഫിയ. വാറ്റുചാരായവും കഞ്ചാവുള്‍പ്പെടെയുള്ള മയക്കുമരുന്നുകളും പ്രദേശത്ത് യഥേഷ്ടം വിറ്റഴിക്കുന്നു. ലോക്ഡൗണ്‍ സമയത്ത് മദ്യശാലകള്‍ അടഞ്ഞുകിടന്നപ്പോഴാണ് വ്യാജവാറ്റും ചാരായവില്‍പ്പനയും കൂടിയത്.
ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറന്നെങ്കിലും വ്യാജവാറ്റിന് കു റവുണ്ടായിട്ടില്ല. ചാത്തന്നൂര്‍ ചിറക്കര മേഖലയില്‍ ബിവറേജസ് ഔട്ട്ലെറ്റുകളില്ല. ഈ സാഹചര്യമാണ് വ്യാജവാറ്റ് പെരുകാന്‍ കാരണമാകുന്നത്. മറ്റു സ്ഥലങ്ങളിലെ മദ്യഷോപ്പുകളില്‍നിന്നു വലിയ അളവില്‍ മദ്യം ശേഖരിച്ച് അമിതവിലയ്‌ക്കു വില്‍ക്കുന്നവരുമുണ്ട്. മദ്യം ലഭിക്കാതിരുന്ന അവസരത്തില്‍ കഞ്ചാവില്‍ ലഹരി തേടിയവരുടെയും എണ്ണം വര്‍ധിച്ചു. ഇതോടെ കഞ്ചാവ് വില്‍പ്പനയും കൂടി. എക്സൈസ് ഇടയ്‌ക്ക് കോടയും വാറ്റുപകരണങ്ങളും പിടിക്കുന്നുണ്ടെങ്കിലും ചാരായം വാറ്റും വില്‍പ്പനയും നിയന്ത്രിക്കാനായിട്ടില്ല.
ദിവസ ജോലിക്കു പോകുന്നവരുള്‍പ്പെടെയുള്ളവരെ ലഹരി മാഫിയ വലവീശിപ്പിടിക്കുന്നു. അമിതവില നല്‍കിയായാലും മദ്യാസക്തര്‍ വാങ്ങുമെന്നതും ഇവരെ ചൂഷണം ചെയ്യാന്‍ മാഫിയയെ പ്രേരിപ്പിക്കുന്നു. ലഹരി മാഫിയയുടെ പിടിയില്‍നിന്നു ഗ്രാമീണ മേഖലയെ രക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ജനങ്ങള്‍ക്ക് ശല്യമായി പരസ്യമദ്യപാനവും വര്‍ധിക്കുന്നതായം നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: