ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമല്ലാതിരുന്നിട്ടും സാങ്കേതിക കണക്കുകളുടെ അടിസ്ഥാനത്തില്‍ ‘ഡി’ കാറ്റഗറയില്‍ ഉള്‍പ്പെടുത്തി ജനജീവിതം നിശ്ചലമാക്കുന്നതിനെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം അപലപിച്ചു.
21 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലെ ടിപിആര്‍ 15-നുമുകളില്‍ വന്നതാണ് പഞ്ചായത്ത് ഡി കാറ്റഗറിയില്‍ വരാന്‍ കാരണമെന്നാണ് പറയുന്നത്. എന്നാല്‍ 26ന് 419 ആന്റിജന്‍ പരിശോധന നടത്തിയതില്‍ 21 പേര്‍ക്കും 27-ാം തീയതി 245 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 24 പേര്‍ക്കും മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അഞ്ചുശതമാനം മാത്രമായിരുന്നു ഈ ദിവസങ്ങളിലെ ടിപിആര്‍ സ്വകാര്യ ലാബുകളിലെ പരിശോധനാ ഫലങ്ങളില്‍ പോസീറ്റീവ് ആകുന്നവരുടെ എണ്ണംമാത്രം കണക്കിലെടുക്കുന്നതിനാലും പരിശോധന നടത്തിയവരുടെ ആകെ എണ്ണം പരിഗണിക്കാത്തതിനാലുമാണ് ടിപി.ആറില്‍ വര്‍ധന കാണിക്കുന്നത്. 26, 27 ദിവസങ്ങളിലെ കണക്കുകള്‍ പരിശോധിച്ചതില്‍ വന്ന വ്യതിയാനവും ഈനിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരാന്‍ ഇടയാക്കിയെന്ന് യോഗം വിലയിരുത്തി.
നിലവിലെ ടിപിആര്‍ നിര്‍ണയരീതിയും കാറ്റഗറി നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അശാസ്ത്രീയമാണെന്ന് സര്‍ക്കാരിനുതന്നെ ബോധ്യപ്പെട്ട സാഹചര്യത്തില്‍ അടിയന്തര ആശ്വാസനടപടികളുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ പ്രധാന കവലകളായ കല്ലുവാതുക്കലും പാരിപ്പള്ളിയും ദിവസങ്ങളായി നിശ്ചലമാണ്.
വ്യാപാരിസമൂഹം ഗുരുതരമായ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്നത് കണ്ടില്ലെന്നു നടിക്കാനാകില്ല. തിങ്കളാഴ്ച മുതല്‍ കടകള്‍ തുറക്കുന്നതിനുള്ള അനുമതിക്കായി ജില്ലാ ഭരണകൂടത്തെ സമീപിക്കുമെന്ന് അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: