കരുനാഗപ്പള്ളി: കുന്നത്തൂര്‍ താലൂക്കിലെ കുന്നത്തൂര്‍, പോരുവഴി, ശൂരനാട് വടക്ക് പഞ്ചായത്തുകള്‍ക്കും കരുനാഗപ്പള്ളി താലൂക്കിലെ തൊടിയൂര്‍, തഴവ പഞ്ചായത്തുകള്‍ക്കുമായി തയ്യാറാക്കിയ 298 കോടി രൂപയുടെ സംയോജിത സമഗ്ര കുടിവെള്ളപദ്ധതി യാഥാര്‍ഥ്യത്തിലേക്ക്.
2021 മെയ് മാസത്തില്‍ കേരളം ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന് തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ടിന് കളക്ടര്‍ അധ്യക്ഷനായ ജില്ലാ ജല ശുചിത്വ സമിതി അംഗീകാരം നല്കി. സംയോജിത കുടിവെള്ള പദ്ധതിയുടെ അടിയന്തര അവലോകന യോഗം എംഎല്‍എമാരായ സി.ആര്. മഹേഷിന്റെയും കോവൂര്‍ കുഞ്ഞുമോന്റെയും അധ്യക്ഷതയില്‍ ഇന്നലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്നു.
കുന്നത്തൂര്‍ പഞ്ചായത്തിലെ കല്ലടയാറിനോട് ചേര്‍ന്നു ഞാങ്കടവില്‍ കിണര്‍ സ്ഥാപിച്ചു ജലം അമ്പുവിളയിലെത്തിക്കും. ഇതിനായി അമ്പുവിളയില്‍ ഏറ്റെടുക്കുന്ന ഒന്നര ഏക്കര്‍ സ്ഥലത്തു 44 എംഎല്‍ഡി ശുദ്ധീകരണശാല നിര്‍മിച്ചു ജലം ആറു പഞ്ചായത്തുകളിലും സ്ഥാപിക്കുന്ന ജലസംഭരണികളില്‍ എത്തിക്കുകയാണ് ലക്ഷ്യം. കുന്നത്തൂര്‍ പഞ്ചായത്തില്‍ 24 ലക്ഷം ലിറ്റര്‍ ജലസംഭരണി അമ്പുവിളയിലും പോരുവഴിയിലെ ദേവഗിരി കോളനിയില്‍ 11 ലക്ഷം ലിറ്ററിന്റെ ടാങ്കും ശൂരനാട് വടക്ക് പഞ്ചായത്തില്‍ ആനയടിയില്‍ 9 ലക്ഷം ലിറ്റര്‍ ടാങ്കും കരുനാഗപ്പള്ളി താലൂക്കില്‍ തഴവ പഞ്ചായത്തില്‍ പാവുമ്പയില്‍ 12 ലക്ഷം ലിറ്റര്‍ ടാങ്കും തൊടിയൂര്‍ പഞ്ചായത്തില്‍ മാലുമേല്‍ 8.5 ലിറ്റര്‍ ടാങ്കും കുലശേഖരപുരം സംഘപ്പുര ജങ്ഷനില്‍ 17 ലക്ഷം ലിറ്റര്‍ ടാങ്കുമാണ് സ്ഥാപിക്കുക. ടാങ്കുകളുടെ നിര്‍മാണത്തിനായി വിവിധ വകുപ്പുകളുടെ അധീനതയില്‍ ഉള്ള സ്ഥലം ഏറ്റെടുക്കാനായി കളക്ടറുടെ ചേംബറില്‍ 16ന് യോഗം ചേരും.
കുന്നത്തൂരില്‍ അമ്പുവിളയില്‍ സ്വകാര്യവ്യക്തിയില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നടപടികള്‍ ദ്രുതഗതിയിലാക്കാനും യോഗം തീരുമാനിച്ചു. അംഗീകാരം ലഭ്യമാകുന്നതോടെ ജില്ലയിലെ ഏറ്റവും വലിയ സംയോജിത കുടിവെള്ള പദ്ധതിയായി കുന്നത്തൂര്‍- കരുനാഗപ്പള്ളി പദ്ധതി മാറുമെന്നാണ് വിലയിരുത്തല്‍. യോഗത്തില്‍ തഴവ പഞ്ചായത്ത് പ്രസിഡന്റ് സദാശിവന്, തൊടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നിസാം, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ അന്‍സാര്‍ ഷാഫി, ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍, കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി, പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ജല അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആശലത, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സബീര്‍ റഹിം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: