തൃശ്ശൂര്‍: കോടികളുടെ വായ്പ്പാത്തട്ടിപ്പു നടന്ന, സിപിഎം ഭരിച്ച കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വാങ്ങിയത് വഴി 1.15 കോടിയുടെ നഷ്ടമുണ്ടായെന്നും കണ്ടെത്തി. ഗുണനിലവാരമില്ലാത്ത മരുന്ന് വാങ്ങിയതായി കണ്ടെത്തിയ രജിസ്ട്രാറുടെ പരിശോധനയില്‍ ഇനി ഇത് വാങ്ങരുതെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇതേ മരുന്നുകള്‍ പിന്നെയും വാങ്ങിയതായും 91.43 ലക്ഷം രൂപ മുന്‍കൂര്‍ അനുവദിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാലപ്പഴക്കം കാരണം വാങ്ങിയ മരുന്നുകള്‍ ഏറെയും വില്‍ക്കാനായില്ല. വിറ്റയിനത്തില്‍ 24.87 ലക്ഷം രൂപ കിട്ടാനുള്ളതായും കണക്കില്‍ കാണിച്ചിരിക്കുന്നു. മൂന്ന് നീതി സ്റ്റോറുകളില്‍ നിന്ന് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 10.28 ലക്ഷത്തിന്റെ വസ്തുക്കള്‍ കാണാതായി. നഷ്ടം ചുമതലയുണ്ടായിരുന്ന ജീവനക്കാരില്‍ നിന്ന് ഈടാക്കാനായിരുന്നു ഓഡിറ്റ് നിര്‍ദേശം. ഇതും അവഗണിച്ചു.
ബാങ്കിന്റെ വളം വില്‍പ്പന കേന്ദ്രം, റബ്കോ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രം, ഹാര്‍ഡ് വെയര്‍-ഗ്യാസ് ഏജന്‍സി-സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലായി 1.69 കോടി രൂപയുടെ വസ്തുക്കള്‍ സ്റ്റോക്കില്‍ ഇല്ലെന്നും പൂഴ്ത്തിവച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍ പലിശ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് കാരമുക്കിലെ ഒരു സ്കൂള്‍ ഒരു കോടിരൂപ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തന മേഖലയിലല്ലാതിരുന്നിട്ടും ഈ നിക്ഷേപമെത്തിയത് കമ്മീഷന് ഏജന്റിലൂടെയാണെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: