തിരുവനന്തപുരം: കോതമംഗലത്ത് രാഖിലിന്റെ മാനസയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാനസയെ കൊല്ലുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് മാനസയുമായി ഒന്നിച്ചുള്ള ചിത്രം രാഖില്‍ പുറത്തുവിട്ടിരുന്നു.മാനസയെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നോ ഇതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. കൊച്ചി കലൂരിലെ ഒരു പ്രമുഖ ഹോട്ടലിന്റെ റിവ്യൂ പേജിലാണ് മാനസയ്ക്കൊപ്പമുള്ള ചിത്രം രാഖില്‍ പോസ്റ്റ് ചെയ്തത്. ഹോട്ടലിന്റെ സൗകര്യങ്ങള്‍ നല്ലതാണെന്ന് രീതിയിലാണ് റിവ്യൂ ഉള്ളത്. എന്നാല്‍, ഇതിനൊപ്പം ചിത്രം ഉള്‍പ്പെടുത്തിയത് എന്തിനെന്ന് വ്യക്തമല്ല.
ഫോട്ടോയിലുള്ളത് മാനസ തന്നെയാണെന്ന് സോഷ്യല്‍ മീഡിയ ഉറപ്പിക്കുന്നു. പക്ഷേ, ഈ ഫോട്ടോ എടുത്തത് എപ്പോഴാണെന്ന് കാര്യത്തില്‍ ഉറപ്പില്ല. മാനസയും രാഖിലും അടുപ്പത്തിലായിരുന്നുവെന്നാണ് രാഖിലിന്റെ സുഹൃത്ത് പോലീസിനോട് വ്യക്തമാക്കിയത്. ഇക്കാര്യങ്ങളെല്ലാം പോലീസ് വിശദമായി അന്വേഷിക്കും. പറഞ്ഞ നുണകളെല്ലാം മാനസ പൊളിച്ചതോടെ രാഖിലുമായുള്ള ബന്ധം യുവതി അവസാനിപ്പിക്കുകയായിരുന്നു.
എട്ടു മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവരായിരുന്നു കൊല്ലപ്പെട്ട മാനസയും കൊലപാതകിയും ആത്മഹത്യ ചെയ്ത യുവാവുമായ രാഖിലും. കുറച്ചു നാള് ഇവര്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. സോഷ്യല്‍മീഡിയ വഴി ചാറ്റിങ്ങും ഉണ്ടായിരുന്നു. ബിസിനസ് മാനേജ്മെന്റില്‍ പിജി കഴിഞ്ഞ ശേഷം ദുബായിലെ പ്രശസ്തമായ കമ്പനിയില്‍ ഉന്നതപദവിയിലാണ് ജോലിയെന്ന് മാനസയോട് രാഖില്‍ പറഞ്ഞിരുന്നു. മാസങ്ങളുടെ ഇടവേളകളില്‍ നാട്ടില്‍ എത്താറുണ്ടെന്നും കുടുംബ ബിസിനസുകള്‍ നോക്കി നടത്തുന്നത് താനാണെന്നും രാഖില്‍ മാനസയോട് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ക്കകം തന്നെ രാഖില്‍ പറഞ്ഞത് നുണയാണെന്ന് മാനസ കണ്ടെത്തി. ഇക്കാര്യം രാഖിലിനോട് ചോദിക്കുകയും ഇനി ശല്യം ചെയ്യരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍, ഇതുചെവിക്കൊള്ളാതെ രാഖില്‍ നിരന്തരം മാനസയെ വിളിക്കുകയും പിന്തുടരുടകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് മാനസയുടെ പിതാവ് പോലീസില്‍ പരാതിപ്പെടുകയും അവിടെ വച്ചു വിഷയം ഒത്തുതീര്‍ത്തതും. കേസ് തുടരാന്‍ താത്പര്യമില്ലെന്നും ഇനി മാനസയെ ശല്യം ചെയ്യില്ലെന്ന് ഉറപ്പാക്കിയാല്‍ പരാതിയില്ലെന്നും പിതാവ് അറിയിച്ചു. രാഖിലും ഇക്കാര്യം സമ്മതിച്ചിരുന്നു. എന്നാല്‍, ഒഴിവാക്കിയതിലുള്ള പക മനസില്‍ കൊണ്ടു നടന്ന രാഖില്‍ ഒടുവില്‍ കൊലപാതകി ആയി മാറുകയായിരുന്നു. തന്റെ ജീവിതം തകര്‍ന്നെന്ന് രാഖില്‍ സഹോദരന് മെസേജ് അയയ്ക്കുകയും ചെയ്തിരുന്നു.. മാനസ ഒഴിവാക്കിയതില്‍ മാനസികമായി ഏറെ തകര്‍ന്ന രാഖില്‍ ആരോടും മിണ്ടാതെ കുറേ നാള് കഴിഞ്ഞിരുന്നു.
മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രാഖില്‍ ഒരു മാസമായി മാനസ താമസിച്ചിരുന്ന ഹോസ്റ്റലിന് സമീപം റൂം എടുത്ത് താമസിച്ചു വരികയായിരുന്നു. മാനസയ്ക്ക് ഈ കാര്യം അറിയില്ലായിരുന്നു. മാനസയെ രാഖില്‍ ആഴ്ചകളോളം പിന്തുടര്ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: