കാബൂള്‍: അഫ്ഗാന്‍ സെന്യത്തിന്റെ വ്യോമാക്രമണങ്ങളില്‍ താലിബാന്റെ നിരവധി ഒളിസങ്കേതങ്ങള്‍ തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ നഗരങ്ങളിലുണ്ടായ വ്യോമാക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടതായും 100 പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു. ആക്രമണത്തിന്റെ വീഡിയോയും ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാണ്ഡഹാര്‍ പ്രവിശ്യയില്‍ പത്ത് ഭീകരരെ വധിച്ചു. താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. താലിബാന്‍ നിരവധി പ്രവിശ്യകള്‍ പിടിച്ചെടുത്തെന്ന അവകാശവാദത്തെ അഫ്ഗാന്‍ തള്ളിക്കളഞ്ഞു. അതേസമയം കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ താലിബാന്‍ റോക്കറ്റാക്രമണം നടത്തി. മൂന്ന് റോക്കറ്റുകളാണ് ഉപയോഗിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. റണ്‍വെ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ആളപായമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ നിര്‍ണായക പ്രാധാന്യമുള്ളതാണ് കാന്ധഹാര്‍ വിമാനത്താവളം. താലിബാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ഈ വിമാനത്താവളമാണ്. അഞ്ച് പ്രവിശ്യകളുടെ കേന്ദ്രവും ഇവിടെയാണ്. അതിനാലാണ് കാന്ധഹാര്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ടതെന്ന് താലിവാന്‍ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: