ന്യൂദല്‍ഹി: ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന ലോകത്തിലെ തന്നെ സജീവ രാഷ്ട്രീയ നേതാവ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രിയെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം ഏഴ് കോടി കടന്നതോടെയാണിത്.
2009ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് മോദി ട്വിറ്റർ അക്കൗണ്ട് തുടങ്ങുന്നത്. ഒരു വർഷത്തിനു ശേഷം, 2010ൽ, ഒരു ലക്ഷം പേർ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഫോളോ ചെയ്യാൻ ആരംഭിച്ചു. 2020 ജൂലായിലാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ആറ് കോടി ഫോളോവേഴ്സ് ആയത്. ഇക്കഴിഞ്ഞ ഒരു വർഷം കൊണ്ട് ഒരു കോടി പുതിയ ഫോളോവേഴ്സിനെയാണ് മോദിക്ക് ട്വിറ്ററിൽ ലഭിച്ചിരിക്കുന്നത്.
5.3 കോടി ഫോളോവേഴ്സുമായി കത്തോലിക്കാ സഭയുടെ പോപ്പ് ഫ്രാൻസിസ് ആണ് മോദിയ്ക്കു തൊട്ടുപന്നിലായി രണ്ടാം സ്ഥാനത്തുള്ളത്. ഇതിനു മുമ്പ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായിരുന്നു ലോകനേതാക്കന്മാരിൽ വച്ച് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉണ്ടായിരുന്നത്. 8.87 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ അക്കൗണ്ട് ട്വിറ്റർ തന്നെ പിന്നീട് റദ്ദാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പിന്തുടരുന്നത് ആകെ 3.09 കോടി പേര് മാത്രമാണ്. ഇപ്പോഴും ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന ട്വിറ്റര്‍ അക്കൗണ്ട് മുന്‍ യുഎസ് പ്രസിഡന്റ് ബാരക് ഒബാമയുടേതാണ്. 12.9 കോടി പേരാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്. പക്ഷെ ഇദ്ദേഹം ഇപ്പോള്‍ സജീവരാഷ്ട്രീയത്തിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: