പാമ്പാടി: സാമൂഹിക അകലം പാലിച്ചില്ല എന്ന പേരില്‍ പൊതുയിടങ്ങളില്‍ ജനങ്ങള്‍ പിഴ നേരിടുമ്പോള്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ ആരും ശ്രദ്ധിക്കാതെ പോകുന്നു. അശാസ്ത്രീയ രീതിയിലുള്ള ടോക്കണ്‍ സംവിധാനം മൂലം ഇത്തരം കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ തിരക്കാണ്.
കോവിന്‍ പോര്‍ട്ടല്‍ വഴി ടൈം സ്ലോട്ട് വഴിയാണ് ബുക്കിംഗ് എങ്കിലും അത്തരം സമയ നിബന്ധനകള്‍ ഒന്നും തന്നെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ പാലിക്കപ്പെടുന്നില്ല. ആദ്യമാദ്യം എത്തുന്നവര്‍ക്ക് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന ടോക്കണ്‍ മുഖേനെയാണ് വാക്സിന് നല്‍കുന്നത്. അതിനാല്‍ തന്നെ കോവിന്‍ പോര്‍ട്ടലില്‍ ഏത് ടൈം സ്ലോട്ട് ബുക്ക് ചെയ്തവരും രാവിലെ തന്നെ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നുണ്ട്. ഇത് അമിത തിരക്കിന് ഇടയാക്കുന്നുണ്ട്.നൂറുകണക്കിന് ആളുകളാണ് പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ഇന്നലെ വാക്സിനേഷനു വേണ്ടി എത്തിയത്. യാതൊരുവിധ അകലവും പാലിക്കാതെയാണ് ആള്ക്കാര് വരിനിന്നത്.
കൊവിഡ് പ്രോട്ടോക്കോള്‍ കാര്യക്ഷമമായി ഉറപ്പുവരുത്താന്‍ ആശുപത്രി അധികൃതര്‍ ഫലപ്രദമായി ഇടപെടുന്നില്ല എന്ന് ജനങ്ങള്‍ പരാതി പറയുന്നുണ്ട്. വാക്സിനേഷനു ശേഷം നീരീക്ഷണ സമയത്ത് ആള്‍ക്കാരെ ഇരുത്തുന്ന രീതിയിലും സാമൂഹിക അകലം ഇല്ല. സാമൂഹിക അകലം പാലിച്ച് ഇരുത്താനുള്ള സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഇല്ല എന്നാണ് അധികൃതരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: