കോട്ടയം: കോട്ടയം ഗവ. മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലും ഓക്‌സിജന്‍ പ്ലാന്റ്. പ്ലാന്റിന്റെ ട്രയല്‍ ആരംഭിച്ചു. പിഎം കെയര്‍ ഫണ്ടില്‍ നിന്നുള്ള 90 ലക്ഷം രൂപയാണ് പ്ലാന്റിനും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തിനുമായി ലഭിച്ചത്. ഒരു മിനിറ്റില്‍, 500 ലിറ്റര്‍ ഓക്‌സിജന്‍ ലഭിക്കുന്നതാണ് ഈ പ്ലാന്റ്.
അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ ശേഖരിച്ച് കംപ്രസ്സറിലൂടെ കടത്തിവിട്ട് നൈട്രജനെ വേര്‍തിരിച്ചശേഷം, ചെമ്പുകുഴല്‍ വഴി പ്രധാനകേന്ദ്രങ്ങളിലേക്ക് ശുദ്ധീകരിച്ച ഓക്‌സിജന്‍ ലഭ്യമാക്കും. പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കുട്ടികളുടെ ആശുപത്രിയിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കപ്പെടും.
രണ്ടു മാസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഒരു മിനിറ്റില്‍ 2500 ലിറ്റര്‍ ഓക്‌സിജന്‍ ലഭിക്കുന്ന പ്ലാന്റ് ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊവിഡ് ലാബിന്റേയും എക്‌സറേ യൂണിറ്റിന്റെയും പ്രവര്‍ത്തനം ആരംഭിച്ചു. ഇതുമൂലം കുട്ടികളായ കൊവിഡ് രോഗികള്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ കഴിയുമെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ്ജ് ഡോ. ജയപ്രകാശ് പറഞ്ഞു.
പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ സജ്ജമാകുന്നതോടെ വിവിധ തീവ്രപരിചരണ വിഭാഗങ്ങള്‍, ശസ്ത്രക്രിയാ തിയ്യേറ്റര്‍ എന്നിവിടങ്ങളിലേയ്‌ക്ക് ഓക്‌സിജന്‍ ലഭിക്കുന്നതിനുള്ള ക്രമീകരണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും സുപ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: