ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് ടിപിആര്‍ അഞ്ചു ശതമാനത്തില്‍ താഴെയെത്തിക്കണമെന്ന് കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തലവനും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ഡയറക്ടറുമായ ഡോ. സുജീത് സിങ്. ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നത് ആശ്വാസകരമല്ല. കൊവിഡ് അതിതീവ്രവ്യാപനമേഖലകളില്‍ എന്തുചെയ്തുവെന്ന് പരിശോധിച്ചതായും ആലപ്പുഴയിലെ അവലോകനയോഗത്തിനുശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച രോഗം വ്യാപകമായ ഇടങ്ങള്‍ കേന്ദ്രീകരിച്ച് അനുയോജ്യമായ നിയന്ത്രണങ്ങളും കൊവിഡ് പ്രതിരോധ നടപടികളും ശക്തമാക്കി മുന്നോട്ടുപോകണമെന്ന് സംഘം ചൂണ്ടിക്കാട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പ്രദേശങ്ങളില്‍ അത് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സംഘം ചര്‍ച്ച ചെയ്തു. ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച്, രോഗം വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംഘം നിര്‍ദേശിച്ചു. കൊല്ലത്തെ സാഹചര്യവും ഇന്നലെ കേന്ദ്രസംഘം വിലയിരുത്തി.
ഇന്ന് കോട്ടയത്തും പത്തനംതിട്ടയിലും സംഘം സന്ദര്‍ശനം നടത്തും. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. എന്‍സിഡിസി അഡൈ്വസര്‍ ഡോ.എസ്.കെ. ജെയിന്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രണയ് വര്‍മ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയ്ന്‍, സംസ്ഥാന ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബിനോയ് എസ്. ബാബു എന്നിവര്‍ അടങ്ങിയതാണ് സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: