വിവേകാനന്ദന് ജീവിതത്തെയും അദ്ദേഹത്തിന്റെ വിവിധ മേഖലകളിലെ സംഭാവനകളെപ്പറ്റിയും പ്രതിപാദിക്കുന്ന ഒട്ടനവധി ഗ്രന്ഥങ്ങള്‍ ഇതിനോടകം ഇംഗ്ലീഷും മലയാളവും ഉള്‍പ്പെടെ ഒട്ടുമിക്ക ഭാഷകളിലും പ്രസിദ്ധീകൃതമായിട്ടുണ്ട്. എഴുത്തുകാരന്റെ അഭിരുചിയ്ക്കും താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി സ്വാമിജിയെ അവതരിപ്പിക്കാനുള്ള ശ്രമം അവയിലൊക്കെ കാണാന്‍ കഴിയുന്നു. അതതിന്റെ നിലയില്‍ അവയൊക്കെത്തന്നെ ശരിയാണെങ്കില്‍ കൂടി ഈ വ്യത്യസ്തഭാവങ്ങള്‍ സ്വാമിജിയുടെ ആന്തരികമായ പൂര്‍ണതയുടെയും ഏകത്വദര്‍ശനത്തിന്റെയും ബാഹ്യമായ ആവിഷ്കാരങ്ങളാണെന്ന കേവല സത്യം വിസ്മരിക്കാനിടയാക്കുന്നു. മാത്രവുമല്ല, പലപ്പോഴും വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും സ്വാമിജിയില്‍ ആരോപിക്കുവാന്‍ ഇത് ഇടവരുത്തുകയും ചെയ്യുന്നു. പ്രപഞ്ചാത്മാവുമായി താദാത്മ്യം പ്രാപിച്ച അദ്ദേഹത്തില്‍ നാം കാണുന്ന വൈരുദ്ധ്യങ്ങളും മറ്റും ആ ഔന്നത്യത്തിന്റെ ‘അപാരത’യില്‍ അലിഞ്ഞ് ഇല്ലാതായി തീരുന്നുവെന്നതാണ് സത്യം. അതുകൊണ്ടാണ് സ്വാമിജിയെ ആഴത്തിലും വ്യാപ്തിയിലും പഠിച്ച റൊമേന് റൊളാങ് ‘സന്തുലിതം, സമന്വയം’ എന്നീ രണ്ടു പദങ്ങള്‍കൊണ്ട് സ്വാമിജിയുടെ സൃഷ്ടിപരമായ പ്രതിഭയെ സംഗ്രഹിക്കാമെന്ന് അഭിപ്രായപ്പെട്ടത്.
ഈ സമഗ്രത-പൂര്‍ണത-അതാണ് നരേന്ദ്ര കോഹ്ലിയുടെ, സ്വാമിജിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഹിന്ദി നോവലിന്റെ (‘ന ഭൂതോ ന ഭവിഷ്യതി’) മലയാള പരിഭാഷ ‘വിവേകാനന്ദം’വായിച്ചപ്പോല് എനിക്കനുഭവപ്പെട്ടത്. പത്മശ്രീ പ്രൊഫ നരേന്ദ്ര കോഹ്ലി. (1940-2021) ഹിന്ദി സാഹിത്യത്തിലെ അതിപ്രശസ്തനായ എഴുത്തുകാരനാണ്. കെ.കെ. ബിര്‍ള ഫൗണ്ടേഷന് വ്യാസ സമ്മാന്‍ നേടിയ ‘ന ഭൂതോ ന ഭവിഷ്യതി’ എന്ന നോവല്‍ സ്വാമിജിയുടെ ജീവിതത്തിലെ ഏതാണ്ട് 1881 മുതല്‍ 1894 വരെയുള്ള സുപ്രധാനവും സംഭവബഹുലവുമായ കാലഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ വിശിഷ്ട നോവലിന്റെ മലയാള വിവര്‍ത്തനം സ്തുത്യര്‍ഹമായി നിര്‍വഹിച്ചിരിക്കുന്നത് നിരവധി ഹിന്ദി കൃതികള്‍, നരേന്ദ്ര കോഹ്ലിയുടെ തന്നെ അഭിജ്ഞാന്‍, അഭ്യുദയ്, മഹാസമര്‍ എന്നിവ ഉള്‍പ്പെടെ, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള കെ.സി. അജയ് കുമാറാണ്.
ഭാരതീയ സംസ്കാരത്തിലും ആദ്ധ്യാത്മിക പാരമ്പര്യത്തിലും ആഴത്തിലുള്ള അവഗാഹവും പ്രായോഗിക പരിജ്ഞാനവും വേണ്ടുവോളമുള്ളതിനാലാകണം നരേന്ദ്ര കോഹ്ലിക്ക് സ്വാമിജിയെ ഇത്ര ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കാന്‍ സാധ്യമായത്. ഏതാണ്ട് ഇരുന്നൂറിനടുത്ത് നാടകീയ സീനുകളിലൂടെ ഗ്രന്ഥകാരന്റെ നേരിട്ട ഇടപെടലുകള്‍ കഴിയുന്നത്ര ഒഴിവാക്കി, സ്വാമിജിയുടെ ആന്തരികവും ബാഹ്യവുമായ ലോകത്തെ അനാവരണം ചെയ്യുക വഴി സ്വാമിജിയുടെ വ്യക്തി പ്രഭാവവവും ദര്‍ശനഗരിമയും വ്യക്തമായും ദീപ്തമായും നമ്മിലേക്കു സംക്രമിക്കുന്നു ഈ ഗ്രന്ഥത്തിന്റെ വായനയിലൂടെ.
ഈ നോവലിന്റെ അവസാന ഭാഗം തന്റെ ബൗദ്ധികവും ആദ്ധ്യാത്മികവുമായ ഔന്നത്യവും ശക്തിയുംകൊണ്ട് സ്വാമിജി അമേരിക്കന്‍ മനസ്സിനെ സ്വാധീനിച്ചതിന്റെ നേര്‍ക്കാഴ്ചയാണ്.
ഈ ഗ്രന്ഥം സ്വാമിജിയുടെ സ്വഭാവത്തിന്റെ പല അംശങ്ങളും അനാവരണം ചെയ്യുന്നുണ്ട്. അവയിലൊന്ന് കുട്ടികളെപ്പോലെയുള്ള നിഷ്കളങ്കതയാണ്. ഗഹനങ്ങളായ ആദ്ധ്യാത്മിക വിഷയങ്ങള്‍ സഗൗരവം ചര്‍ച്ച ചെയ്ത അതേ സ്വാമിജിയായിരിക്കും പിന്നീട് ആതിഥേയരുടെ കുട്ടികളോടൊപ്പം കളി തമാശകള്‍ പറഞ്ഞും കഥകള്‍ കേള്‍പ്പിച്ചും അവരെ രസിപ്പിക്കുന്നത്. മറ്റൊരു വസ്തുത അമേരിക്കന്‍ വനിതകളില്‍ സ്വാമിജി ചെലുത്തിയ വലിയ സ്വാധീനമാണ്. അദ്ദേഹവുമായി പരിചയപ്പെട്ട സ്ത്രീകളിലൊക്കെ പുത്രനിര്‍വിശേഷമായ സ്നേഹമാണ് അദ്ദേഹം ഉണര്‍ത്തിയത്. സ്ത്രീകളെയെല്ലാം ജഗദംബയുടെ പ്രത്യേക രൂപങ്ങളായി കണ്ടാദരിച്ചിരുന്ന അദ്ദേഹത്തിന് അവരില്‍ മാതാവിനെ മാത്രമല്ലേ ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളൂ.
ഏതായാലും ഈ ഗ്രന്ഥം ഇപ്പോഴത്തെ നിലയില്‍ തന്നെ മലയാളത്തിലെ ആദ്ധ്യാത്മിക സാഹിത്യത്തിനു പൊതുവെയും വിവേകാനന്ദ സാഹിത്യത്തിനു പ്രത്യേകിച്ചും ഒരു മുതല്‍ക്കൂട്ടാണെന്നതില്‍ സംശയമില്ല. ഒരേസമയം രസകരവും അത്യധികം വിജ്ഞാനപ്രദവുമായ ഈ ‘നാടക-നോവല്‍’ കൂടുതല്‍ കൂടുതല്‍ ആളുകള്‍ വായിക്കാനിടയാകട്ടെ. ഇതിന്റെ മലയാള പരിഭാഷ മൂലത്തിനോട് തികച്ചും നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് അതു വായിക്കുമ്പോള്‍ ലഭിക്കുന്ന സംവേദനക്ഷമതയില്‍ നിന്ന് മനസ്സിലാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: