മൂന്നാര്‍: മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകട ഭീഷണിയിലായ ദേശീയപാതയോരത്തെ സര്‍ക്കാര്‍ കോളേജിന്റെ കെട്ടിടങ്ങളില്‍ ഒന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ലൈബ്രറി കെട്ടിടമാണ് പൊളിച്ചത്.
എറണാകുളം ആസ്ഥാനമായുള്ള ഗ്രീന്‍ വര്‍ത്ത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ഇരുപതോളം ജോലിക്കാര്‍ ചേര്‍ന്നാണ് കെട്ടിടം പൊളിച്ചത്. ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിറുത്തിവച്ച ശേഷമായിരുന്നു സ്ഫോടനത്തിലൂടെ കെട്ടിടം തകര്‍ത്തത്. സുരക്ഷാ നടപടികള്‍ പാലിച്ച് പ്രദേശത്തെ മണ്‍തിട്ടയ്ക്ക് ഇളക്കം സംഭവിക്കാത്ത വിധത്തിലായിരുന്നു പൊളിക്കല്‍.
രണ്ടാമത്തെ കെട്ടിടം സാധാരണ നിലയില്‍ അടുത്ത ദിവസങ്ങളിലായി പൊളിച്ച് നീക്കും. മഴയാരംഭിച്ചതോടെ ദേശീയപാതയോരത്ത് അപകട ഭീഷണി ഉയര്‍ത്തിയിരുന്ന കോളേജ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ ജില്ലാ ഭരണകൂടം നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കല്‍ നടപടി തുടരുന്നത്.
2018ലെ പ്രളയത്തിലാണ് കൊച്ചി- ധനുഷ്കോടി ദേശീയ പാതയില്‍ ദേവികുളം ബോട്ടാണിക്കല്‍ ഗാര്ഡന് സമീപം സ്ഥിതി ചെയ്യുന്ന കോളേജിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജിന്റെ മറ്റ് കെട്ടിടങ്ങള്‍ കാലവര്‍ഷത്തില്‍ വീണ്ടും തകര്‍ന്നു.
ഇത്തവണ പെയ്ത കനത്ത മഴയില്‍ കോളേജിന്റെ ഒരു ഭാഗം ഇടിഞ്ഞ് ദേവികുളത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. അപകടാവസ്ഥയില്‍ അവശേഷിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ ഇതോടെ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍ദേശം നല്‍കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കോളേജിന് പുതിയ കെട്ടിടം എവിടെ നിര്‍മിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിര്‍മാണ നിരോധനമുള്ളതിനാല്‍ മൂന്നാറില്‍ കെട്ടിടം നിര്‍മിക്കുന്നതിന് നിയമപരമായി തടസമുണ്ട്.
എ.കെ. മണി എംഎല്‍എയായിരുന്ന കാലത്താണ് മൂന്നാറില്‍ ഗവ. കോളേജ് അനുവദിച്ചത്. എസ്. രാജേന്ദ്രന് എംഎല്‍എയുടെ കാലയളവില്‍ വിവിധ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പ്രളയകാലത്ത് കെട്ടിടം തകര്‍ന്നതോടെ ക്ലാസുകള്‍ മൂന്നാര്‍ എന്‍ജിനിയറിംഗ് കോളേജിന്റെ താത്കാലിക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇവിടത്തെ തീര്‍ത്തും പരിമിതമായ സാഹചര്യത്തിലായിരുന്നു കുട്ടികളുടെ പഠനം നടന്നിരുന്നത്. കോളേജ് കെട്ടിടം ഇല്ലാതാകുന്നതോടെ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: