മറയൂര്‍: കാന്തല്ലൂരിലെ തോട്ടങ്ങളില്‍ ആപ്പിള്‍ വിളവെടുപ്പിന് പാകമായി. കേരളത്തിലെ ഏക ആപ്പിള്‍ വിളയുന്ന സ്ഥലം കൂടിയാണ് കാന്തല്ലൂര്‍. വ്യാവസായിക അടിസ്ഥാനത്തില്‍ എന്നതില്‍ ഉപരിയായി വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ടാണ് കര്‍ഷകര്‍ക്ക് ആപ്പിള്‍ തോട്ടങ്ങളില്‍ നിന്ന് വരുമാനം ലഭിക്കുന്നത്.
ആപ്പിള്‍ തോട്ടങ്ങള്‍ കാണുന്നതിനെത്തുന്ന സഞ്ചാരികള്‍ വഴിയാണ് ഇവര്‍ക്ക് ഏറ്റവും അധികം വരുമാനം ലഭിച്ചിരുന്നത്. കാന്തല്ലൂരിലെ ഹരിതാഭക്ക് മേലെ ചുവന്ന് തുടുത്ത ആപ്പിള്‍ പഴങ്ങള്‍ പാകമാകുന്ന കാലം വിനോദ സഞ്ചാരികള്‍ ഏറെ എത്താറുണ്ട്. കഴിഞ്ഞ സീസണിലും ഈ സീസണിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് കര്‍ഷകര്‍ക്കും വിനോദ സഞ്ചാര മേഖലക്കും വലിയ തിരിച്ചടിയാണ്.
കൊടൈക്കനാലില്‍ നിന്നും ഹിമാചലില്‍ നിന്നും എത്തിച്ച റോയല്‍ ഡലീഷ്യസ്, ഗ്യാനിസ്മിത്ത്, ഗ്യാനിഗോള്‍ഡ് എന്നീ ഇനങ്ങളില്പെട്ട് ആപ്പിള്‍ മരങ്ങളാണ് കാന്തല്ലൂരില്‍ വളരുന്നത്. ഒരു ആപ്പിള്‍ മരത്തില്‍ നിന്നും ശരാശരി 40 കിലോഗ്രാമിലധികം വിളവ് ലഭിക്കും. പച്ച നിറത്തിലുള്ള ഗ്രീന്‍ ആപ്പിള്‍ കൃഷിയും കാന്തല്ലൂരിലുണ്ട്. പെരുമല, പുത്തൂര്‍, തലചോര്‍ കടവ്, കുളച്ചിവയല്‍ എന്നിവിടങ്ങളിലാണ് ആപ്പില്‍ കൃഷി ഏറ്റവും അധികമുള്ളത്.
കാന്തല്ലൂരില്‍ വീട്ടുവളപ്പില്‍ കൗതുകത്തിന് ഒരു മരം മുതല്‍ മൂന്ന് ഏക്കര്‍ വരെ ആപ്പിള്‍ കൃഷിചെയ്യുന്ന കര്‍ഷരുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കാന്തല്ലൂരില്‍ ആപ്പിള്‍ മരങ്ങള്‍ പൂവിടുന്നത് കായ്കള്‍ വിളഞ്ഞ് കഴിക്കാന്‍ പാകമാകുന്നത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ്.
ജൂലൈ മധ്യത്തോടെ പഴങ്ങള്‍ മാര്‍ക്കറ്റിലേക്ക് അയക്കമെങ്കിലും അതിന് തയ്യാറാവാതെ ഓണക്കാലം വരെ പഴങ്ങള്‍ മരങ്ങളില്‍ തന്നെ നിലനിര്‍ത്തുകയാണ് തോട്ടം ഉടമകള്‍ ചെയ്യുന്നത്. കച്ചവടക്കാര്‍ക്ക് നല്കുന്നതിലുപരിയായി വിനോദ സഞ്ചാരികള്‍ മോഹവില നല്ക്കുന്നതാണ് കര്‍ഷകര്‍ക്ക് ലാഭകരം.
ടൂറിസം അനുബന്ധ വ്യവസായങ്ങള്‍ക്ക് ചെറിയ ഒരു ഉണര്‍വെങ്കിലും കാന്തല്ലൂരിലെ ആപ്പിള്‍കാലം നല്‍കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: