ഭാരതീയ സങ്കല്പമനുസരിച്ച് ദൈവങ്ങള്‍ മുപ്പത്തിമുക്കോടിയാണ്. അതിലൊന്നുകൂടി ചേര്‍ക്കുന്നതില്‍ ഹിന്ദുക്കള്‍ക്കാര്‍ക്കും അമര്‍ഷമോ അപ്രിയമോ തോന്നാനിടയില്ല. ദേവന്മാര്ക്ക് എത്രയെത്ര ഭാവങ്ങള്‍, എത്രയെത്ര രൂപങ്ങള്‍. ആണായും പെണ്ണായും പാമ്പായും പല്ലിയായുമൊക്കെ ദൈവ സങ്കല്പമുണ്ടല്ലോ.
പരമശിവന്റെ കഴുത്തില്‍ പാമ്പുണ്ട്. ഏതെങ്കിലും പരുന്തോ കീരിയോ കാക്കയോ ശിവന്റെ കഴുത്തിലെ പാമ്പിനെ കണ്ണുവയ്ക്കുമോ? പിണറായിയിലെ ദൈവം പരമശിവനല്ലെന്ന് ആരും പറഞ്ഞിട്ടില്ല. ആ ശിവന്റെ കഴുത്തിനെ ചുറ്റിയ പാമ്പ് ശിവന്‍കുട്ടിയല്ലെന്ന് പറയാന്‍ ആര്‍ക്കുണ്ട് ധൈര്യം! അങ്ങിനെയുള്ള പാമ്പിനെ തൊടാന്‍ വരുന്നവര്‍ക്ക് മുന്നില്‍ ഇട്ടുകൊടുക്കാന്‍ പറ്റുമോ? അതുതന്നെയാണ് നിയമസഭയ്ക്കകത്തും പുറത്തും കാണുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും കടുത്ത പോരിലാണെന്ന മട്ടിലാണ് പെരുമാറ്റം. അതെല്ലാം അണികളെയും ജനങ്ങളെയും കബളിപ്പിക്കാനുള്ള അടവുമാത്രമെന്ന് കാണാന്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം ബോധ്യമാകും.
മന്ത്രി ശിവന്‍കുട്ടിക്കെതിരായ കോണ്‍ഗ്രസ് നീക്കത്തിന് യുഡിഎഫിലെ എആര്‍ നഗറിലെ ബാങ്ക് തട്ടിപ്പ് സര്‍പ്പം പോലെ മുന്നില്‍ നില്ക്കുന്നു. കരുവന്നൂരില്‍ പ്രതികള്‍ സിപിഎമ്മുകാരാണെങ്കില്‍ എ.ആര്. നഗറില്‍ ഭരണനേതൃത്വം ലീഗിനും.
ശിവന്‍കുട്ടിയുടെ പേരില്‍ സഭ ബഹിഷ്കരിച്ചിറങ്ങിയാല് ചോദ്യവും വേണ്ട മറുപടിയും വേണ്ട. മുഖ്യമന്ത്രിയും പ്രതിപക്ഷവും ചേര്‍ന്നൊരുക്കിയ നാടകം. അതില്‍ സ്റ്റണ്ടുണ്ട്. ഡയലോഗുണ്ട്. നന്നായി എന്ന് ആരാധകര്‍ പറയുമ്പോഴും ഇതെല്ലാം മായക്കാഴ്ചയെന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.
കെ.എം.മാണി വിഷയമായിരുന്നല്ലോ നിയമസഭയിലെ പ്രശ്നം. പ്രതിപക്ഷ നേതാവിന്റെ വാക്കുകേട്ട് വികാരം കൊള്ളാനും രോമാഞ്ചം പ്രകടിപ്പിക്കാനും എല്ലാ കോണ്‍ഗ്രസുകാര്‍ പോലുമില്ല. സഭയിലെ നിലപാട് പരിശോധിച്ചാല്‍ ലീഗിന് തീരെ ആവേശമില്ല. ഞങ്ങള്‍ സര്‍ക്കാറിനെ കണ്ണുമടച്ച് എതിര്‍ക്കുമെന്ന് പരസ്യമായി പറയാന്‍പോലും അവരില്ല. കേരളീയരുടെയാകെ പണവും പ്രാണനും അപകടപ്പെടുത്തുന്നതില്‍ ഇരുപക്ഷവും സ്വീകരിക്കുന്നത് ഒരേ നിലപാടാണ്.
ദിവസങ്ങളായി സഹകരണകൊള്ളയെക്കുറിച്ച് മിണ്ടാട്ടമില്ല. കരുവന്നൂരിലെ പ്രശ്നം ഉയര്‍ത്താന്‍ പ്രതിപക്ഷം ശ്രമിക്കുമ്പോള്‍ മലപ്പുറം എആര്‍ നഗര്‍ ബാങ്ക് ഭരണപക്ഷം പുറത്തെടുക്കും. കെഎം മാണി കടുത്ത വിശ്വാസിയാണ്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പതിമൂന്നാം നമ്പര്‍ അപകടം വരുത്തുമെന്ന ധാരണയിലുമാണ്. ഹോട്ടലുകളില്‍ പോലും 13 നെ കാണാന്‍ കിട്ടാറില്ല. 12 എ ആയി മാറിയേക്കും. കാര്‍ നമ്പര്‍ 13 വന്നാല്‍ ചിലര്‍ സ്വീകരിക്കില്ല. നമ്മുടെ ഹൈക്കോടതിയില്‍ 13-ാം നമ്പര്‍ റൂം ഇല്ലാത്തത് ഇടയ്ക്ക് വിവാദമായിരുന്നു. കേരള നിയമസഭയില്‍ വിശ്വസികളേക്കാള് അവിശ്വാസികളുണ്ടായിരുന്നപ്പോഴും എംഎല്‍എ ഹോസ്റ്റലില്‍ 13-ാം നമ്പര്‍ റൂം ഉണ്ടായിരുന്നില്ല. ഏതിലും വാര്‍ത്താമൂല്യം കാണുന്ന എം.എ. ബേബി 13 ചോദിച്ചുവാങ്ങി വാര്‍ത്തയുണ്ടാക്കി.
അതിനുശേഷം ബേബി എവിടെയും ജയിച്ചിട്ടില്ല. വാഹനങ്ങളുടെ രജിസ്റ്റര്‍ രേഖപ്പെടുത്താന്‍ കെഎല്‍-01 മുതല്‍ തുടങ്ങി കെഎല്‍-13 എന്നത് കണ്ണൂര്‍ക്കാര്‍ക്ക് പ്രശ്നമാണെന്ന വാദം നിയമസഭയില്‍ ഉന്നയിച്ചത് കോടിയേരി ബാലകൃഷ്ണനായിരുന്നു. അത് പക്ഷേ ഏറെ ചര്‍ച്ചചെയ്യപ്പെട്ടില്ല. കെ.എം. മാണിക്ക് 13 നോട് താല്‍പര്യമെന്തെങ്കിലുമുണ്ടോ? ഉണ്ടാകാന്‍ തരമില്ല. എന്നിട്ടും നവംബര്‍ 13 നാണ് കെ.എം.മാണി ക്ലിഫ്ഹൗസ് കോമ്പൗണ്ടിലെ ‘പ്രശാന്തി’യുടെ പടിയിറങ്ങിയത്.
മാണിയെ സംബന്ധിച്ചിടത്തോളം ഒരു ദുഃഖവെള്ളി. 13 തവണ ബജറ്റവതരിപ്പിച്ച് കോടികള്‍കൊണ്ട് അമ്മാനമാടിയ മാണി ‘കാല് കോടി’യില്‍ തടഞ്ഞാണ് മന്ത്രിപ്പണിയില്‍നിന്നും തെന്നിവീണത്. മാണിയുടെ 13-ാമത്തെ ബജറ്റ് അവതരണമാണ് കയ്യാങ്കളിയിലും കൈയ്യേറ്റത്തിലും കലാശിച്ചത്. മാണി 13-ാം നിയമസഭയില്‍ നിന്നാണ് ഒടുവില്‍ പടി ഇറങ്ങിയത്. 50 വര്‍ഷം എംഎല്‍എ. 23 വര്‍ഷം മന്ത്രി. മറ്റാര്‍ക്ക് കിട്ടി ഈ സൗഭാഗ്യം? പറഞ്ഞിട്ടെന്ത് ഫലം? മാണിയുടെ വിശ്വാസം ”വീഴ്ത്തിയവന് തന്നെ വാഴ്ത്തുമെന്നാണ്.” ‘നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ’ എന്നാണല്ലോ വലിയവന്റെ വചനം. വൈകിയാണ് രാജ്യത്തെ ധനകാര്യമന്ത്രിമാരുടെ അധ്യക്ഷനായത്. ഇതൊക്കെയാകുമോ തന്നോട് പലര്‍ക്കും അസൂയയാണെന്ന് മാണി നിരീക്ഷിച്ചത്? ബാര്‍കോഴ കേസില്‍ കോടതിയുടെ പ്രഹരമേറ്റ് ഗത്യന്തരമില്ലാതായപ്പോഴാണ് മാണിക്ക് രാജിവയ്ക്കേണ്ടിവന്നത്. മാണി അഴിമതിക്കാരനേ അല്ലെന്നാണ് മറുപക്ഷം ഇന്ന് ആണയിടുന്നത്. അതെന്തായാലും പൊതുജനങ്ങള്‍ സീസറുടെ ഭാര്യയെ സംശയിച്ചതാണ്. സ്വന്തം തട്ടകമായ പാലായിലേക്കുള്ള യാത്ര പട്ടത്തുനിന്ന് തുടങ്ങുകയും ‘പട്ടം മുതല്‍ പാലാവരെ’ എന്ന പേരിട്ടതും മറക്കാറിയിട്ടില്ല. ‘പട്ടം മുതല്‍ പനമ്പള്ളി വരെ’ എന്ന പേരിലൊരു പുസ്തകമേ നേരത്തെ ഉണ്ടായിരുന്നുള്ളൂ, സി. നാരായണപിള്ളയുടേത്. മാണിയുടെ യാത്രക്ക് തുടക്കം പട്ടം തെരഞ്ഞെടുത്ത് യാദൃച്ഛികമാകാം. എന്നാലും അതിനൊരു ചേര്‍ച്ചയുണ്ട്. പട്ടത്തിനും മാണിക്കും പണി കൊടുത്തത് ഒരേ കക്ഷിയാണല്ലൊ. പട്ട (താണുപിള്ള)വും കെ.എം.മാണിയും തമ്മില്‍ ഒട്ടേറെ സാമ്യങ്ങളുണ്ട്. പക്ഷേ പട്ടത്തിനു ലഭിച്ച മുഖ്യമന്ത്രിപ്പട്ടം കിട്ടാനുള്ള മോഹത്തിനിടയിലാണ് മാണിക്ക് അടിപതറിയതെന്നതാണ് കഷ്ടം.
പട്ടത്തിന്റെ പാര്‍ട്ടി പലതായി ചെറുതായി ഇല്ലാതായി. മാണിയുടെ പാര്‍ട്ടി പലതായി ചെറുതായെന്നാരും സമ്മതിച്ചുതരില്ലെങ്കിലും ഒരു താങ്ങില്ലാതെ നിലനില്പില്ലാത്ത അവസ്ഥയിലാണ് എല്ലാവരും. വലതുമുന്നണിയില്‍നിന്ന് വീര്‍പ്പുമുട്ടുന്ന മാണിയെ ഓര്‍ത്ത് സങ്കടപ്പെട്ടത് ഇടതുമുന്നണിയിലെ ചിലരായിരുന്നു എന്നത് ഇന്നൊരു രഹസ്യമേ അല്ല. മാണിയെ മാടിവിളിച്ചു, വരൂ മുഖ്യമന്ത്രിയാക്കാം. ഇടനിലക്കാരനായ പി.സി.ജോര്‍ജ് തന്നെ ഇപ്പോഴത് തുറന്നുപറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പദം പലതവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായ മാണി ‘വേണ്ടണം’ എന്ന നിലപാടിലെത്തിയപ്പോഴാണ് ഈ ‘പംക്തി’യില്‍ മാണി വലത് മുന്നണിയില്‍നിന്നാലും ഇടത് മുന്നണിയില്‍ ചെന്നാലും മുഖ്യമന്ത്രിയാകാനാകില്ലെന്ന് നിരീക്ഷിച്ചത്. എന്തായാലും മാണി ഓര്‍മ്മയായി. മാണിയുടെ പാര്‍ട്ടി ചെറുതായി. മുന്നണിയും മാറി. അതിനെതിരെ രംഗത്തുവരാന്‍ സിപിഐയെ പ്രേരിപ്പിച്ചത് ഇടതുമുന്നണിയിലെ ചെറുകക്ഷിയാകുമോ എന്ന പേടികൊണ്ടായിരുന്നു. സിപിഐ നേതാവ് മുഖ്യമന്ത്രിയായ ഓര്‍മ്മയും പേറി നടക്കുന്ന സിപിഐ ഗതിപിടിക്കാന്‍ രാമനാമ ജപവുമായാണ്. ഈ കര്‍ക്കടകത്തില്‍ അവര്‍ രാമകഥ പാടി ആശ്വസിക്കുകയാണ്. എംഎന്‍ സ്മാരകത്തില്‍ ലെനിന്റെ ചിത്രം നീക്കി ശ്രീരാമ ചിത്രവും ചരിത്രവും ഏത് നിമിഷവും പ്രത്യക്ഷപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: