ബെംഗളൂരു: രണ്ട് ദിവസത്തെ ദല്‍ഹി സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മറ്റ് കേന്ദ്ര മന്ത്രിമാരുമായും കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ ബൊമ്മൈ സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. കര്‍ണാടകത്തിന്റെ എല്ലാ വികസനപ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനമന്ത്രി പൂര്‍ണ്ണ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ തുടങ്ങിയവരുമായും ബൊമ്മൈ കൂടിക്കാഴ്ച്ച നടത്തി.
ബൊമ്മൈയും അമിതഷായും കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ബൊമ്മെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമിത് ഷാ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ടുവെന്നും കര്‍ണാടകത്തെ വികസനത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നതില്‍ അദ്ദേഹത്തിനും സംഘത്തിനും എന്റെ ആശംസകള്‍ നേരുന്നതായും ട്വിറ്ററില്‍ കുറിച്ചു.
രാവിലെ ദല്‍ഹിയിലെത്തിയ ബൊമ്മൈ ആദ്യമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മില്‍ സംസ്ഥാനത്തെ വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചയ്ക്ക് ശേഷം രാജ്നാഥ് സിങ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തിയെന്നും, അദ്ദേഹം കര്‍ണാടകത്തില്‍ മികച്ച ഭരണം കാഴ്ച്ച വയ്ക്കുമെന്നും, വിജയകരമായ ഭരണത്തിനായി അദ്ദേഹത്തോട് എന്റെ ആശംസകള്‍ അറിയിച്ചുവെന്നും ട്വീറ്ററില്‍ കുറിച്ചു.
ശേഷം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരെയും ബൊമ്മൈ കണ്ടു. കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പാര്‍ലമെന്റ് ഓഫീസ് സന്ദര്‍ശിച്ചുവെന്നും, അദ്ദേഹത്തിന് ലഡ്ഡു നല്കിയ ശേഷം ആശംസകള്‍ നേര്‍ന്നുവെന്നും, പിന്നീട് സ്പീക്കറെ കാണാന്‍ അദ്ദേഹത്തെ കൊണ്ടുപോയെന്നും പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തു. ശേഷം, ബൊമ്മയും ഗജേന്ദ്ര സിംഗ് ഷെഖാവത്തും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ഇരുവരും കര്‍ണാടകവുമായി ബന്ധപ്പെട്ട വിവിധ ജല പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇതാദ്യമായാണ് ബൊമ്മൈ ദല്‍ഹി സന്ദര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: