ഇടുക്കി: സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മറികടന്ന് ജില്ലയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍(ബിഎഫ്ഒ)മാര്‍ക്ക് സ്ഥലമാറ്റം നല്‍കുന്നതായി പരാതി. റേഞ്ച് ഓഫീസറുടെ അധികാരത്തില്‍ അടക്കം കടന്നുകയറിയാണ് ഇത്തരത്തില്‍ കഴിഞ്ഞ ദിവസം രണ്ട് ഉദ്യോഗസ്ഥര്‍ക്ക് നിയമന അധികാരി സ്ഥലമാറ്റം നല്‍കിയത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റിലും വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് സ്ഥലമാറ്റത്തിന് അനുമതിയുള്ളത്. ഇതിന്റെ ഭാഗമായി ആദ്യം കരട് ട്രാന്‍സ്ഫര്‍ ഉത്തരവ് ഇറങ്ങും. ഇതില്‍ ആക്ഷേപമുള്ളവര്‍ക്ക് നിയമനാധികാരിക്ക് പരാതി നല്‍കാം. അതിന് ശേഷമാകും പ്രധാന ഉത്തരവ് ഇറങ്ങുക.
ഇത്തരത്തില്‍ ഹൈറേഞ്ച് സര്‍ക്കിളില്‍പ്പെട്ട ജില്ലയിലെ മുഴുവന്‍ വനംവകുപ്പ് ഡിവിഷനുകളിലും ഫ്ളൈയിങ് സ്ക്വാഡ് പോലുള്ള ഇതര ഓഫീസുകളിലും വന്യജീവി വകുപ്പിലും ബിഎഫ്ഒമാരുടെ സ്ഥലമാറ്റത്തിന് അധികാരമുള്ളത് മൂന്നാര്‍ ഡിഎഫ്ഒയ്ക്ക് ആണ്. ഇദ്ദേഹം ഈ മാസം രണ്ടിന് ആണ് സ്ഥലമാറ്റത്തിന്റെ ആദ്യ കരട് പുറത്തിറക്കിയത്. പിന്നാലെ 14ന് 138 പേരുടെ സ്ഥലമാറ്റം സംബന്ധിച്ച അവസാന ഉത്തരവും പുറത്തിറക്കി. പിന്നാലെയാണ് കഴിഞ്ഞ ദിവസം രഹസ്യമായി സ്ഥലമാറ്റം നടന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന ആക്ഷേപവും ശക്തമാണ്. അടിമാലി റേഞ്ചിലെ മുക്കുടം സെക്ഷനിലെ ഉദ്യോഗസ്ഥനെ ദേവികുളത്തെ ഉടുമ്പന്‍ചോല സെക്ഷനിലേക്ക് ആണ് മാറ്റിയത്. കുമളിയില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റമുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ദേവികുളത്തെ ഉടുമ്പന്‍ചോല സെക്ഷനിലേക്കുമാണ് മാറ്റിയത്.
അതേ സമയം ഡിഎഫ്ഒ നാളെ വിരമിക്കാനിരിക്കെ നടത്തുന്ന സ്ഥലമാറ്റത്തിനെതിരെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം ഉയരുന്നതായാണ് ലഭിക്കുന്ന വിവരം. അതേ സമയം ഡിഎഫ്ഒ റേഞ്ചിലേക്കാണ് മാറ്റുന്നതിന് അധികാരമുള്ള്. റേഞ്ച് ഓഫീസറാണ് ഏത് സ്റ്റേഷന്/ സെക്ഷനുകളിലേക്ക് ഇദ്ദേഹത്തെ നിയമിക്കുന്നതെന്ന് തീരുമാനിക്കുന്നത്.
എന്നാല്‍ ഇതെല്ലാം മറികടന്ന് നേരിട്ട് സെക്ഷനിലേക്ക് നിയമിക്കുകയാണ് നടന്നിരിക്കുന്നത്. ഉത്തരവിന്റെ വിശാദാംശങ്ങള്‍ പുറത്ത് വിട്ടിട്ടുമില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലമാറി പുതിയയിടത്ത് ജോയിന്‍ ചെയ്തപ്പോഴാണ് മറ്റുള്ളവര്‍ പോലും ഇക്കാര്യം അറിയുന്നത്. സാധാരണയായി നടക്കുന്ന സ്ഥലമാറ്റങ്ങളുടെ ഉത്തരവ് പരസ്യപ്പെടുത്തേണ്ടതാണെങ്കിലും ഇതിനും മേലുദ്യോഗസ്ഥര്‍ തയ്യാറിയിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. അതേ സമയം ഡിഎഫ്ഒയ്ക്ക് അവശ്യ ഘട്ടങ്ങളില്‍ ഒരാളെ സ്ഥലം മാറ്റുന്നതിന് അധികാരമുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: