തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്ററായിരുന്ന എം.സി. അജിത്തിനെ മാറ്റി. മൂന്നംഗ സമിതിക്കാണ് പകരം ചുമതല. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കേസുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണസമതിയെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
അതിനുപിന്നാലയാണ് ഇപ്പോള്‍ അഡ്മിനിസ്ട്രേറ്ററെ മാറ്റിയിരിക്കുന്നത്. എന്നാല്‍ ബാങ്കിന്റെ ഭരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് ഈ നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മാനേജര്‍ ഉള്‍പ്പടെ നാല് പ്രതികളെ അടുത്തിടെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ ഫളാറ്റില്‍ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പ്രതികളാരും കസ്റ്റഡിയില്‍ ഇല്ലെന്നാണ് കസ്റ്റംസ് വിശദീകരണം നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രതികളെ സംരക്ഷിക്കുന്നതിനായി സിപിഎം ഇടപെടലുകള്‍ നടന്നതായും ആരോപണമുണ്ട്.
സിപിഎം ഒത്താശയോടെ പോലീസ് കേസ് അട്ടിമറിക്കുകയാണെന്ന് ബിജെപിയും കോണ്‍ഗ്രസ്സും ആരോപിച്ചു. എന്നാല്‍ കേസിന്റെ ഭാഗമായി അന്വേഷണ സംഘം ബാങ്ക് രേഖകള്‍ പരിശോധിച്ചു വരികയാണ്. അതിനു ശേഷമേ അറസ്റ്റിലേക്ക് നീങ്ങൂവെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: