മട്ടാഞ്ചേരി: കൊച്ചിയുടെ വിനോദാകര്ഷണങ്ങളില് വിശേഷമാണ് കടപ്പുറങ്ങള്‍. തെക്ക് അര്‍ത്തുങ്കല്‍ മുതല്‍ വടക്ക് മുനമ്പംവരെയുള്ള തീരദേശത്ത് പത്തോളം കടപ്പുറങ്ങളുണ്ടായിരുന്നു. ഇവ ചരിത്രപരവും വിനോദ സഞ്ചാരവുമായി ഏറെ ശ്രദ്ധേയമാണ്. എന്നാല്‍, കടല്‍കയറ്റം രൂക്ഷമായതോടെ കൊച്ചിയുടെ തീരങ്ങള്‍ മാഞ്ഞു. ഫോര്‍ട്ടുകൊച്ചി, കുഴുപ്പള്ളി, പുതുവൈപ്പ്, ചെറായി, ഞാറയ്ക്കല്‍ ആറാട്ടുവഴി, മുനമ്പം എന്നിവ നാട്ടുകാരുടെ ജനകീയ കൂട്ടായ്മയുടെ ഉല്ലാസ തീരങ്ങളായിരുന്നു. ഒഴിവു ദിനങ്ങളിലും പ്രഭാത-സന്ധ്യ വേളകളിലും നടത്തം, കടല്‍ക്കുളി, കായിക പരിശീലനങ്ങള്‍, മത്സരങ്ങള്‍, തുടങ്ങിയവയുടെ വേദികളും കേന്ദ്രങ്ങളുമായിരുന്ന കടപ്പുറങ്ങളാണ് കടല്‍ കവരുന്നത്.
മണ്ണൊലിപ്പിനൊപ്പം തീരങ്ങളിലെ സൗന്ദര്യവല്‍കൃത വികസനങ്ങളെല്ലാം തകര്‍ത്തും കവര്‍ന്നെടുത്തുമുള്ള കടല്‍കയറ്റം ജനങ്ങളില്‍ ആശങ്കയ്ക്കൊപ്പം നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് വേദിയായ ഫോര്‍ട്ടുകൊച്ചി ബീച്ച് വിദേശ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ തീരങ്ങളിലൊന്നായിരുന്നു. തുറമുഖ നഗരിയുടെ വിളക്കു മാടം (ലൈറ്റ് ഹൗസ്) പുതുവെപ്പ് ബീച്ചിന്റെ ആകര്‍ഷണീയതയാണ്. പരന്ന് കിടക്കുന്ന മണലാരണ്യമാണ് ചെറായി ബീച്ചിന്റെ വിശേഷത. വികസനവും സൗന്ദര്യവല്ക്കരണവുമായി കോടികള്‍ മുടക്കിയ കൊച്ചിയുടെ തീരങ്ങള്‍ കടലേറ്റത്തില്‍ അന്യമാകുമ്പോള്‍ അതിനെ ശാസ്ത്രീയമായി പ്രതിരോധിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാത്ത ഭരണകൂടങ്ങള്‍ നാടിന്റെ ചരിത്ര വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് നാശത്തിലേയ്ക്ക് തള്ളിവിടുന്നതെന്ന് വിനോദ സഞ്ചാര ടൂര്‍ ഓപ്പറേറ്റര്മാര്പറയുന്നു.
ചെല്ലാനം കണ്ണമാലി, നായരമ്പലം, വൈപ്പിന്‍ തീരങ്ങള്‍ കടലേറ്റത്തില്‍ ഇല്ലാതായി കടല്‍ ജനവാസ മേഖലകളെ കവരുമ്പോഴും കടലേറ്റ പ്രതിരോധത്തില്‍ ഇരുട്ടില്‍ തപ്പുന്ന സര്‍ക്കാര്‍-ജില്ലാ ഭരണകൂടങ്ങള്‍ക്കെതിരെ ജനകീയ രോഷമുയരുകയാണ്. തീരം കവരുന്ന കടല്കയറ്റത്തിനെതിരെ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിനോദ സഞ്ചാര മേഖലയിലെ സംഘടനകളുമായി ചേര്‍ന്ന് സമരത്തിനൊരുങ്ങുകയാണ് ജനകീയ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: