ചാരുംമൂട്(ആലപ്പുഴ): സിപിഎം നിയന്ത്രണത്തിലുള്ള താമരക്കുളം കണ്ണനാകുഴി സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി. മുക്കാല്‍ക്കോടി രൂപയുടെ തിരിമറി കണ്ടു പിടിച്ചിട്ട് ഒന്നര വര്‍ഷമായിട്ടും ശിക്ഷാ നടപടി സ്വീകരിക്കാതെ ഭരണ സമിതി ഒത്തുകളിച്ചു. സംസ്ഥാന തലത്തില്‍ സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ കോടിക്കണക്കിനു രൂപയുടെ തിരിമറി പുറത്തു വരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ഭരണസമിതിയെ രക്ഷപ്പെടുത്താനാണ് നീക്കം.
ചാരുംമൂട് ശാഖയിലാണ് 73 ലക്ഷം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ സിപിഎമ്മുകാരായ മൂന്നു ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി പറയപ്പെടുന്നു. ഇവര്‍ക്കെതിരേ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചതായും ബാങ്കിന്റെ ചുമതല കഴിഞ്ഞ ദിവസം ഓണററി സെക്രട്ടറി ഏറ്റെടുത്തതായും അറിയുന്നു. 2020 ഫെബ്രുവരി 25നാണ് സ്വര്‍ണപ്പണയങ്ങളില്‍ 73 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയത്. ക്യാഷ് ബാലന്‍സ് ഇനത്തില്‍ 40 ലക്ഷം രൂപ കാണേണ്ടിടത്ത് 25 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയതോടെയാണ് അന്വേഷണം തുടങ്ങിയത്.
59 പായ്ക്കറ്റുകളിലായി സൂക്ഷിച്ചു വച്ചിരുന്ന സ്വര്‍ണപ്പണയങ്ങളില്‍ 73 ലക്ഷം രൂപയുടെ തിരിമറി നടത്തിയതായി പരിശോധനയില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ക്യാഷറായ ടി.സി.വിനോദിനെ ഭരണസമിതി സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് വിശദമായ പരിശോധനക്കു വേണ്ടി മാവേലിക്കര ബാറിലെ ഒരു അഭിഭാഷകനെ അന്വേഷണ കമ്മിഷനായി നിയമിച്ചു. കമ്മിഷന് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ക്യാഷ്യര്‍ ടി.സി.വിനോദ്, ശാഖാ മാനേജര്‍ എ.വിജയന്, സെക്രട്ടറി എന്‍.ശ്യാമള എന്നിവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തുകയായിരുന്നു.
ചാരുംമൂട് ശാഖ സെക്രട്ടറി ശ്യാമളയെ സീനിയര്‍ ക്ലാര്‍ക്കായും, മാനേജരായ വിജയനെ ജൂനിയര്‍ ക്ലാര്‍ക്കായും തരംതാഴ്ത്തി മുതിര്‍ന്ന സഖാക്കള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലാണിപ്പോള്‍. വിനോദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും താമരക്കുളം വടക്ക് ലോക്കല്‍ കമ്മിറ്റി അംഗമായ വിജയനേയും, കണ്ണനാകുഴി ഒന്നാം വാര്‍ഡ്-സി ബ്രാഞ്ചുകമ്മിറ്റി അംഗമായ ശ്യാമളയെയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതായി അവകാശപ്പെടുന്നു. സംസ്ഥാനത്തെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളില്‍ സംസ്ഥാന നേതൃത്വം തിരക്കിട്ട പരിശോധനകള്‍ നടത്തി വരുന്ന സാഹചര്യത്തിലാണ് താമരക്കുളം കണ്ണനാകുഴി സഹകരണ സംഘം ഭരിക്കുന്ന സിപിഎം ധൃതി പിടിച്ചുള്ള നടപടികളിലേക്ക് കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: