പ്രൊഫ. ഡി. അരവിന്ദാക്ഷന്
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഭരണഘടനാപരമായി ചുമതലപ്പെട്ട പോലീസിന്റെ തലപ്പത്ത് നിയമിക്കപ്പെടുന്ന ഡി.ജി. പി. സംസ്ഥാനത്തെ സുപ്രധാന തസ്തികയാണ്. സ്ഥാനമെഴിഞ്ഞ ഡിജി, പി. ലോകനാഥ ബഹ്റ സ്ഥാനമൊഴിയുന്നതിന് മൂന്ന് ദിവസം മുമ്പ് നടത്തിയ പ്രസ്താവന വളരെ ഗൗരവമേറിയതാണ്. കേരളത്തില്‍ ഭീകരവാദ റിക്രൂട്ട്മെന്റ് ഉണ്ടെന്ന വാര്‍ത്തയെ പിന്തുണച്ചാണ് അദ്ദേഹം സംസാരിച്ചത്. കേരളത്തില്‍ ഭീകരരുടെ സ്ലീപ്പിംഗ് സെല്‍ ഉണ്ടെന്നും അവരെ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തിനു ശേഷം അദ്ദേഹം ഈ പ്രസ്താവനയില്‍ വെള്ളം ചേര്‍ത്തു. ആദ്യ പ്രസ്താവനയെ നേര്പ്പിക്കാനുണ്ടായ കാരണം അദ്ദേഹം വിശദീകരിച്ചില്ല. രണ്ടാമത്തെ പ്രസ്താവനയില്‍ കേരളത്തില്‍ ലൗജിഹാദ് ഇല്ലെന്ന് ഡിജിപി പറഞ്ഞില്ല.
ഈ പ്രസ്താവന കേരളത്തിലെ പൊതു സമൂഹവും മാദ്ധ്യമങ്ങളും ചര്‍ച്ച ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ച് ഇടതു മുന്നണിയുടെയും വലതു മുന്നണിയുടെയും നേതാക്കന്മാര് ഒരക്ഷരം മിണ്ടിയില്ല. ഡി.ജി. പി. യുടെ ഈ പ്രസ്താവന ശരിയാണെന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് അഫ്ഗാനിസ്ഥാനിലെ ജയിലില്‍ നിന്നും പുറത്തുവന്നത്. കേരളത്തില്‍ നിന്ന് ഭര്ത്താക്കന്മാരോടൊപ്പം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ വിശുദ്ധയുദ്ധത്തിനുപോയ നാല് പെണ്‍കുട്ടികള്‍ ഭര്ത്താക്കന്മാര് കൊല്ലപ്പെട്ടപ്പോള്‍ സൈന്യത്തിന് കീഴടങ്ങി ജയിലില്‍ കിടക്കുന്ന വാര്‍ത്തകളാണ് പുറത്തു വന്നത്. 2001 മുതല്‍ കേരളത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ച് ധാരാളം യുവതീ യുവാക്കളെ കാണാതായതായി പോലീസ് രേഖകളില്‍ പറയുന്നു. ഇവരെ കണ്ടെത്താനുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പേരേയും നാളിതുവരെ
യും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗള്‍ഫ് നാടുകളില്‍ ജോലിക്കുപോയ പല യുവതീ-യുവാക്കളും തിരിച്ചുവന്നിട്ടില്ല. ഇതു സംബന്ധിച്ച കൃത്യമായ രേഖകള്‍ വിദേശകാര്യവകുപ്പിലും പോലീസിന്റെ പക്കലുമുണ്ട്.
ഇവരില്‍ പലരും തീവ്രവാദ സംഘടനകളില്‍ ചേര്‍ന്ന് സൈന്യവുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിരിക്കാം. തീവ്രവാദി ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിരിക്കാം. സ്ലീപ്പിംഗ് സെല്‍ ആരൊക്കെയാണെന്നോ എവിടെയൊക്കെയാണെന്നോ ഡിജിപി വ്യക്തമാക്കിയിരുന്നില്ല. സ്ലീപ്പിംഗ് സെല്‍ പ്രവര്‍ത്തിക്കാന്‍ ഇടയുള്ളത് സമൂഹത്തെ നിയന്ത്രിക്കാന്‍ സ്വാധീനമുള്ള മേഖലകളിലാണ്. അതായത് രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥ പ്രമുഖന്മാര്, പോലീസ് മേധാവികള്‍, വ്യാപാരി വ്യവസായികള്‍ തുടങ്ങിയവരിലാണ് ഈ സ്ലീപ്പിംഗ് സെല്‍ പ്രവര്‍ത്തിക്കാന്‍ സാദ്ധ്യതയുള്ളത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് മാഫിയാ സംഘങ്ങളാണ്. കേരളത്തിലെ മാഫിയാ സംഘങ്ങള്‍ മയക്കുമരുന്ന്, തീവ്രവാദം, ഹവാല, സ്വര്‍ണ്ണക്കടത്ത്, ഡോളര്‍കടത്ത് എന്നിവയിലൂടെയാണ് അനധികൃതമായി സമ്പത്തുണ്ടാക്കുന്നത്. ഈ പണം ഉപയോഗിച്ചാണ് കേരളത്തിലെ അധോലോക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ അധോലോക സംഘങ്ങളുടെ നേതൃത്വത്തില്‍ ധാരാളം ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് സി.പി.എം, കോണ്‍ഗ്രസ്സ്, ലീഗ് എന്നിവരുടെ പിന്തുണയുമുണ്ടെന്ന് ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ രാഷ്ട്രീയ ബന്ധങ്ങള്‍ തെളിയിക്കുന്നു.
2007-ല്‍ വിരമിച്ച ഒരു ഡി.ജിപി. പറഞ്ഞത് കേരളത്തില്‍ ഒന്നരലക്ഷം കോടിയുടെ മാഫിയാ പണം ഉണ്ടെന്നാണ്. ഈ പണത്തിന്റെ സ്വാധീനം എല്ലാ മേഖലയിലും ഉണ്ടെന്നും പോലീസിന് നീതിനിര്‍വ്വഹണം നടത്താന്‍ ഇതു തടസ്സമാണെന്നും അദ്ദേഹം പറയുകയുണ്ടായി. പിന്നീട് വിരമിച്ച രണ്ട് ഡി.ജി.പി. മാര്‍ ടി. പി. സെന്‍കുമാറും, ജേക്കബ് തോമസും ഇതുതന്നെയാണ് ആവര്‍ത്തിച്ചുപറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി 2015-ല്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇതു സംബന്ധിച്ച് സുപ്രധാന മുന്നറിയിപ്പു നല്കി. അന്ന് അദ്ദേഹം പറഞ്ഞത് കേരളം തീവ്രവാദികളുടെ പറുദീസയെന്നാണ്. എന്നാല്‍ 2015-ന് ശേഷം കേരളം ഭരിച്ച വര്‍ക്ക് ഈ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിഞ്ഞില്ല. ഇതിന്റെ തെളിവായിരുന്നു ബഹ്റയുടെ വെളിപ്പെടുത്തല്‍. സിപിഎമ്മിനും കോണ്‍ഗ്രസ്സിനും കേരളത്തിലെ എല്ലാസ്ഥലങ്ങളിലും കമ്മിറ്റികളും പ്രവര്‍ത്തനങ്ങളുമുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇവര്‍ അറിയാതെ കേരളത്തില്‍ യാതൊരു തീവ്രവാദ പ്രവര്‍ത്തനവും മാഫിയാ പ്രവര്‍ത്തനവും സാധ്യമല്ല.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി തടയുന്നതില്‍ ഇവര്‍ പരാജയപ്പെട്ടുവെന്നര്‍ത്ഥം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഡിജിപിമാരുടെ നിയമനത്തിന് പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചത്. യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഡിജിപിമാരെ നിശ്ചയിക്കുന്നത്. സംസ്ഥാന സര്‍ക്കാറുകള്‍ നല്കുന്ന പട്ടികയില്‍ നിന്ന്
യു.പി.എസ്.സി. ചെയര്‍മാനും, കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും അടങ്ങുന്ന സമിതി മൂന്ന് പേരുടെ ചുരുക്കപട്ടിക നിശ്ചയിച്ച് സംസ്ഥാനങ്ങള്‍ക്ക് ശുപാര്‍ശ നല്‍കും. പുതിയ ഡി,ജി.പി-യെ തെരഞ്ഞെടുക്കാന്‍ കേരള സര്‍ക്കാര്‍ 12 പേരുടെ പട്ടികയായിരുന്നു യു. പി.എസ്.സി.ക്ക് സമര്‍പ്പിച്ചത്. ഇതില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഉള്ള ഒന്നാം പേരുകാരന് സമ്മതപത്രം നല്‍കാത്തതു കൊണ്ട് കേരള സര്‍ക്കാരിന്റെ പട്ടികയില്‍ രണ്ടാമനായി സ്ഥാനം പിടിച്ചത് ടോമിന് തച്ചങ്കരിയാണ്. മുന്നാം സ്ഥാനത്ത് വന്നത് വിവാദത്തില്‍പ്പെട്ട ഡി. ജി. പി.കേഡറിലുള്ള സുബോദ് കുമാറായിരുന്നു. അഡീഷണല്‍ ഡി.ജി.പി. മാരായ ഡോ.ബി. സന്ധ്യ, അനില്‍ കാന്ത് തുടങ്ങിയവരായിരുന്നു പിന്നീടുള്ളത്. എന്നാല്‍ സിപിഎമ്മിന് താല്പര്യമുണ്ടെന്ന് പറയപ്പെടുന്ന തച്ചങ്കരി ഒഴിവാക്കപ്പെട്ടു.
ടോമിന് തച്ചങ്കരിയുടെ വിവാദമായ ഖത്തര്‍ സന്ദര്‍ശനത്തെകുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. തച്ചങ്കരി ഖത്തറില്‍ കൂടിക്കാഴ്ച നടത്തിയവരെകുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങളടങ്ങുന്ന രേഖകള്‍ സൂക്ഷിക്കുന്നത് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയമാണ്.
ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥരുടെ രഹസ്യബന്ധങ്ങള്‍, വിവാദസന്ദര്‍ശനങ്ങള്‍ എന്നിവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തിലെ മാഫിയാ സംഘങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉദ്യോഗസ്ഥമേധാവികളുടെയും പിന്തുണ ലഭിക്കുന്നു. സ്ത്രീ പീഡനത്തിനെതിരെ ഗവര്‍ണ്ണര്‍ക്ക് പോലും സത്യഗ്രഹം ഇരിക്കേണ്ട സാഹചര്യം കേരളത്തില്‍ ഉണ്ടായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: