ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ആചാരലംഘനത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ച അഡ്വ.രശ്മിത രാമചേന്ദ്രന് പിണറായി സര്‍ക്കാരിന്റെ ഹൈക്കോടതി അഭിഭാഷകയാകും. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവ് പുറത്തിറങ്ങിയതില്‍ ഗവണ്മെന്റ് പ്ലീഡര്‍ പട്ടികയിലാണ് രശ്മിത ഉള്ളത്. കുറച്ചു നാളുകളായി ചാനല്‍ ചര്‍ച്ചകളില്‍ പിണറായി സര്‍ക്കാരിനെ ന്യായീകരിച്ചു പങ്കെടുക്കുന്നതിലും രശ്മിത ഉള്‍പ്പെട്ടിരുന്നു. അതേസമയം, 53 സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്മാരില് രാജ്യസഭാ അംഗം ബിനോയ് വിശ്വത്തിന്റെ മകള്‍ സൂര്യ ബിനോയ്, സുപ്രീം കോടതി മുന്‍ ജഡ്ജിയും നിലവിലെ ലോകായുക്തയുമായ സിറിയക് ജോസഫിന്റെ സഹോദരി പുത്രി തുഷാര ജയിംസും ഉള്‍പെടും.
സുപ്രീം കോടതിയില്‍ സിപിഎം അഭിഭാഷക സംഘടനയ്ക്ക് വേണ്ടി ലോയ കേസ്, സെഡിഷന് കേസ്, ട്രിബ്യുണലുകളെ സംബന്ധിച്ച കേസ് .ഡിവൈഎഫ്ഐക്ക് വേണ്ടി റോഹിങ്ക്യ കേസ്, സിഐടിയുവിന് വേണ്ടി ഡല്‍ഹി മിനിമം വേജസ് കേസ്,കിസാന്‍ സഭയ്ക്ക് വേണ്ടി ആധാര്‍ കേസ്, മുഹമ്മദ് യുസഫ് തരിഗാമിക്ക് വേണ്ടി കശ്മീര്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് കേസ് എന്നിവ നടത്തിയത് രശ്മിത രാമചന്ദ്രന് ആയിരുന്നു. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന് വേണ്ടി വാക്സിനേഷന് കേസിലും, പെഗാസസ് കേസിലും, ലോക്സഭാ എം പി ആരിഫിന് വേണ്ടി എം പി ഫണ്ട് കേസ് ഫയല്‍ ചെയ്തതും രശ്മിത ആണ്.
ഇരുപത് സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍മാര്‍, 52 ഗവണ്മെന്റ് പ്ലീഡര്‍മാര്‍ എന്നിവരുടെ നിയമന ഉത്തരവാണ് പുറത്തിറങ്ങിയത്. ഒരു സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ സ്ഥാനം ഒഴിച്ചിട്ടുണ്ട്. ഇരുപത് സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്മാരില് അഞ്ച് പേര് വനിതകളാണ്. എം. ആര്. ശ്രീലത (ധനകാര്യം), ലത ടി തങ്കപ്പന് (എസ് സി / എസ് ടി), കെ ആര് ദീപ (തദ്ദേശ ഭരണം), അംബിക ദേവി (സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ അതിക്രമം തടയല്‍), എന്‍ സുധ ദേവി ( ഭൂമി ഏറ്റെടുക്കല്‍) എന്നിവരാണ് സ്പെഷ്യല്‍ ഗവര്‍ന്മെന്റ് പ്ലീഡര്‍മാരായ വനിതകള്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ അഭിഭാഷകനായി പരിഗണിക്കപ്പെടാതിരുന്ന ടി. ബി. ഹൂദ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറായി നിയമിതനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: