പത്തനാപുരം: കൊവിഡ് മഹാമാറിക്കിടയില്‍ പ്രതിസന്ധികളെ പ്രചോദനമാക്കിയ മൂന്ന് വിദ്യാര്‍ഥികള്‍ പത്തനാപുരത്ത് എത്തിച്ചത് വിജയത്തിന്റെ ട്രിപ്പിള്‍ മധുരം. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് 1200ല്‍ 1200 മാര്‍ക്കും നേടി മിന്നും വിജയം കരസ്ഥമാക്കിയത്.
കൂടല്‍ കൊച്ചുകളീയ്ക്കല്‍ സജിവര്ഗീസ്-റെയ്ച്ചല്‍ സാമുവേല്‍ ദമ്പതികളുടെ മകള്‍ സ്നേഹ .കെ സജി, ആവണീശ്വരം സ്മിതാ ഭവനില്‍ സ്മിതാമോളുടെ മകള്‍ സ്മൃതി .എസ് നായര്‍, കുന്നിക്കോട് വെള്ളാണി പാറയ്ക്കവിള വീട്ടില്‍ ബേബി-സുനിത ദമ്പതികളുടെ മകന് രോഹിത് ബേബി എന്നിവരാണ് ഗ്രേസ് മാര്‍ക്കിന്റെ പിന്‍ബലമില്ലാതെ മുഴുവന്‍ മാര്‍ക്കും നേടിയത്.
പ്രതിസന്ധി നിറഞ്ഞ പഠനകാലവും പരീക്ഷയെയും അതിജീവിച്ചാണ് മൂന്ന് മിടുക്കര്‍ മലയോരനാട്ടിലെ മികവാര്‍ന്ന വിജയത്തിന് കരുത്തേകിയത്. എംബിബിഎസ് കരസ്ഥമാക്കുകയെന്നതാണ് രോഹിത്തിന്റെ ലക്ഷ്യം. സിവില്‍ സര്‍വീസ് സ്വപ്നം കാണുന്ന സ്നേഹയ്ക്കും, ചാര്‍ട്ടേട് അക്കൗണ്ടന്റ് ആകണമെന്ന ആഗ്രഹം പുലര്‍ത്തുന്ന സ്മൃതിയും തങ്ങളുടെ ആദ്യചവിട്ടുപടിയായി ഈ വിജയത്തെ കാണുന്നു.
മികവാര്‍ന്ന വിജയം നേടിയ കുട്ടികളെ സ്കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ മാത്തന്, പ്രിന്‍സിപ്പാള്‍ പി.പി. ജോണ്സണ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എ.ബി. അന്‍സാര്‍, സുനറ്റ് .കെ.വൈ, ഗ്രാമപഞ്ചായത്തംഗം ഫാറൂഖ് മുഹമ്മദ്, പിടിഎ പ്രസിഡന്റ് ദിലീപ് കുമാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: