കണ്ണൂര്‍: ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചുള്ള ഉത്തരവിറങ്ങിയിട്ടും പരിഷ്‌കരിച്ച ശമ്പള വിതരണം മാസങ്ങള്‍ കഴിഞ്ഞിട്ടും ആരംഭിച്ചില്ല. വര്‍ഷങ്ങളായുള്ള പ്രക്ഷോഭത്തിന്റെ ഫലമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ പരിഷ്‌ക്കരിച്ചു കൊണ്ട് ഉത്തരവായത്.
2008 ലാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്. 2009ല്‍ ശമ്പള പരിഷ്‌ക്കരണവും നടപ്പിലാക്കിയെങ്കിലും പിന്നീട് നടപടികള്‍ ഒന്നുമുണ്ടായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് ശമ്പള പരിഷ്‌കരണ ശുപാര്‍ശ ബോര്‍ഡ് സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും ചുവപ്പ് നാടയില്‍ കുടുങ്ങുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ സംയുക്ത സമരസമിതിയായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘും (ബിഎംഎസ്) ഉള്‍പ്പെടെയുളള സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ ശമ്പളം പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
2019 ജനുവരി മുതല്‍ പ്രാബല്യത്തിലുള്ള ശമ്പള പരിഷ്‌ക്കരണ ഉത്തരവായിരുന്നു സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ഈ ഉത്തരവിന്‍ മേല്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ 5000ത്തോളം ക്ഷേത്ര ജീവനക്കാര്‍ക്ക് ഇപ്പോഴും 2009 ലെ ശമ്പളവും ആനുകൂല്യവുമാണ് ലഭിക്കുന്നത്. ശമ്പളം ഫിക്‌സ് ചെയ്യുന്ന കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള നടപടികള്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതാണ് പരിഷ്‌കരിച്ച ശമ്പള വിതരണത്തിന് തടസമാകുന്നതെന്ന് പറയപ്പെടുന്നു.
പഴയ ശമ്പള നിരക്കിലാണ് ക്ഷേത്ര ജീവനക്കാര്‍ക്ക് ക്ഷാമബത്തയും ലഭിച്ചു പോരുന്നത്. പന്ത്രണ്ട് വര്‍ഷം കഴിഞ്ഞ ശേഷമുള്ള പരിഷ്‌ക്കരണമായതിനാല്‍ പ്രീ റിവൈയ്‌സ്ഡ് സ്‌കെയില്‍ ക്ഷാമബത്ത തന്നെ അനുവദിക്കണമെന്ന് ക്ഷേത്ര ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു. ശമ്പളം,ആനുകൂല്യം എന്നിവ സംബന്ധിച്ചുള്ള അപാകതകള്‍ പരിഹരിക്കാന്‍ ക്ഷേത്രം ജീവനക്കാരുടെ അഭിപ്രായം തേടുന്നതിനായി ദേവസ്വം ബോര്‍ഡ് കഴിഞ്ഞ മാസം ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് മാറ്റി വെക്കുകയായിരുന്നു. കോവിഡ് രൂക്ഷമായതോടെ ക്ഷേത്രങ്ങള്‍ അടച്ചിടുന്നതും ആളുകള്‍ വരുന്നത് കുറഞ്ഞതും ജീവനക്കാര്‍ക്ക് ക്ഷേത്ര ഫണ്ടില്‍ നിന്നും നല്‍കുന്ന ചെറിയ ശമ്പളവും മുടങ്ങിയിരിക്കുകയാണ്.
പല ക്ഷേത്ര ജീവനക്കാര്‍ക്കും 2020ലെ ശമ്പളവും ക്ഷാമബത്തയും ഇനിയും പൂര്‍ണമായും കിട്ടിയിട്ടില്ല. പ്രഖ്യാപിച്ച ശബള പരിഷ്‌ക്കരണം ജീവനക്കാര്‍ ലഭ്യമാക്കാനാവശ്യമായ അടിയന്തര നടപടികള്‍ അധികൃതര്‍ കൈക്കൊളളണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തുല്യ ജോലിക്ക് തുല്യ വേതനം നൽകുക , പഴയ മദിരാശി നിയമം മാറ്റി കേരളത്തിന്റെതായ നിയമം ഉടൻ നടപ്പിലാക്കുക ,ഒത്ത് തീർപ്പ് വ്യവസ്ഥയിൽ നിന്നും സർക്കാറും ബോർഡും പിന്നോട്ട് പോകാതിരിക്കുക ,ഹൈക്കോടതി സ്വമേധയാ എടുത്ത് വിധിച്ച വിധി ഉടൻ നടപ്പിലാക്കുക, ശാന്തിയുടെയും സമാധാനത്തിന്റേയും കേന്ദ്രങ്ങളെ സമരഭൂമിയാക്കാതിരിക്കുവാൻ സർക്കാറും ബോർഡും വിവേകം കാണിക്കുക, സ്വകാര്യ ക്ഷേത്ര ജീവക്കാർക്കും ബോർഡ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥസർക്കാർ നടപ്പിലാക്കുക ,സർവ്വീസ് പെൻഷൻ നടപ്പിലാക്കുക, തെളിവെടുപ്പ്, ഹിത പരിശോദന ,കമ്മീഷൻ, സമവായം, പഠനം എന്നിങ്ങനെ പറഞ്ഞ് ശ്രദ്ധയോടെ അശ്രദ്ധ കാണിക്കുന്ന മാറി – മാറി വന്ന സർക്കാർ നയം അവസാനിപ്പിക്കുക, വർഷങ്ങളോളം ലഭിക്കാത്ത ക്ഷാമബത്ത, ഇൻക്രിമെന്റ്, ഗ്രേഡ് കുടിശ്ശിക ഉടൻ തന്നെ കൊടുത്തു തീർക്കുക, കുടിശ്ശിക സമ്പ്രദായം അവസാനിപ്പിച്ച് മാസാമാസ ശബളം ലഭിക്കുന്നതിന് നടപടി സ്വീകരിക്കുക, കഴിഞ്ഞ ഫിബ്രവരിയിൽ ഇറക്കിയ ശബള പരിഷ്കരണം ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചും മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് (ബിഎംഎസ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും.
നാളെ (29) ന് രാവിലെ 11 മണിക്ക് നടക്കുന്ന ധര്‍ണ്ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ.പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് സി.വി. തമ്പാന്‍, ജില്ലാ സെക്രട്ടറി എം. വേണുഗോപാല്‍ മറ്റ് യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. എംപ്ലോയീസ് സംഘ് അംഗങ്ങളും സമരത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡണ്ട് കെ.കെ. സുരേഷ് ബാബു, ജനറല്‍ സെക്രട്ടറി രാഹുല്‍ രഘുനാഥ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക