കൊച്ചി: ലക്ഷദ്വീപില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കുന്നതിന് ദ്വീപ്ഭരണകൂടം സ്വീകരിച്ച നടപടി ക്രമത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഇതിനുള്ള ശുപാര്‍ശകള്‍ പരിഗണിക്കാനായി കമ്മറ്റിയെ നിയമിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മുഹമ്മദ് സാലി സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലെ ആവശ്യങ്ങള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. കമ്മറ്റിയുടെ നടപടിക്രമവും അതിനാവശ്യമായ സമയവും അറിയിക്കാന്‍ കോടതി മുന്‍പ് നിര്‍ദ്ദേശിച്ചതനുസരിച്ച് ഇതു സംബന്ധിച്ച ഉത്തരവുകള്‍ ദ്വീപ്ഭരണകൂടത്തിന്റെ സീനിയര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എസ്. മനു ഹാജരാക്കിയിരുന്നു. ഇവ പരിഗണിച്ച കോടതി നടപടി ക്രമത്തില്‍ ഇടപെടാതെ ഹര്‍ജി തീര്‍പ്പാക്കി. ദ്വീപ് ഭരണ കൂടത്തിന്റെ ഉത്തരവുകള്‍ വിധിയില്‍ ഉദ്ധരിക്കുന്നുണ്ട്.
2020-21 വര്‍ഷത്തില്‍ മാത്രം 490 തവണ രോഗികള്‍ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്ന് ഭരണകൂടത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ 249 തവണ കൊച്ചിയിലാണ് രോഗികളെ എത്തിച്ചത്. ഒരു തവണ കൊച്ചിയില്‍ രോഗിയെ ഇങ്ങനെ എത്തിക്കാന്‍ ദ്വീപ് ഭരണകൂടത്തിന് എട്ടു ലക്ഷം മുതല്‍ 10 ലക്ഷം വരെ ചിലവ് വരുന്നുണ്ട്. ഈയിനത്തില്‍ വാര്‍ഷിക ചെലവ് അതി ഭീമമാണ്. ഇതിനു പുറമേ കേരളത്തിലെ ഒരു പ്രമുഖ ആശുപത്രിയുമായി ധാരണാപത്രമുണ്ടാക്കി സ്പെഷ്യലിസ്റ്റുകളുടെ സേവനം ദ്വീപുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. തൊണ്ണൂറോളം അലോപ്പതി ഡോക്ടര്‍മാര്‍ ഇപ്പോള്‍ ദ്വീപുകളിലെ സര്‍ക്കാര്‍ സംവിധാനത്തിലുണ്ട്. കോടികളുടെ ചെലവ് ഇതിനായും വഹിക്കുന്നുണ്ട്.
ചികിത്സ പൂര്‍ണ്ണമായും സൗജന്യവുമാണ്. അതു കൊണ്ട് ഹെലികോപ്റ്റര്‍ ഉപയോഗം സംബന്ധിച്ച ശുപാര്‍ശകള്‍ പരിശോധിക്കാന്‍ സമിതിയെ നിയമിച്ചതില്‍ തകരാറില്ലെന്ന നിലപാടാണ് ഭരണകൂടം കോടതിയില്‍ സ്വീകരിച്ചത്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അരമണിക്കൂറിനകം കമ്മറ്റി തീരുമാനമെടുത്ത് തുടര്‍ നടപടി സ്വീകരിക്കുമെന്നും കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ഹര്‍ജി തീര്‍പ്പാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: