ന്യൂദല്‍ഹി: ലോക്‌സഭയില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ അക്രമാസ്‌കതമായി പെരുമാറിയ കോണ്‍ഗ്രസിലെ 10 എംപിമാരെയും സിപിഎമ്മിന്റെ എ.എം. ആരിഫിനെയും സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ലോക്‌സഭയില്‍ പ്ലക്കാര്‍ഡുകള്‍ ചീന്തിയെറിഞ്ഞും പേപ്പറുകള്‍ വലിച്ചെറിഞ്ഞും അക്രമാസക്തമായി പെരുമാറിയ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ലോക്‌സഭയിലെ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെയാണ് ബിജെപി സര്‍ക്കാര്‍ നീങ്ങുന്നത്. കോണ്‍ഗ്രസ് എംപിമാരായ ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍, ഗുര്‍ജീത് സിംഗ് ഓജ്‌ല(പഞ്ചാബ്), മാണിക്കം ടാഗോര്‍(തമിഴ്നാട്), ദീപക് ബെയ്ജ്( ഛത്തീസ്ഗഡ്), ഡീന്‍ കുര്യാക്കോസ്, ജോതിമണി(തമിഴ്നാട്), സിപിഎമ്മിന്റെ എ.എം. ആരിഫ് എന്നിവര്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ ശിക്ഷാനടപടികള്‍ ആവശ്യപ്പെടുന്നത്. ഈ മണ്‍സൂണ്‍ സെഷനില്‍ മുഴുവനായി ഇവര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കണമെന്നാണവശ്യം. നേരത്തെ ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ കയ്യിലെ പേപ്പറുകള്‍ തട്ടിപ്പറിച്ച് ചീന്തിയെറിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശന്തനു സെന്നിനെ സഭയുടെ മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
ബുധനാഴ്ച പ്രതിപക്ഷ സഭാംഗങ്ങള്‍ സഭയുടെ വെല്ലില്‍ ഒന്നിച്ചെത്തി അക്രമാസക്തമായ രംഗങ്ങളാണ് സൃഷ്ടിച്ചത്. പെഗസസ് പ്രശ്‌നവും കര്‍ഷക പ്രശ്‌നവും ഉയര്‍ത്തി അവര്‍ മുദ്രാവാക്യം മുഴക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് 12.10നും 12.30നുമായി രണ്ട് മണിവരെ സഭ നിര്‍ത്തിവെച്ചു. പിന്നീട് 2.30ന് മൂന്നാമതും പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.
ഈ ബഹളങ്ങള്‍ അരങ്ങേറുമ്പോഴും സ്പീക്കര്‍ ഓം ബിര്‍ള ചോദ്യോത്തരവേള തുടര്‍ന്നു. മണ്‍സൂണ്‍ സെഷനില്‍ ജൂലായ് 19ന് സഭ ആരംഭിച്ചതിന് ശേഷം ബുധനാഴ്ചയാണ് ആദ്യമായി ചോദ്യോത്തര വേള പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ചോദ്യോത്തരവേള അവസാനിച്ചയുടന്‍ സ്പീക്കര്‍ ഓം ബിര്‍ള സഭയില്‍ നിന്നും പോയി. പകരം രാജേന്ദ്ര അഗര്‍വാള്‍ സ്പീക്കറുടെ ചുമതല ഏറ്റെടുത്തു.
പിന്നീട് കണ്ടത് സഭയുടെ അന്തസ്സ് കെടുത്തുന്ന പ്രവര്‍ത്തികളായിരുന്നു. സഭയുടെ മേശപ്പുറത്ത് വെച്ചുകൊണ്ടിരുന്ന പേപ്പറുകള്‍ കോണ്‍ഗ്രസ് അംഗങ്ങളായ ഗുര്‍ജീത് ഒജാല, ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവര്‍ വലിച്ചെറിഞ്ഞു. ചിലര്‍ പേപ്പറുകളും പ്ലാക്കാര്‍ഡുകളും സഭാധ്യക്ഷന് നേരെ വലിച്ചെറിഞ്ഞു. പ്ലക്കാര്‍ഡിന്റെ ഒരു കഷ്ണം സ്പീക്കറുടെ പോഡിയത്തിന് മുകളില്‍ പ്രസ് ഗാലറിയില്‍ വന്നുവീണു. എന്നെല്ലാം ഇതവഗണിച്ച് സ്പീക്കര്‍ അഗര്‍വാള്‍ സഭാനടപടികള്‍ തുടര്‍ന്നു.
വീണ്ടും കോണ്‍ഗ്രസ് അംഗങ്ങള്‍ സഭാധ്യക്ഷന് നേരെയും ട്രഷറി ബെഞ്ചിന് നേരെയും പേപ്പറുകള്‍ കീറി വലിച്ചെറിഞ്ഞുകൊണ്ടിരുന്നു. ഇതില്‍ ഒരു പേപ്പര്‍ വന്ന് വീണത് പാര്‍ലമെന്‍റ് കാര്യമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ സീറ്റില്‍. അക്രമത്തെ തുടര്‍ന്ന് 12.30ന് അധ്യക്ഷന്‍ സഭ നീട്ടിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: