കൊല്ലം: തെരുവ് വിളക്കിലും ആണ്ടാമുക്കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണത്തിലും ഇടതുമുന്നണിയില്‍ ഭിന്നത. തെരുവ് വിളക്ക് കത്താത്തതില്‍ കൗണ്‍സിലില്‍ രൂക്ഷമായ പ്രതിഷേധമാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയത്.
തെരുവ് വിളക്ക് മാറ്റി എല്‍ഇഡി സ്ഥാപിക്കുന്നതില്‍ ഇ-സ്മാര്‍ട്ട് എനര്‍ജി സോലുഷന് കമ്പനിയുമായി നല്കിയ കരാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന നിലപാടാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്നിവര്‍ എടുത്തത്. കരാര്‍ റദ്ദാക്കാനുള്ള തീരുമാനം എടുക്കണമെന്നും കരാര്‍ ഒപ്പിട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ മേയര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉദ്യോസ്ഥര്‍ പൂഴ്ത്തുകയാണെന്നും ആരോപണമുയര്‍ന്നു.
കോര്‍പ്പറേഷനു വന്‍ നഷ്ടമുണ്ടാകുന്ന പദ്ധതിയില്‍ നിന്നും പിന്മാറി സ്വന്തമായി എല്‍ഇഡി ലൈറ്റുകള്‍ വാങ്ങണമെന്നും ഇതിനായി ഏഴോ എട്ടോ കോടി രൂപ മാറ്റിവയ്ക്കണമെന്നും മുന്‍ മേയര്‍ ഹണി ബഞ്ചമിനും, ഡെപ്യൂട്ടി മേയര്‍ കെ. മധുവും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് അനുകൂലമായിട്ടല്ല മേയര്‍ പ്രതികരിച്ചത് നിലവില്‍ രണ്ട് സോണായി തിരിച്ച് തെരുവ് വിളക്ക് പരിപാലനത്തിനുള്ള കരാര്‍ നല്‍കിയിട്ടുണ്ട്. ഓരോ ഡിവിഷനിലും ചാര്‍ട്ട് തയ്യാറാക്കി ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും ഇതിന്റെ റിപ്പോര്‍ട്ട് എല്ലാ ദിവസവും നല്‍കണമെന്നും മേയര്‍ മറുപടി നല്കി.
ആണ്ടാമുക്കം ഷോപ്പിങ്ങ് കോംപ്ലക്സ് ആന്റ് ഫുഡ് കോര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ അംഗീകരിക്കുന്നതിനെതിരെ സിപിഐ കൗണ്‍സിലര്‍ ഹണി ബഞ്ചമിനാണ് രംഗത്ത് എത്തിയത്. കൊല്ലം ഡെവലപ്പ്മെന്റ് അതോറിറ്റി 2015ല്‍ ആരംഭിച്ച നിര്‍മാണത്തിന് 10 കോടി രൂപയുടെ അനുമതിയാണ് നല്‍കിയിരുന്നത്. പണി പൂര്‍ത്തിയാക്കാതെ കരാറുകാരന് എട്ട് കോടിയോളം രൂപ കൈപ്പറ്റിയിരുന്നു. 80 ലക്ഷം രൂപയാണ് അധികമായി നല്‍കിയത്.
പത്ത് കോടി രൂപയുടെ പദ്ധതി പതിനഞ്ച് കോടി രുപയുടെ പുനര്‍നിര്‍മ്മാണ കരാര്‍ നല്‍കുന്നത് പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ 8 കോടി രൂപ മുതല്‍ മുടക്കിയ പദ്ധതി മാറ്റിവയ്ക്കാന്‍ പറ്റില്ലെന്നും. ഭരണ പക്ഷത്ത് നിന്നും എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്ക് ശേഷം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പുതിയ അജണ്ടയായി ഉള്‍പ്പെടുത്തുമെന്നും മേയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: