ന്യൂദല്‍ഹി: രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകള്‍ കേരളത്തില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഈദ് ആഘോഷങ്ങള്‍ക്ക് വേണ്ടി മൂന്ന് ദിവസം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് കാരണമായെന്നും ബിജെപി കേന്ദ്രനേതൃത്വം.
കഴിഞ്ഞ ദിവസം 22,129 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ 50 ശതമാനമാണ്. ഇന്ത്യയില്‍ ബുധനാഴ്ച ആകെ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍ 43,654 ആണ്. രാജ്യമാകെ രണ്ടാം തരംഗത്തില്‍ നിന്നും മോചനം നേടിയിട്ടും കേരളം രണ്ടാം തരംഗത്തില്‍ പെട്ടുഴലുകയാണ്.
ഈദ് ആഘോഷത്തിന് മൂന്ന് ദിവസത്തെ ഇളവനുവദിച്ചതാണ് കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് ഒരു കാരണമെന്ന് ബിജെപി ഐടി ചീഫ് അമിത് മാളവ്യ കുറ്റപ്പെടുത്തി. മുസ്ലിങ്ങള്‍ക്ക് ആധിപത്യമുള്ള മലപ്പുറം ജില്ലയില്‍ മാത്രം 4,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈദിന് ഇളവ് നല്‍കുക വഴി സിപിഎം മതേതരത്വത്തെ നിശ്ശബ്ദമാക്കിയത് വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളമോഡലിനെ ശക്തമായി ബിജെപി വക്താവ് സമ്പിത് പത്ര വിമര്‍ശിച്ചു. ‘കോവിഡ് കേസുകള്‍ കൂടുന്നതിന് ഇപ്പോഴും കുംഭമേളയെയും കന്‍വാര്‍ യാത്രയെയും കുറ്റപ്പെടുത്തുകയാണ്. കേരളമോഡലോ?’- ട്വീറ്റില്‍ സമ്പിത് പത്ര ചോദിക്കുന്നു.
കോവിഡ് മാനേജ് ചെയ്യുന്ന കാര്യത്തില്‍ ഉണരാനായിരുന്നു പിണറായിക്ക് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് നല്കുന്ന ഉപദേശം.
ഇപ്പോഴും ഈദ് ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസം ഇളവനുവദിച്ച പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയരുകയാണ്. ജൂലായ് 18 മുതല്‍ 20 വരെ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ കേരളം തുറന്നിടുകയായിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) സുപ്രീംകോടതിയും ഈ തീരുമാനത്തിന്റെ പേരില്‍ കേരളത്തെ വിമര്‍ശിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമായ ഡി വിഭാഗത്തില്‍പ്പെട്ട ഇടങ്ങളില്‍ വരെ ഈദ് ആഘോഷങ്ങള്‍ക്ക് ഇളവനുവദിച്ചത് അനാവശ്യമാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.
സമ്മര്ദ്ദഗ്രൂപ്പുകള്ക്ക് വഴങ്ങിക്കൊടുക്കുക വഴി കോവിഡ് മഹാമാരിക്ക് ജനങ്ങളെ തുറന്നിട്ടുകൊടുത്തത് രാജ്യത്തിന്റെ ശോചനീയമായ സ്ഥിതിവിശേഷത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് അന്ന് സുപ്രീംകോടതി ബെഞ്ചിലെ ജസ്റ്റിസുമാരായ രോഹിന്‍ടണ്‍ നരിമാനും ബി.ആര്. ഗാവൈയും പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: