ഗുവാഹത്തി: ആസാം-മിസോറാം അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. കൂടുതല്‍ സിആര്‍പിഎഫ് സംഘത്തെ അതിര്‍ത്തിയില്‍ വിന്യസിച്ചു. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായും മിസോറാം മുഖ്യമന്ത്രി സോറംതങ്കയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി. ഇതോടെയാണ് സംഘര്‍ഷത്തിന് അയവുവരികയും മിസോറാം പോലീസിനെ ആസാം അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശത്തുനിന്നു പിന്‍വലിക്കുകയും ചെയ്തത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശത്തെ സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ മിസോറാം പോലീസിന്റെ വെടിയേറ്റ് ആറ് ആസാം പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് വലിയ കലാപത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് അമിത് ഷായുടെ ഇടപെടലിലൂടെ ഒഴിവായതും ഇരു സംസ്ഥാന അതിര്‍ത്തിയും ശാന്തമായതും. ആസാമിന്റെ ഒരുതുണ്ടു ഭൂമി പോലും വിട്ട് നല്‍കില്ലെന്നും ജനങ്ങള്‍ ജീവന് നല്കി ഭൂമി സംരക്ഷിച്ചതായും എന്തുവില കൊടുത്തും അതു തുടരുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഇന്നര്‍ ലൈന്‍ റിസര്‍വ് വനം
സംരക്ഷിക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനം നശിപ്പിച്ച് റോഡുകള്‍ നിര്‍മ്മിക്കാനുള്ള മിസോറാമിന്റെ നീക്കം അനുവദിക്കില്ലെന്നും ഹിമന്ത വ്യക്തമാക്കി. മിസോറാം അതിര്‍ത്തി മേഖലയില്‍ മൂന്ന് കമാന്‍ഡോ ബറ്റാലിയനെ ആസാം നിയോഗിച്ചിട്ടുണ്ട്.
ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയും സഹകരണത്തോടെയും മാത്രമേ പ്രശ്നപരിഹാരം സാധിക്കുകയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ബ്രിട്ടീഷ് കാലഘട്ടം മുതല്‍ അതിര്‍ത്തി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതാണ് ഇവിടെ. മിസോറാം നേരത്തെ ആസാമിന്റെ ഭാഗമായിരുന്നു. ലുഷായി ഹില്‍സ് എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 1972ല്‍ കേന്ദ്ര ഭരണപ്രദേശമായി. 1987ല്‍ സംസ്ഥാനമായി. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട് മിസോറാം. ത്രിപുരയുമായി നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: