കൂത്താട്ടുകുളം (കൊച്ചി): കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞി പൈങ്കുറ്റിയില്‍ ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ പിടികൂടി. 7.57 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. പൈങ്കുറ്റിയില്‍ വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് നിര്‍മിച്ച ഏഴു പേര് അറസ്റ്റിലായി. കസ്റ്റംസ്, ഇ ഡി, തീവ്രവാദവിരുദ്ധ സേന എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. സീരിയല്‍ നിര്‍മാണത്തിനെന്ന പേരില്‍ വീട് വാടകയ്ക്ക് എടുത്താണ് കള്ളനോട്ട് നിര്‍മാണ കേന്ദ്രമാക്കിയതെന്ന് പോലീസ് പറഞ്ഞു.
വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഇഞ്ചിക്കാട്ട് എസ്റ്റേറ്റിലെ സീറ്റീഫന്‍ (31), ഇഞ്ചക്കാട്ട് എസ്റ്റേറ്റ് പുതുവാല്‍ ആനന്ദ് (24), കോട്ടയം കിളിരൂര്‍ ചെറുവള്ളിത്തറ ഫൈസല്‍ (34), തൃശൂര്‍ പീച്ചി വാഴയത്ത് വീട്ടില്‍ ജിബി (36), നെടുങ്കണ്ടം മൈനര്‍ സിറ്റി കിഴക്കേതില്‍ സുനില്‍കുമാര്‍ (40), പത്തനംതിട്ട പഴവങ്ങാടി കാവുങ്കല്‍ മധുസൂദനന് (48), വണ്ടിപ്പെരിയാര്‍ ധനുഷ് ഭവനില്‍ തങ്കമുത്തു (60) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ എടിഎസും പോലീസും വിശദമായി ചോദ്യം ചെയ്യുകയാണ്. 15 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തിട്ടുള്ളതായി ഇവര്‍ പോലീസിനോട് പറഞ്ഞു. അച്ചടിച്ച പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നു.
നോട്ടെണ്ണുന്ന മെഷീന്, പ്രിന്റര്‍, നോട്ട് അടിക്കുന്ന പേപ്പര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഫോട്ടോ കോപ്പി എടുത്തശേഷം സ്ക്രീന്‍ പ്രിന്റ് ചെയ്താണ് നോട്ട് നിര്‍മിച്ചിരുന്നത്. ആറു പേരടങ്ങുന്ന സംഘം ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് വീട് വാടകയ്ക്കെടുത്തത്. നാലു പേരുടെ പേരിലാണ് വാടക കരാര്‍.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ എടിഎസിന് ലഭിച്ച് രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസും തീവ്രവാദവിരുദ്ധ സേനയും ഇലഞ്ഞിയിലെ വീട്ടില്‍ പരിശോധന നടത്തിയത്. സമീപത്ത് വീടുകള്‍ കുറവായതിനാല്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയായി. പിറവത്തെ ഒരു വ്യാപാരസ്ഥാപനത്തില്‍ അഞ്ഞൂറിന്റെ കള്ളനോട്ട് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: