കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ കാണാതായ ഉത്തരക്കടലാസുകള്‍ തിരിച്ചുകിട്ടിയ സംഭവത്തില്‍ വിരലടയാള വിദഗ്ദ്ധയും, ഡോഗ് സ്വാകാഡും പരിശോധന നടത്തി. എം.എ. സംസ്കൃത സാഹിത്യ വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എം.എ വിഭാഗത്തിലെ രണ്ടാഴ്ച്ച മുമ്പ് കാണാതായ ഉത്തരപേപ്പറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലിസ് സംഘം വൈസ് ചാന്‍സലറുടെ ഓഫീസ് കാര്യാലയം സ്ഥതി ചെയ്യുന്ന അഡ്മിനിസ്േട്രറ്റീവ് ബ്ലോക്കില്‍ പരിശോധന നടത്തിയത്. വിരലടയാള വിദഗ്ദ്ധ ശ്രീജ.എസ്.നായരുടെ നേതൃത്വത്തില്‍ ഉത്തര കടലാസുകള്‍ കണ്ട സ്ഥലങ്ങളില്‍ പരിശോധന നടത്തി.
ഡോഗ് സ്വാകാഡിലുളള മര്ലിന് എന്ന നായയും ഉത്തര പേപ്പറുകള്‍ കണ്ടെത്തിയ സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിലും മറ്റ് ഓഫീസ് മുറികളിലും പരിശോധന നടത്തി. കെട്ടിടത്തിന്റെ ഇരുനിലകളിലും, ഇടനാഴികളിലും കൂടി മണം പിടിച്ച് ഓടിയ നായ വീണ്ടും ഉത്തര കടലാസ് ലഭിച്ച അലമാരിക്ക് സമീപം വന്നാണ് നിന്നത്. ഡോഗ് സ്വാകാഡ് വാഹനത്തില്‍ നിന്ന് പുറത്ത് ഇറങ്ങിയതോടെ സംഭവത്തില്‍ ദൂരുഹത ആരോപിച്ച് പ്രതിഷേധം നടത്തിയിരുന്ന 30 ഓളം അധ്യാപകര്‍ അപ്രതീക്ഷരായി. സര്‍വകലാശാലയില്‍ സ്ഥാപിച്ചിട്ടുളള നീരീക്ഷണ കാമറകളിലെ കഴിഞ്ഞ ആറ് ദിവസങ്ങളിലുളള ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബുധനാഴ്ച്ച അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയുണ്ട്. ഉത്തരകടലാസുകള്‍ കാണാതായ സംഭവത്തില്‍ സര്‍വകലാശാല പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരീക്ഷ വിഭാഗവുമായി ബന്ധപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയില്‍ നിന്നും ഒന്‍പത് ബണ്ടിലായി ഉത്തരപേപ്പറുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നഷ്ട്ടമായ എല്ലാ ഉത്തര പേപ്പറുകളും കിട്ടിയതായും, ഇതുമായി ബന്ധപ്പെട്ടുളള റിപ്പോര്‍ട്ടുകള്‍ കോടതിക്ക് കൈമാറുമെന്നും പോലീസ് അറിയിച്ചു. മൂല്യനിര്‍ണയ ചെയര്‍മാനായി ചുമതല ഏല്‍പ്പിച്ചിരുന്ന അധ്യാപകനും, ഇടത്പക്ഷ അധ്യാപക സംഘടനയായ അസ്യൂട്ടിന്റെ പ്രസിഡന്റുമായ ഡോ. കെ.എ. സംഗമേശനെ അന്വേഷണ വിധേയമായി വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
സസ്പെന്ഷന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം അധ്യാപകര്‍ റിലേ നിരാഹാര സമരം നടത്തി കൊണ്ടിരിക്കുമ്പോഴാണ് കാണാതായ ഉത്തര പേപ്പറുകള്‍ കാലടി പോലീസ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അധ്യാപകെന്റ സസ്പെന്ഷന് സര്‍വകലാശാല തിങ്കളാഴ്ച്ച പിന്‍വലിച്ചിരുന്നു. ചൊവ്വാഴ്ച്ച രാവിലെ ഈ അധ്യാപകന് അസ്യൂട്ട് സംഘടനയില്‍പ്പെട്ടവര്‍ സ്വീകരണം നല്കി. എം.എ. സംസ്കൃത സാഹിത്യ വിഭാഗത്തിലെ മൂന്നാം സെമസ്റ്ററിലെ ഒന്‍പത് വിഷയങ്ങളിലെ 276 ഉത്തരക്കടലാസുകളാണ് കാണാതായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: