കൊല്‍ക്കത്ത : രാജ്യത്തിന്റെ കാര്യം അന്തസ്സായി നോക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുണ്ട്. മമത ബാനര്‍ജി ആദ്യം ബംഗാള്‍ നേരെ ചൊവ്വേ ഭരിക്കാന്‍ പഠിക്കട്ടെയെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പ്രതിപക്ഷവുമായുള്ള മമതയുടെ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയം കളിക്കുകയാണ് മമത. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബംഗാളില്‍ കലാപങ്ങള്‍ നടന്നുവരികയാണ്. സംസ്ഥാനത്ത് വികസന പ്രവര്ത്തനങ്ങള്ക്കൊന്നുമല്ല അവര്‍ പ്രാധാന്യം നല്‍കുന്നതെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാജ്യത്ത് അടിത്തറ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവര്‍ക്കുള്ള ചുരുങ്ങിയ അംഗസംഖ്യ അതാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യം മനസ്സിലാക്കി മമത പ്രവര്‍ത്തിക്കണമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
മമത ബാനര്‍ജിയുടെ ശ്രദ്ധ ബംഗാളിന്റെ വികസനത്തിലോ സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയിലോ അല്ല. ആകെ അവര്‍ നോക്കുന്നത് രാഷ്ട്രീയ ലാഭം മാത്രമാണ്. ഇതിന് വേണ്ടി അവര്‍ കേന്ദ്ര സര്‍ക്കാരിനെ നിരന്തരം കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ നായക സ്ഥാനത്ത് നരേന്ദ്ര മോദി ഉള്ളിടത്തോളം ഇന്ത്യ സുരക്ഷിതമാണ്. അതിന്റെ തെളിവാണ് കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് ലഭിക്കുന്ന ഗംഭീര വിജയങ്ങളാണ്.
ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കാന്‍ 2019ലും ശ്രമം നടത്തിയതാണ്. എന്നാല്‍ ബിജെപി തന്നെ വീണ്ടും ജയിച്ചു. ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയില്‍ ആയിരിക്കുകയാണ്. ലോക്സഭയിലും രാജ്യസഭിലും തൃണമൂലിന്റെ സീറ്റുകളുടെ എണ്ണവും കുറഞ്ഞിരിക്കുകയാണ്.
പശ്ചിമ ബംഗാളിന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ട് മമത എല്ലാ മാസവും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിച്ചു നല്കാന് സാധിക്കാത്തവയായിരുന്നു.
സംസ്ഥാനത്തിനായി കേന്ദ്രം വാക്സിന് നല്‍കിയത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. 90.7 ലക്ഷം വാക്സിനുകള്‍ ബംഗാളിന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വാക്സിന് നല്‍കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. അപ്പോള്‍ ഇത്രയും വാക്സിനുകളെല്ലാം ബംഗാളിന് എവിടെ നിന്നാണ് ലഭിച്ചത്. സംസ്ഥാനങ്ങളുടെ ജനസംഖ്യയ്ക്കും അവരുടെ ആവശ്യങ്ങളും അനുസരിച്ചാണ് കേന്ദ്രം വാക്സിന് വിതരണം ചെയ്യുന്നതെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: