ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗ്. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയില്‍നിന്ന് 1.2 ആളുകളിലേക്കാണ് ഇപ്പോള്‍ വൈറസ് പടരുന്നത്. വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതലുള്ളതും സംസ്ഥാനത്താണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപന നിരക്ക് ഇപ്പോള്‍ കുറവാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു.
കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളില്‍ ഏഴെണ്ണം സംസ്ഥാനത്താണ്. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നിവയാണ് ഈ ജില്ലകള്‍. ബാക്കി 15 എണ്ണം വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്.
കഴിഞ്ഞ നാലാഴ്ചയായി ഈ ജില്ലകളില്‍ രോഗം വന്‍തോതില്‍ കൂടി. ജൂണ്‍ 28 മുതലുള്ള നാലാഴ്ചത്തെ കണക്കനുസരിച്ച് മലപ്പുറത്ത് 59 ശതമാനവും തൃശ്ശൂരില്‍ 47 ശതമാനവും എറണാകുളത്ത് 46 ശതമാനവും കോട്ടയത്ത് 63 ശതമാനവും വര്‍ധനയുണ്ടായി. ഈ പശ്ചാത്തലത്തില്‍ രോഗം നിയന്ത്രിക്കാന്‍ സംസ്ഥാനവുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ മരണനിരക്ക് ആശ്വസിക്കാവുന്ന തോതിലാണെങ്കിലും വൈറസിന്റെ അതിവേഗവ്യാപനം ആശങ്കയുണ്ടാക്കുന്നുണ്ട്. വൈറസിന് വീണ്ടും വകഭേദം സംഭവിച്ചേക്കാം. സമീപജില്ലകളിലും രോഗം കൂടാനിടയുണ്ട്. രോഗം വളരെ കുറഞ്ഞിരുന്ന അവസ്ഥയില്‍നിന്നാണ് ഈ വര്‍ധനയുണ്ടായത് എന്നത് ആശങ്കയ്ക്കു കാരണമാണ്. അനാവശ്യയാത്രകള്‍, ആള്‍ക്കൂട്ടം, ആഘോഷം എന്നിവ ഒഴിവാക്കണം. വലിയ കൂടിച്ചേരലുകള്‍ക്ക് സമയമായിട്ടില്ല. രണ്ടാംതരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിനാല്‍ ജാഗ്രത കൈവിടരുതെന്നും ഡോ. പോള്‍ അറിയിച്ചു.
അതേസമയം രാജ്യത്തെ പ്രതിദിനരോഗികളുടെ എണ്ണം 29,689 ആയി കുറഞ്ഞു. ഇക്കൊല്ലം ഫെബ്രുവരി 16-ന് ഒന്നാംതരംഗത്തിന്റെ ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കേസുകള്‍ 9,121 ആയിരുന്നു. രണ്ടാംതരംഗത്തില്‍ മേയ് ഏഴിന് അത് 4,14,188 ആയി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: