കൊച്ചി: രാഷ്ട്രീയ, ഉദ്യോഗസ്ഥ സംഘങ്ങളുടെ ഒത്താശയോടെ കൊച്ചിയിലെ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തി റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍. പടിഞ്ഞാറന്‍ കൊച്ചിയിലെ എറ്റവും കൂടുതല്‍ പ്രദേശം തണ്ണീര്‍ത്തടങ്ങളാല്‍ നിറഞ്ഞ ഇടക്കൊച്ചിയുടെ ഭൂപ്രദേശത്തിന്റെ ഏറിയ പങ്കും രാഷ്ട്രീയ കക്ഷികളുടെ ഒത്താശയോടെ ഇത്തരം സംഘങ്ങള്‍ നികത്തിയെടുത്ത് കഴിഞ്ഞു. പിന്നീട് കൃത്രിമ രേഖകള്‍ ചമച്ച് മറ്റൊരാള്‍ക്ക് കൈമാറുകയോ കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് വില്‍പ്പന നടത്തുകയോ ആണ് ചെയ്തു വരുന്നത്. നിരവധി തണ്ണീര്‍ത്തടങ്ങളാണ് ഇതിനോടകം കൊച്ചിയില്‍ നികത്തപ്പെട്ടത്. ഇതിന് പുറമെ കായല്‍ കൈയേറ്റങ്ങളും വ്യാപകമാണ്. പകല്‍ വെളിച്ചത്തില്‍ തന്നെ ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന ഭാവം നടിക്കുകയാണ് ഇത് തടയേണ്ട ഉദ്യോഗസ്ഥര്‍. ചില ഉദ്യോഗസ്ഥര്‍ നടപടിക്ക് മുതിര്‍ന്നാല്‍ പിന്നെ അവരെ ആ കസേരയില്‍ ഇരുത്താന്‍ അനുവദിക്കില്ല.
കൊച്ചിയിലെ ഒരു ജനപ്രതിനിധി തന്നെ ഇത്തരം റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ചൂട്ട് പിടിക്കുന്നതായി നേരത്തേ മുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇടക്കൊച്ചി കൂടാതെ കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി മേഖലകളിലാണ് വ്യാപകമായി തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ അരങ്ങേറുന്നത്. എതിര്‍പ്പ് ഉയര്‍ന്ന് കഴിഞ്ഞാല്‍ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് പരാതി പിന്‍വലിപ്പിക്കാനുള്ള നീക്കം നടത്തും. പിന്നീട് ഇത്തരം സംഘങ്ങളുടെ തണലിലാണ് നികത്തല്‍ ജോലികള്‍ നടക്കുന്നത്. അവധി ദിനങ്ങളിലും രാത്രി കാലങ്ങളിലും കായലും മറ്റും കൈയേറി നികത്തല്‍ നടന്നു. ഉള്‍പ്രദേശങ്ങളിലുള്ള തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഫോര്‍ട്ട്കൊച്ചി മുതല്‍ തോപ്പുംപടി, ഇടക്കൊച്ചി വരെയുള്ള കായല്‍ തീരങ്ങളും കൈയേറുകയാണ്.
ചെല്ലാനത്തും തണ്ണീര്‍ത്തടം വ്യാപകമായി നികത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മുണ്ടംവേലിയില്‍ തണ്ണീര്‍ത്തടം നികത്തുന്നതിനെതിരെ അന്നത്തെ വില്ലേജ് ഓഫിസര്‍ നല്കിയ സ്റ്റോപ്പ് മെമ്മോ മറികടന്ന് ഒരു ജനപ്രതിനിധിയുടെ ഒത്താശയോടെ ഇപ്പോള്‍ നികത്താനുള്ള ശ്രമം ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് റവന്യൂ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. നാട്ടുകാര്‍ അറിയാതിരിക്കാന്‍ ചുറ്റും കമ്പി വേലിയും ഷീറ്റും കൊണ്ട് മറച്ചാണ് സ്വകാര്യ നിര്‍മാണ കമ്പനി കൂടിയുള്ളവരുടെ നേതൃത്വത്തില്‍ നികത്തല്‍ നടത്തുന്നതെന്നാണ് ആക്ഷേപം. തോപ്പുംപടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കോടികളാണ് സമ്പാദിക്കുന്നത്. ഭരണത്തിന്റെ തണല്‍ കൂടിയുള്ളതിനാല്‍ എന്തും ചെയ്യാമെന്ന രീതിയിലാണത്രേ ഇവരുടെ പ്രവര്‍ത്തനങ്ങള്‍. അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥര്‍ ഇവരുടെ ഭീഷണിക്ക് മുമ്പില്‍ കീഴടങ്ങുന്ന അവസ്ഥയാണ്. ഇത്തരത്തില്‍ അവശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങള്‍ കൂടി നികത്തപ്പെട്ടാല്‍ കൊച്ചി വരും നാളുകളില്‍ വലിയ വെള്ളക്കെട്ട് ഭീഷണിയാകും നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: