കൊച്ചി: തെരുവില്‍ തല്ലിപ്പിരിഞ്ഞ ഐഎന്‍എല്ലിന് പിന്നാലെ ഇടതുമുന്നണി ഘടക കക്ഷിയായ എന്‍സിപിയും പൊട്ടിത്തെറിയിലേക്ക്. കോണ്‍ഗ്രസില്‍ നിന്ന് കാലുമാറിയെത്തി എന്‍സിപിയെ വിഴുങ്ങിയ പി.സി. ചാക്കോ സ്ഥാനമാനങ്ങളെല്ലാം പുതുതായി പാര്‍ട്ടിയിലെത്തിയവര്‍ക്ക് മാത്രമായി നല്കാന് നീക്കം തുടങ്ങിയതോടെയാണ് പ്രതിഷേധം അണപൊട്ടിയൊഴുകാന്‍ തുടങ്ങിയത്. ഇനിയും പരസ്യനിലപാടുകളിലേക്ക് നീങ്ങിയില്ലെങ്കില്‍ തങ്ങള്‍ എന്നന്നേക്കുമായി ഇല്ലായ്മ ചെയ്യപ്പെടുമെന്ന കടുത്ത ആശങ്കയിലാണ് വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും ഒഴുക്കിയവര്‍.
കോണ്‍ഗ്രസില്‍ പുറത്താക്കലിന്റെ വക്കിലായിരുന്ന ചാക്കോ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എന്‍സിപിയിലേക്ക് ചേക്കേറിയത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ്പവാറുമായുള്ള വ്യക്തി ബന്ധം തുണയായപ്പോള്‍ അധികം വൈകാതെ സംസ്ഥാന അധ്യക്ഷനുമായി. ഇതോടെ ചാക്കോ ഏകാധിപതിയായെന്നാണ് എന്‍സിപിക്കാരുടെ പരാതി. യുഡിഎഫിന്റെ പരാജയവും ചാക്കോയുടെ വരവും കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ എന്‍സിപിയിലേക്ക് എത്തിക്കുമെന്നായിരുന്നു സിപിഎം നേതൃത്വമടക്കം കരുതിയിരുന്നത്. എന്നാല്‍, തലയെടുപ്പുള്ള ഒരു നേതാവ് പോലും എന്‍സിപിയിലേക്ക് എത്തിയില്ല. ലതിക സുഭാഷ്, പി.എം. സുരേഷ് ബാബു, നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) മുന്‍ എച്ച്ആര്‍ മാനേജര്‍ കെ.ആര്. രാജന് തുടങ്ങി എത്തിയവരാരും തന്നെ ഒരു ജനപിന്തുണയും ഇല്ലാത്തവരാണെന്നാണ് മറുപക്ഷം ചൂണ്ടിക്കാട്ടുന്നത്.
നിലവില്‍ പാര്‍ട്ടിയെ നയിച്ചിരുന്നവരെ അപ്പാടെ തഴയുന്ന നിലപാടിനെതിരെ അമര്‍ഷം പുകഞ്ഞതോടെ ചില സമവായ നീക്കങ്ങള്‍ക്ക് ശ്രമമുണ്ടായെങ്കിലും വിജയം കണ്ടില്ല. പാര്‍ട്ടി പുനസംഘടനയുടെ പേരില്‍ ഏതാനും ജില്ലാ പ്രസിഡന്റുമാരെയടക്കം ഏകപക്ഷീയമായി മാറ്റുകയാണ് സംസ്ഥാന പ്രസിഡന്റ് ചെയ്തത്. പാര്‍ട്ടിക്ക് ലഭിക്കുന്ന പിഎസ്സി മെമ്പര്‍ സ്ഥാനം, ഗവ. പ്ലീഡര്‍ സ്ഥാനങ്ങള്‍, ബോര്‍ഡ്/കോര്പ്പറേഷന് പദവികളെല്ലാം പുതിയതായി എത്തിയവര്ക്കായിരിക്കുമെന്ന് ചാക്കോ ഇതിനകം തന്നെ പാര്‍ട്ടി വേദികളില്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതോടൊപ്പം മന്ത്രിയെ സമ്മര്‍ദത്തില്‍ നി
ര്‍ത്തി കാര്യങ്ങള്‍ നടത്താന്‍ ചാക്കോ ശ്രമിക്കുന്നുവെന്ന ആക്ഷേപവും പാര്ട്ടിക്കാര് ഉയര്‍ത്തുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട മുന്‍ മാധ്യമപ്രവര്‍ത്തകനടക്കം രണ്ടു പേരെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് ചാക്കോയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് വ്യക്തമായി. ഇതില്‍ മുന്‍ മാധ്യമപ്രവര്ത്തകന് ഉയര്‍ന്ന തസ്തിക നല്‍കണമെന്ന ആവശ്യം ഉയര്‍ത്തുന്നതായാണ് ആക്ഷേപം. ഇക്കാര്യത്തില്‍ ഇയാളുടെ കേസ് വിവരങ്ങള്‍ അടക്കം കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് പാര്‍ട്ടിക്കാരുടെ നീക്കം.
നിലവില്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടേയും സിപിഎം നേതാക്കളുടേയും മുന്നിലെത്തിച്ച് അവരുടെ ഇടപെടലിന് സാധ്യതയൊരുക്കാനും നീക്കമുണ്ട്. പീഡനക്കസ് ഒതുക്കാന്‍ ഇടപെട്ട മന്ത്രി ശശീന്ദ്രനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്. ശശീന്ദ്രനെ മാറ്റിയാല്‍ പകരം എന്‍സിപിക്ക് മന്ത്രി സ്ഥാനം ഉണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ വിരട്ടലാണ് ശശീന്ദ്രനെതിരെയുള്ള നീക്കത്തിന് പാര്‍ട്ടിക്കകത്ത് വിരാമമിട്ടത്. മന്ത്രിയുടെ വിവാദ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ഇന്നലെ തിരുവനന്തപുരത്ത് കൂടിയ സംസ്ഥാന ഭാരവാഹി യോഗത്തില്‍ മൂന്നു പേര്‍ക്കെതിരെ നടപടിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: