മൂലമറ്റം: കുളമാവ് ജലാശയത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്നതിനിടെ കാണാതായ സഹോദരങ്ങളില്‍ ബിജുവിന്റെ മൃതദേഹം കിട്ടി. അപകടം നടന്ന കണ്ണങ്കയത്ത് നിന്ന് നാലുകിലോമീറ്റര്‍ മാറി വേങ്ങാനം ആനചാരി ഭാഗത്ത് കണ്ടെത്തുകയായിരുന്നു. കരയ്ക്കെടുത്ത മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. അനുജന് ബിനുവിന്റെ മൃതദേഹം ഇന്നലെയും കണ്ടെത്താനായില്ല. തിരച്ചില്‍ ഇന്നും തുടരും.
കോയിപ്പുറത്ത് കുട്ടപ്പന്-തങ്കമ്മ ദമ്പതികളുടെ മക്കള്‍ ബിജു(38), ബിനു(36) എന്നിവരാണ് കഴിഞ്ഞ ബുധനാഴ്ച അപകടത്തില്‍പ്പെട്ടത്. രാവിലെ തലേദിവസം വൈകിട്ട് ഡാമില്‍ കെട്ടിയിരുന്ന വലയഴിച്ച് മീന്‍ ശേഖരിക്കാന്‍ പോയതായിരുന്നു ഇരുവരും. തിരിച്ചെത്താതെ വന്നതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ചെറു വള്ളങ്ങളില്‍ ജലാശയത്തില്‍ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കുളമാവ് എന്‍പിഒഎല്‍ ഉദ്യോഗസ്ഥരും മൂലമറ്റം അഗ്നിരക്ഷാ നിലയത്തില്‍ നിന്നുള്ള സ്കൂബ സംഘവും രാത്രിയില്‍ തന്നെ തിരച്ചിലിനെത്തി.
പിന്നീടുള്ള ദിവസങ്ങളില്‍ എന്‍ടിആര്‍എഫ് സംഘവും അഗ്നിരക്ഷാ സേനയും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫലം കണ്ടില്ല. കോഴിക്കോട് കൂരാച്ചുണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമീന് റെസ്ക്യൂ ടീം ഇന്നലെ രാവിലെ എന്‍പിഒഎല്ലിന്റെ ബോട്ടില്‍ എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. വെള്ളത്തിന് താഴെ 90 മീറ്റര്‍ വരെ പരിശോധന നടത്താന്‍ കഴിയുന്ന ക്യാമറയും ആ സംഘത്തിനുണ്ട്. ടീം ക്യാപ്റ്റന്‍ ബിജു കക്കയം, സാദിക് ഓണാട്ട്, പത്രോസ് പന്നിവെട്ട് പറമ്പില്‍, മുസ്തഫ ചിറക്കല്‍, അന്‍സാര്‍ പുഴക്കല്‍, ഷഫീക്ക് നെല്ലുള്ളകണ്ടി എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: