കോട്ടയം: രാജ്യത്തെ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയാകാനുള്ള തയ്യാറെടുപ്പിലാണ് സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര. ലോകകാഴ്ചകള്‍ കണ്ടും കാണിച്ചും കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴാണ് അദ്ദേഹത്തെതേടി ഈ അസുലഭ അവസരം എത്തുന്നത്. യാത്രയ്ക്ക് മുന്നോടിയായി കോട്ടയം പ്രസ്ക്ലബിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി മുന്നൊരുക്കങ്ങള്‍ പങ്കുവെച്ചു.
റിച്ചാര്‍ഡ് ബ്രാന്സണ് ചെയര്‍മാനായുള്ള വെര്‍ജിന്‍ ഗലാക്ടിക് എന്ന കമ്പനിയാണ് ബഹിരാകാശ യാത്രയൊരുക്കുന്നത്. 2005 ലാണ് ബഹിരാകാശ ടൂറിസത്തെപറ്റി അറിയുന്നത്. അന്ന് മുതല്‍ പിന്നാലെയാണ്. അപേക്ഷ നല്കി യാത്രാ ടീമിന്റെ ഭാഗമായതോടെ കഠിന പരിശീലനമായിരുന്നു. 2020 ജൂണില്‍ ബഹിരാകാശ സഞ്ചാരത്തിന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസട്രേഷന്റെ ലൈസന്‍സ് നേടി. ജൂലൈ 11ന് ആദ്യസംഘം യാത്ര പോവുകയും ചെയ്തു. ഇനിയിപ്പോള്‍ ഏത് നിമിഷവും യാത്രയുണ്ടാവും. യാത്രയ്ക്ക് പൂര്‍ണ സജ്ജനാണെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.
തനിക്ക് പറ്റുമെങ്കില്‍ ഏത് സാധാരണക്കാരനും ബഹിരാകാശത്തേയേക്ക് യാത്ര ചെയ്യാം. ഇനിയുള്ള കാലം ബഹിരാകാശ ടൂറിസത്തിന്റേതാണ്. അത് എല്ലാവരിലേയ്ക്കുമെത്താന് ചിലപ്പോള്‍ അമ്പതോ നൂറോ വര്‍ഷങ്ങളെടുത്തേക്കാം. ആഫ്രിക്കയും അമേരിക്കയും ഉള്‍പ്പെടെ ഓരോ രാജ്യങ്ങളും കണ്ടെത്തി അവിടുത്തെ കാഴ്ചകളും സംസ്കാരവും ലോകത്തിന് പകര്‍ന്ന് കൊടുക്കുകയായിരുന്നു ആദ്യം.
ഇപ്പോള്‍ ഭൂമിയുടെ മുഴുവന്‍ സാദ്ധ്യതകളും പ്രയോജനപ്പെടുത്തിയ സ്ഥിതിക്ക് ഇനി ബഹിരാകാശ ടൂറിസത്തിന്റെ കാലമാണ്. വന്‍കിട കമ്പനികളെല്ലാം ഈ മേഖലയില്‍ നിക്ഷേപിച്ച് തുടങ്ങി. അവിടെ വാസസ്ഥലം സാദ്ധ്യമാകുമോയെന്ന ഗവേഷണവും നടക്കുന്നു. രണ്ടര ലക്ഷം ഡോളറാണ് (1.8 കോടി രൂപ) ഇപ്പോള്‍ ഒരാള്‍ക്ക് ചെലവ്. ആദ്യഘട്ടമായതിനാല്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യകതികള്‍ക്ക് മാത്രമാണ് അവസരം. എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഈ രംഗത്തേക്ക് വരുന്നതോടെ സാധാരണക്കാര്‍ക്കും പ്രാപ്യമാവും. അമ്പതോ നൂറോ വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ജോലി തേടി പോകുന്ന തലമുറയെ കാണാനാവും.
യാത്രയുടെ ഭാഗമാകുന്നതിനായി കഠിനപരിശീലനമായിരുന്നു. ഏറ്റവും പ്രധാനം ശരീരഭാരം എട്ടുമടങ്ങായി ഉയര്‍ന്നെന്ന് തോന്നിപ്പിക്കുന്നതും അടുത്തത് ശരീരത്തിന് കനമേയില്ലെന്ന് തോന്നിപ്പിക്കുന്നതുമായ അവസ്ഥകളെ കൈകാര്യം ചെയ്യുകയെന്നതായിരുന്നു. സീറോ ഗ്രാവിറ്റി പരിശീലനം കഠിനമല്ല. കാരണം ബഹിരാകാശത്തായതിനാല് ശരീരത്തിന് ഭാരം അനുഭവപ്പെടില്ല. ആദ്യ ഘട്ടങ്ങളില്‍ ഛര്‍ദ്ദിയും മറ്റും അനുഭവപ്പെട്ടു.
പ്രത്യേക വിമാനത്തില്‍ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലേയ്ക്ക് കുത്തനെ പതിക്കും. ആദ്യം ഭയം തോന്നും. പിന്നീട് കൗതുകത്തിനും തമാശയ്ക്കുമൊക്കെ ആ അനുഭവം വഴിമാറും.
തനിക്ക് ലഭിച്ച അപൂര്‍വ ഭാഗ്യമെന്നത് ദൗത്യത്തിന്റെ ആദ്യ ഘട്ടം മുതല്‍ അവസാനം വരെ ഭാഗമാകാനായി എന്നതാണ്. ടീം സെലക്ഷന്, സ്പെയ്സ് ക്രാഫ്റ്റ് നിര്‍മാണം ഒടുവില്‍ യാത്ര. അങ്ങനെ ഓരോ ഘട്ടത്തിലും പങ്കാളിയായി. പത്ത് മിനിറ്റാണ് ബഹിരാകാശത്തുണ്ടാവുക. അതിന് മുന്നോടിയായി പ്രത്യേക ഭക്ഷണ ക്രമീകരണങ്ങളുണ്ട്. യാത്രയ്ക്ക് മുന്നേ ലഘുവായ ആഹാരങ്ങള്‍, ജ്യൂസ് എന്നിവയേ കഴിക്കൂ.
ബഹിരാകാശ യാത്രയുടെ ആദ്യഘട്ടങ്ങളില്‍ അപകമുണ്ടായിട്ടുണ്ട്. ഏത് ഒരു യാത്രയ്ക്കുമുള്ള റിസ്ക്കേ സ്പെയ്സ് യാത്രയ്ക്കുമുള്ളൂ. മുന്‍പ് ബഹിരാകേശത്തേയ്ക്ക് പോയ പേടകങ്ങള്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്. മരണം അത് എപ്പോഴും കൂടയുള്ളതല്ലേ. കൊവിഡ് ബാധിച്ച് മരിക്കുന്നതിലും ഭേദമല്ലേ, ചരിത്രത്തിന്റെ ഭാഗമായുള്ള മരണം.
ആസൂത്രണബോര്‍ഡ് അംഗത്വം കാല്‍നൂറ്റാണ്ട് നീണ്ട യാത്രാനുഭവങ്ങളും സേവനങ്ങളും പങ്കുവെക്കുന്നതിനായി വിനിയോഗിക്കും. താന്‍ ഒരു രാഷ്ട്രീയത്തിന്റെയും വക്താവല്ല. സഞ്ചാരിയും മാദ്ധ്യമ പ്രവര്‍ത്തകനുമാണ്. രാഷ്ട്രീയ ഉദ്യോഗസ്ഥ തീരുമാനങ്ങള്‍ക്കിടയില്‍ സ്ഥാനം കിട്ടിയാല്‍ തുടരും. മറിച്ചാണെങ്കില്‍ ആ കുപ്പായം ഊരിവയ്ക്കും. കേരളത്തിന് വിശാലമായ ടൂറിസം സാദ്ധ്യതയുണ്ട്.
നമ്മുടെ പൈതൃകം, തൊഴില്‍ സംസ്കാരം, ഭക്ഷണ വൈവിദ്ധ്യം ഇവയൊക്കെ ക്രിയാത്മകമായി ലോകത്തിന് മുന്നില്‍ തുറന്നുവയ്ക്കുമ്പോള്‍ സഞ്ചാരികളെത്തും. റിസോര്‍ട്ടുകളോട് അകലം പാലിച്ചിട്ട് കാര്യമില്ല. അതിഥികളായി എത്തുന്നവര്‍ക്ക് താമസിക്കാന്‍ നല്ല റിസോര്‍ട്ടുകള്‍ വേണം. ടൂറിസം എന്നത് കാഴച കണ്ടു മടങ്ങലല്ല. വരുമാനം വരേണ്ട മേഖലയായി ടൂറിസം മാറണം. അപ്പോഴേ ടൂറിസം വ്യവസായമായി നിലനില്‍ക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: