ന്യൂദല്‍ഹി : ഇന്റര്‍നാഷണല്‍ എവിയേഷന്‍ ആന്‍സ് സ്പേസ് ഷോയില്‍ താരമായി ഇന്ത്യന്‍ വ്യോമസേനയുടെ ഹെലിക്കോപ്ടര്‍ സംഘം. റഷ്യയില്‍ നടന്ന പ്രദര്‍ശനത്തില്‍ നവീകരിച്ച നാല് ധ്രുവ് ഹെലിക്കോപ്ടറുമായി സാരംഗാണ് ഏവരുടേയും മനം കവര്‍ന്നത്. MAKS അഥവാ Mezhdunarodnyj Aviatsionno-Kosmicheskij Salon എന്നിയപ്പെടുന്ന റഷ്യന്‍ വ്യോമാഭ്യാസ പ്രദര്‍ശനം രണ്ട് കൊല്ലത്തിലൊരിക്കലാണ് നടക്കുന്നത്.
പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഏക റോട്ടറി വിങ് ഡിസ്പ്ലേ ടീം കൂടിയായിരുന്നു സാരംഗ്. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിന്റെ സംസ്കൃത പദമാണ് ‘സാരംഗ്’. അക്ഷരാര്‍ത്ഥത്തില്‍ കാണികളെ ആവേശത്തില്‍ ആഴ്ത്തി പീലി വിടര്‍ത്തിയാടുന്ന പ്രകടനം തന്നെയാണ് സാരംഗ് കാഴ്ചവെച്ചത്. മോസ്കോയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സുവോസ്കിയിലായിരുന്നു പ്രദര്‍ശനം.
മുകള്‍ വശത്ത് ചുവന്ന നിറവും താഴെ മയില്‍പ്പീലി ചിത്രങ്ങളും സാരംഗ് ഹെലികോപ്ടറുകള്‍ക്ക് പ്രൗഢമായ ഭംഗി നല്കുന്നു. ടീമംഗങ്ങളുടെ യൂണിഫോമിനും ചുവപ്പ് നിറമാണ്. ജൂലായ് 25 വരെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. നിരന്തരമായ പരിശീലനത്തിലൂടെയാണ് ഹെലികോപ്ടറുകളുടെ ഒരേ തരത്തിലുള്ള പറക്കല്‍ പരിശീലിക്കുന്നത്.
റോട്ടറി വിങ് പറക്കലില്‍ അസ്ഥിരത ഉണ്ടാക്കുമെന്നതിനാല്‍ മറ്റു വിമാനങ്ങളെ അപേക്ഷിച്ച് ഹെലികോപ്ടറുകളുടെ ഏകക്രമമായ നീക്കം കുറച്ച് പ്രയാസകരമാണ്. ആത്മവിശ്വാസവും സംഘത്തിലെ മറ്റ് അംഗങ്ങളിലുള്ള വിശ്വാസവും യന്ത്രത്തിലുള്ള വിശ്വാസവുമാണ് സാരംഗിന്റെ അടിത്തറ. ഹെലികോപ്ടറുകളുടെ പ്രവര്‍ത്തനക്ഷമത കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചുറപ്പിച്ചിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: