മലപ്പുറം : എആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണമെന്ന് കണ്ടെത്തി ആദായ നികുതി വകുപ്പ് മരവിപ്പിച്ച അക്കൗണ്ടുകളില്‍ 47 എണ്ണം സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസിന്റെ ബന്ധുക്കളുടേത്. ബാങ്കിന്റെ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിമാരുമായി പ്രവര്‍ത്തിച്ച ഇവര്‍ അതേ ബാങ്കില്‍ 47 അക്കൗണ്ടുകളുണ്ടാക്കി പണം നിക്ഷേപിക്കുകയായിരുന്നുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.
സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റില്‍ ഇവര്‍ രണ്ട് ബിനാമി അക്കൗണ്ടുകളിലൂടെ ഒരു കോടി 33 ലക്ഷത്തിലേറെ രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടത്തിയിരുന്നു. എന്നാല്‍ ഉന്നതതല ഇടപെടലുകള്‍ മൂലം തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. ആദായനികുതി വകുപ്പ് 47 അക്കൗണ്ടുകള്‍ മരവിപ്പിച്ചതില്‍ 35 എണ്ണവും ഇ.എന്‍. ചന്ദ്രികയുടെ പേരിലാണ്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസിന്റെ അമ്മയുടെ സഹോദരിയുടെ മകള്‍. ബാങ്കില്‍ ദീര്‍ഘകാലം അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വിരമിച്ചയാളാണ് ഇവര്‍.
ആദായനികുതി വകുപ്പ് മരവിപ്പിച്ച മറ്റ് 12 അക്കൗണ്ടുകള്‍ ഭര്‍ത്താവ് ഹരികുമാര്‍ വി.കെ., മക്കളായ ഹേമ വി.കെ., രേശ്മ വി.കെ. എന്നിവരുടെ പേരുകളില്‍. വി.കെ. ഹരികുമാറാണ് എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടിലെ സൂത്രധാരനെന്ന് ഇതിനകം സഹകരണവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ തുകയെത്രയെന്ന് ആദായനികുതിവകുപ്പ് വ്യക്തമാക്കുന്നില്ല.
ഈ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ ഉറവിടം എന്താണെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് അക്കൗണ്ട് മരവിപ്പിച്ചത്. ഇത് കൂടാതെ ഹരികുമാറിന്റെയും ഭാര്യ ഇ എന്‍ ചന്ദ്രികയുടെയും ക്രമക്കേടുകളെക്കുറിച്ച് സഹകരണവകുപ്പ് രജിസ്ട്രാര്‍ നല്‍ഗിയ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഹരികമാറിന് ഇതേ ബാങ്കില്‍ വ്യാജ പേരില്‍ അക്കൗണ്ടുകളുണ്ടായിരുന്നെന്നും ഇതിലൂടെ ഒരുകോടി 15 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് കേസെല്ലാം ഒ തുക്കി തീര്‍ക്കുകയായിരുന്നു. 2020ല്‍ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ശുപാര്‍ശയോടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്ന പുതിയ തസ്തികയുണ്ടാക്കി ഹരികുമാറിനെ വിരമിച്ച ശേഷവും ബാങ്കില്‍ തന്നെ നിയമിക്കുകയുമുണ്ടായി. ബിനാമി ഇടപാട് ഉള്‍പ്പടെ ഹരികുമാറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴാണ് കടകംപള്ളിയുടെ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
എആര്‍ നഗര്‍ ബാങ്കിലെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപവും കള്ളപ്പണമെന്ന് കണ്ടെത്തി ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് പണം മരവിപ്പിച്ചതെന്നാണ് ആദായ നികുതി വകുപ്പ് നല്‍കിയ വിശദീകരണം. എന്നാല്‍ പണം സംബന്ധിച്ച് കണക്കുകള്‍ ഉണ്ടെന്നും ഇതിന് കൃത്യമായ രേഖകള്‍ നല്‍കിയെന്നുമാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: