തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നടക്കുന്ന തട്ടിപ്പുകളുടെ കഥ ദിനംപ്രതി പുറത്തുവന്നതോടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്ന് ജനങ്ങള്‍ വ്യാപകമായ നിക്ഷേപം പിന്‍വലിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടുകയാണ്. മലബാര്‍ മേഖലയിലെ സഹകരണ ബാങ്കുകളില്‍ ഇന്നലെ തന്നെ വലിയ തോതില്‍ നിക്ഷേപം പിന്‍വലിക്കപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
കോടികളുടെ വെട്ടിപ്പ് നടന്ന കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപം പിന്‍വലിക്കാനെത്തിയവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായി. പണം പിന്‍വലിക്കുന്നതിന് ഇന്നലെ വൈകീട്ടും രാത്രിയിലുമായി ടോക്കണ്‍ നേടിയവരും ഇതറിയാതെ രാവിലെ തന്നെ ബാങ്കിന് മുന്നില്‍ എത്തിയവരും തമ്മിലാണ് തര്‍ക്കം ഉടലെടുത്തത്. ഒരു ദിവസം 150 ടോക്കണാണ് അനുവദിക്കുന്നത്. ഒരു ടോക്കണ്‍ നേടിയവര്‍ക്ക് നല്‍കുന്നത് 10,000 രൂപയും. കഴിഞ്ഞ ദിവസം ടോക്കണ്‍ നേടിയവരെ പരിഗണിക്കാനായി ടോക്കണ്‍ വിതരണം അവസാനിച്ചതായി ബാങ്ക് അധികൃതര്‍ നോട്ടീസ് ഇട്ടതോടെ , രാവിലെ വന്നവര്‍ ക്ഷുഭിതരായി. അടുത്ത ആഴ്ചയ്ക്കുള്ള ടോക്കണിനായി വന്നവരും വരിയിലുണ്ട്.തര്‍ക്കം പരിഹരിക്കാനും സംഘര്‍ഷം ഒഴിവാക്കാനുമുള്ള ശ്രമം പൊലീസ് നടത്തി.
ഇതിനു പിന്നാലെ സി.പി.എം ഭരിക്കുന്ന തൃശൂര്‍ മൂസ്പെറ്റ് സഹകരണ ബാങ്കിലെ വായ്പ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ അവിടേയും ഇടപാടുകാരുടെ തിക്കും തിരക്കുമുണ്ടായി. ഇന്നലെ മാത്രം നൂറിലേറെ ഇടപാടുകാരാണ് തങ്ങളുടെ നിക്ഷേപം പിന്‍വലിച്ചത്. ഇന്നും നിരവധി പേര് ബാങ്കിലെത്തിയിട്ടുണ്ട്.
ഭൂമിയുടെ മതിപ്പ് വില കൂട്ടിക്കാണിച്ച് ബാങ്ക് ഭരണസമിതി അംഗങ്ങള്‍ നടത്തിയ തട്ടിപ്പില്‍ 13 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണ്ടെത്തല്‍. ക്രമക്കേട് സംബന്ധിച്ച അസി. രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. തൃശൂര്‍ നഗരത്തില്‍ ചേലക്കോട്ടുകര വഴിയില്‍ പ്രവര്‍ത്തിക്കുന്ന മൂസ്പെറ്റ് സഹകരണ ബാങ്കില്‍ സഹകരണ രജിസ്ട്രാര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതിനൊപ്പം മൂസ്പെറ്റ് ബാങ്ക് ക്രമക്കേടും ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം ഭരിക്കുന്ന മറ്റു സഹകരണ ബാങ്കുകളില്‍ സമാനമായ സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: