ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു അല്‍-ക്വയ്ദ ഭീഷണിയുള്ളതായി ഫോണ്‍ കോള്‍ മുന്നറിയിപ്പ്. തീവ്രവാദ സംഘടനയായ അല്‍-ക്വയ്ദ ബെംഗളൂരു വിമാനത്താവളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി അജ്ഞാത നമ്പറില്‍ നിന്നും വിളിച്ചയാള്‍ കെഎഎ അധികൃതര്‍ക്കും പോലീസിനും മുന്നറിയിപ്പ് നല്കി. ടെര്‍മിനലില്‍ സ്ഥിതിചെയ്യുന്ന എയര്‍പോര്‍ട്ട് ഓപ്പറേഷന് കണ്ട്രോള് സെന്ററിലെ (എഒസിസി) എന്‍ഗേജ്മെന്റ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന എല്‍.ജി. വെങ്കിടേഷ് (30) ജൂലൈ 23നാണ് കോള്‍ സ്വീകരിച്ചത്.
വിളിച്ചയാള്‍ (നമ്പര്‍ 6304935312) സ്വയം പരിചയപ്പെടുത്തിയിട്ടില്ല, പകരം താന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുവാന്‍ വെങ്കിടേഷിനോട് ആവശ്യപ്പെടുകയായിരുന്നു. വിമാനത്താവളത്തിലെ എല്ലാ ഫോണ്‍ നെറ്റ്വര്‍ക്കുകളും ഹാക്ക് ചെയ്യപ്പെട്ടതായും വിമാനത്താവളത്തെ സംബന്ധിച്ച എല്ലാ ഡാറ്റയും അല്‍-ക്വയ്ദ ചോര്‍ത്തുന്നുണ്ടെന്നും, ഉടന്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നുമാണ് ഫോണ്‍ കോളിന്റെ ഉള്ളടക്കം.
ഭീഷണി കോളുകളും, സന്ദേശങ്ങളും കെംപേഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് (കെഐഎ) പുതിയതല്ലെങ്കിലും, കോളിന്റെ സാധുതയെ വിശദമായി പരിശോധിക്കുമെന്ന് സിറ്റി പോലീസ് മേധാവി കമല്‍ പന്ത് അറിയിച്ചു. സംഭവത്തില്‍ ഇതിനകം സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ നെറ്റ്വര്ക്കുകള്, വിമാനത്താവളത്തിന്റെ വെബ്സൈറ്റ്, സെര്‍വര്‍ എന്നിവ പരിശോധിക്കുന്നതിന് സാങ്കേതിക വിദഗ്ധരെ വിന്യസിച്ചിട്ടുണ്ട്.
ഒരുപക്ഷേ ഈ സംഭവം വ്യാജ ഫോണ്‍ കോള്‍ മാത്രമാകാമെന്നും പന്ത് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും സാങ്കേതിക ഡാറ്റ ചോര്‍ത്തല്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോളിലെ മുന്നറിയിപ്പ് നിസാരവത്കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിമാനത്താവളത്തിലേക്ക് വിളിച്ച ഫോണ്‍ നമ്പര്‍ തെലങ്കാനയില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നമ്പറിന്റെ ഉടമ തന്നെയാണോ ഫോണ്‍ വിളിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് കമല്‍ പന്ത് കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയത് വഴി പാക് ഏജന്റുമാര്‍ക്കായി വിദേശ കോളുകള്‍ പരിവര്‍ത്തനം ചെയ്തിരുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന സംഘത്തെ സിറ്റി പോലീസ്, മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. പാക് ഏജന്റുമാരുമായുള്ള പ്രതികളുടെ ഹവാല പണമിടപാടും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലേക്ക് ലഭിച്ച കോളിന്റെ വിശദാംശങ്ങള്‍ ഗൗരവമായി അന്വേഷിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഒരു മാസം മുമ്പ്, സിറ്റി പോലീസ് സ്റ്റേഷനിലെ ഒരു ഇന്‍സ്പെക്ടര്‍ക്ക് തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ ഭീഷണി കോളുകളും സന്ദേശങ്ങളും ലഭിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജ കോളാണെന്ന് കണ്ടെത്തുകയും, കുറ്റവാളിയെ നോര്‍ത്ത് ഈസ്റ്റ് സിഇഎന്‍ ക്രൈം പോലീസ് അറസ്റ്റും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: