കോട്ടയം: ജനസംഖ്യാ നിയന്ത്രണത്തിനായി ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം ആലോചിക്കുന്നതിനിടെ, കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചുള്ള പാലാ രൂപതയുടെ പരസ്യം വിവാദത്തില്‍. ‘കുടുംബവര്‍ഷം 2021-പാലാ രൂപത’ എന്ന പേരിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. പാലാ രൂപതയുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലും പരസ്യം പങ്കുവച്ചിട്ടുണ്ട്.
രണ്ടായിരത്തിനുശേഷം വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ചു കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആ കുടുംബത്തിന് പ്രതിമാസം പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് വഴി 1,500 രൂപ സഹായധനം നല്‍കുമെന്ന് പരസ്യത്തില്‍ വാഗ്ദാനം ചെയ്യുന്നു. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്റ് ടെക്‌നോളജിയിൽ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും പരസ്യത്തിലുണ്ട്.
നാലാമത്തെ കുട്ടിതൊട്ടുള്ളവരുടെ ജനനം മുതലുള്ള ആശുപത്രി സേവനങ്ങള്‍ പാലാ മാര്‍ സ്ലീവ മെഡിസിറ്റിയില്‍ സൗജന്യമായിരിക്കും. ഇതിനോടകം തന്നെ പരസ്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പലരും രംഗത്തെത്തി കഴിഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ക്രമാതീതമായ ജനസംഖ്യ വര്‍ധനമൂലം പശ്ചാത്തല സൗകര്യങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പാലാ രൂപതുയെടെ പ്രോത്സാഹനമെന്നത് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: