തിരുവനന്തപുരം:കൊടകര കുഴല്‍ പണകേസില്‍ പ്രതികളായ 22 പേരില്‍ ഒരാള്‍ മാത്രമാണ് ബിജെപി പ്രവര്‍ത്തകനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും 17 സംസ്ഥാന/ ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ 250 സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും റോജി എം. ജോണിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ട 22 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട തുകയില്‍ ഒരു കോടി നാല്‍പ്പത്തിയാറ് ലക്ഷം രൂപ മൂല്യമുള്ള പണവും മുതലുകളും കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ആദ്യ കുറ്റപത്രത്തില്‍ അനധികൃതമായി പണം കൊണ്ടുവരുന്നത് സംബന്ധിച്ച അന്വേഷണവും തുടര്‍നടപടികളും സ്വീകരിക്കുന്നതിനായി കുറ്റപത്രത്തിന്റെ പകര്‍പ്പ് സഹിതം റിപ്പോര്‍ട്ട് തയ്യാറാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ (കൊച്ചി), ഇന്‍കം ടാക്സ് ഡയറക്ടര്‍ (ഇന്‍വെസ്റ്റിഗേഷന്‍, കൊച്ചി) ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (കേരള) എന്നിവര്‍ക്ക് സമര്‍പ്പിക്കുന്ന കാര്യം കുറ്റപത്രത്തില്‍ പ്രത്യേകം പ്രതിപാദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിശദീകരിച്ചു
കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയായ ഷംജീര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ ഹാജരായി തന്റെ ഉടമസ്ഥതയിലുളള കാറില്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോയ 25 ലക്ഷം രൂപയും കാറും പുലര്‍ച്ചെ നാലര മണിയോടെ തൃശ്ശൂര്‍ കൊടകര ബൈപ്പാസില്‍ വച്ച് ഒരു സംഘം ആളുകള്‍ കവര്‍ച്ച ചെയ്തു എന്ന് മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടകര പോലീസ് അന്വേഷണം നടത്തുകയുണ്ടായി.
പരാതിക്കാരനായ ഷംജീറിനെയും പണം ഏല്‍പ്പിച്ചയച്ച കോഴിക്കോട് സ്വദേശി ധര്‍മ്മരാജനെയും വിശദമായി ചോദ്യം ചെയ്തു. കവര്‍ച്ച ചെയ്യപ്പെട്ട കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി വ്യക്തമായി. ചാലക്കുടി ഡിവൈഎസ്പി അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.പിന്നീട് അന്വേഷണത്തിനായി തൃശ്ശൂര്‍ റെയ്ഞ്ച് ഡിഐജിയുടെയും എറണാകുളം െ്രെകം ബ്രാഞ്ച് എസ്പി യുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഏറ്റെടുത്തു. 22 പ്രതികള്‍ക്കെതിരെ ആദ്യ ചാര്‍ജ്ജ്ഷീറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. നാലാം പ്രതിയായ ശങ്കരന് എന്ന് വിളിക്കുന്ന ദീപക് ബിജെപി പ്രവര്‍ത്തകനാണ്.
കേസില്‍ പ്രതിയായ ധര്മ്മരാജന് ബിജെപി അനുഭാവിയും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, സ്റ്റേറ്റ് കോഓര്‍ഡിനേറ്റിംഗ് സെക്രട്ടറി എം.ഗണേഷ്, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീശന് നായര്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്നയാളാണെന്നും വ്യക്തമായിട്ടുണ്ട്. മാത്രമല്ല ധര്മ്മരാജന് ഹവാല ഏജന്റായി പ്രവര്‍ത്തിച്ച് വരികയും ചെയ്യുന്നതായും വെളിവായിട്ടുണ്ട്.
മേല്‍പ്പറഞ്ഞ ബിജേപി നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്നതാണ് കൊള്ളയടിക്കപ്പെട്ട പണം എന്ന കാര്യം കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗിരീശന് നായര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണ കര്‍ത്തയ്ക്ക് എത്തിച്ച് കൊടുക്കുന്നതിന് ഉദ്ദേശിച്ചിരുന്ന പണമാണെന്നും വെളിവായിട്ടുണ്ട്.
പരാതിക്കാരനായ ഷംജീറും സുഹൃത്തും 16ാം പ്രതിയുമായ റഷീദുമൊന്നിച്ച് പരാതിക്കാരന്റെ കാറില്‍ രണ്ട് രഹസ്യ അറകളിലായി മൂന്നര കോടി രൂപ നിറച്ച് വാഹനമോടിച്ച് പോകവെ പിന്തുടര്ന്നു. പുലര്‍ച്ചെ 4.40 മണിയോടെ കൊടകര ഹൈവേ മേല്‍പ്പാലത്തിന് സമീപം വാഹനങ്ങള്‍ ഉപയോഗിച്ച് പരാതിക്കാരന്റെ വാഹനത്തിലിടിപ്പിച്ച് അപകടാന്തരീക്ഷവും ഭിതിയുമുണ്ടാക്കി പണമുള്‍പ്പെടെ വാഹനം കവര്‍ച്ച ചെയ്തതാണെന്നും വെളിവായിട്ടുണ്ട്.
അന്വേഷണത്തില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ സ്വരൂപിച്ച് വച്ചിരുന്ന 17 കോടി രൂപയെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. ധര്മ്മരാജന്, ധനരാജ്, ഷൈജു, ഷിജില്‍ എന്നിവര്‍ നേരിട്ടും, ഹവാല ഏജന്റുമാര്‍ മുഖേനയും 40 കോടി രൂപ കേരളത്തിലെ പല ജില്ലകളിലുളള ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭാരവാഹികള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതായി വെളിപ്പെട്ടിട്ടുണ്ട്. അതില്‍ നാല് കോടി നാല്‍പ്പത് ലക്ഷം രൂപ സേലത്ത് വച്ചും മൂന്നര കോടി രൂപ കൊടകരയില്‍ വച്ചും കവര്‍ച്ച ചെയ്യപ്പെട്ടതായും വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രി വിശദീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: