മലപ്പുറം: ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജന്മനാടായ തിരൂരില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. എഴുത്തച്ഛന്റെ നാമധേയത്തിലുള്ള തുഞ്ചന്‍പറമ്പില്‍ പോലും പ്രതിമയില്ലാത്തത് സാംസ്‌കാരിക കേരളത്തിന് തന്നെ നാണക്കേടാണെന്ന് തിരൂര്‍ നിവാസികള്‍ ആവര്‍ത്തിക്കുമ്പോഴും ബന്ധപ്പെട്ടവര്‍ കണ്ണടയ്‌ക്കുകയാണ്. നഗരസഭയും വിവിധ സംഘടനകളും പലതവണ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും മതമൗലിക വാദികളുടെ ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ചിലരുടെ ഭീഷണിക്ക് വഴങ്ങി, എഴുത്തച്ഛന് കൃത്യമായ രൂപമില്ലെന്ന മുടന്തന്‍ ന്യായമാണ് അധികാരികള്‍ മുന്നോട്ടുവയ്‌ക്കുന്നത്.
2018ല്‍ എം.ടി. വാസുദേവന്‍ നായര്‍ ചെയര്‍മാനായുള്ള തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ വികസനത്തിന് സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. ഇത് ഉപയോഗിച്ച് പ്രതിമ സ്ഥാപിക്കുന്നതടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ ആദ്യം അറിയിച്ചെങ്കിലും നഗരസഭ നിസഹകരണം പ്രഖ്യാപിച്ചതോടെ അതും മുടങ്ങി. പിന്നീട് ഈ പണം ഉപയോഗിച്ച് പൂന്തോട്ടം നിര്‍മിക്കുകയാണ് ചെയ്തത്.
20 വര്‍ഷം മുമ്പ് തിരൂര്‍ സിറ്റി ജങ്ഷനില്‍ ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചപ്പോഴും അവിടെ പ്രതിമ സ്ഥാപിക്കാന്‍ ആലോചന നടന്നു. സ്വകാര്യ കമ്പനി പ്രതിമ ഉള്‍പ്പെടെ ഐലന്‍ഡ് സ്‌പോണ്‍സര്‍ ചെയ്യാനും തയാറായി മുന്നോട്ടുവന്നു. സ്‌പോണ്‍സര്‍ഷിപ്പ് നഗരസഭ അംഗീകരിച്ചതോടെ രാജന്‍ അരിയല്ലൂര്‍ എന്ന ശില്‍പ്പി തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ നിര്‍മിച്ചു. എന്നാല്‍ ചില തീവ്രമുസ്ലിം സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തി. സോപാനം മാതൃകയില്‍ ഐലന്‍ഡ് നിര്‍മിച്ച് പ്രതിമ സ്ഥാപിച്ചാല്‍ അവിടെ പൂജ ആരംഭിക്കുമെന്ന തരത്തില്‍ അവര്‍ പ്രചാരണം ആരംഭിച്ചു. ഇതോടെ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കേണ്ടെന്ന് നഗരസഭയും തീരുമാനിച്ചു. തുടര്‍ന്ന് വിവാദമുണ്ടാക്കാതെ മഷിക്കുപ്പിയുടേയും തൂവലിന്റെയും ശില്‍പ്പം വച്ച് സ്‌പോണ്‍സര്‍മാര്‍ തടിയൂരി. ഇതിനായി നിര്‍മിച്ച പ്രതിമ വര്‍ഷങ്ങളോളം ശില്‍പ്പിയുടെ വീട്ടില്‍ കിടന്നു. തിരൂരില്‍ ഒരിടത്തും ഇത് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പായതോടെ ശില്‍പ്പി പഠിച്ച അരിയല്ലൂര്‍ ജിയുപി സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കുകയായിരുന്നു.
എഴുത്തച്ഛന്റെ പ്രതിമ സംസ്ഥാനത്തെ വിവിധയിടങ്ങളിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജന്മനാട്ടിലില്ലെന്നതാണ് ഏറെ അപമാനകരം. കോഴിക്കോട്ടും തൃശൂരിലും മണ്‍മറഞ്ഞ മഹാത്മാക്കളുടെ പ്രതിമ സ്ഥാപിക്കുമ്പോള്‍ രണ്ട് ജില്ലകളുടേയും ഇടയിലുള്ള മലപ്പുറത്ത് മാത്രമാണ് പ്രതിമാ വിരോധം.
എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ നഗരസഭയും തുഞ്ചന്‍ സ്മാരക ട്രസ്റ്റും തയാറാവണമെന്ന ആവശ്യം ഈ രാമായണ മാസത്തിലും ശക്തമായി ഉയരുകയാണ്. തിരൂര്‍ നിവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടകം ഒന്നിന് രാമായണം വായിച്ചുകൊണ്ട് ഈ ആവശ്യമുന്നയിച്ച് പ്രതിഷേധ പരിപാടിയടക്കം സംഘടിപ്പിച്ചിരുന്നു. മതതീവ്രവാദികളുടെ പ്രതിമ വിരോധത്തെ നിയമപരമായി നേരിടണമെന്നാണ് ഹൈന്ദവ സംഘടനകളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: