പള്ളുരുത്തി: മുണ്ടംവേലിയില്‍ ഒരേക്കറോളം വരുന്ന തണ്ണീര്‍ത്തടം സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നികത്തുന്നതായി പരാതി. മുണ്ടംവേലി രാമേശ്വരം ഭവന പദ്ധതിക്ക് പിന്‍വശത്തെ തണ്ണീര്‍ത്തടമാണ് വ്യാപകമായി നികത്തുന്നത്. ജനപ്രതിനിധികളുടെ ഒത്താശയോടെ നികത്തുന്നതിനാല്‍ റവന്യൂ അധികൃതര്‍ സ്വകാര്യ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലന്നാണ് ആക്ഷേപം.
നേരത്തെ ഇവിടെ നികത്തല്‍ തുടങ്ങിയപ്പോള്‍ അന്നത്തെ രാമേശ്വരം വില്ലേജ് ഓഫിസര്‍ ഇതിനെതിരെ നടപടി സ്വീകരിക്കുകയും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആ സ്റ്റോപ്പ് മെമ്മോ നിലനില്ക്കുമ്പോള് തന്നെയാണ് ഇപ്പോള്‍ വീണ്ടും നികത്തല്‍ ആരംഭിച്ചിട്ടുള്ളത്. വെള്ളക്കെട്ട് രൂക്ഷമായ ഈ പ്രദേശത്ത് നിലവിലുള്ള ഈ തണ്ണീര്‍തടം കൂടി നികത്തുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാകുന്ന സാഹചര്യമാണ്. സ്വകാര്യ സ്ഥാപനത്തിന് കെട്ടിട നിര്‍മാണ വിഭാഗം കൂടിയുള്ളതിനാല്‍ പൈലിങ് നടത്തുന്ന ചെളി ഉപയോഗിച്ചാണ് നികത്തല്‍ നടത്തുന്നതെന്നാണ് പരാതി.
പരിസരവാസികളുടെ എതിര്‍പ്പ് മറി കടക്കാന്‍ തണ്ണീര്‍തടത്തിന് ചുറ്റും ഷീറ്റും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് മറച്ചാണ് നികത്തല്‍ പുരോഗമിക്കുന്നത്. ജെസിബി ഡ്രൈവിങ് പഠിപ്പിക്കാനെന്ന വ്യാജേനയാണ് നികത്തല്‍ നടത്തുന്നതെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് കര്‍ഷ കമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി.കൃഷ്ണദാസ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. സ്ഥാപനത്തിന് ഒരു ജനപ്രതിനിധിയുടെ ഒത്താശയുള്ളത് മൂലമാണ് ഉദ്യോഗസ്ഥര്‍ നടപടിക്ക് മുതിരാത്തതെന്നും പരാതിയുണ്ട്.
അതേസമയം, നികത്തലിനെതിരെ സ്റ്റോപ്പ് മെമ്മോ നല്‍കിയതായും ഇത് സംബന്ധിച്ച് തോപ്പുംപടി പോലീസിന് രേഖാമൂലം അറിയിപ്പ് നല്‍കിയതായും പള്ളുരുത്തി വില്ലേജ് ഓഫിസര്‍ വ്യക്തമാക്കി. എന്നാല്‍, സ്ഥാപന ഉടമകള്‍ താമസിക്കുന്നത് രാമേശ്വരം വില്ലേജ് ഓഫിസിന്റെ പരിധിയിലായതിനാല്‍ പള്ളുരുത്തി വില്ലേജ് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ രാമേശ്വരം വില്ലേജ് അധികൃതര്‍ വഴി നല്കാന് ഏല്‍പ്പിച്ചിരിക്കുകയാണ്. രാമേശ്വരം വില്ലേജ് അധികൃതര്‍ ഇത് നികത്തല്‍ നടത്തുന്ന സ്ഥാപനത്തിന് കൈമാറിയിട്ടില്ലയെന്നാണ് വിവരം. നികത്തല്‍ തുടര്‍ന്നാല്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് പ്രദേശ വാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: