‘ഞങ്ങള്‍ അഫ്ഗാനിസ്ഥാനിലെത്തിയത് ആ രാജ്യത്തെ പുനര്‍നിര്‍മ്മിക്കാനല്ല; ഇനി തങ്ങളെ ആര് ഭരിക്കണമെന്ന് അവിടത്തെ ജനങ്ങള്‍ തന്നെ തീരുമാനിക്കണം’. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകളാണിത്. കഴിഞ്ഞില്ല, താലിബാനു വേണ്ടിയല്ല തങ്ങള്‍ നിലകൊള്ളുന്നത് എന്ന് പറയുമ്പോഴും അവര്‍ക്കുവേണ്ടി വാദിക്കാനും യുഎസ് പ്രസിഡന്റ് തയ്യാറാവുന്നു. ‘അഫ്ഗാനിസ്ഥാന് താലിബാനുമായി സംഘര്‍ഷമില്ലാത്ത അവസ്ഥയുണ്ടാക്കിയാലേ കാര്യങ്ങള്‍ നടന്നുപോകൂ’ എന്നുവരെ അദ്ദേഹം ഒരു ഘട്ടത്തില്‍ പറഞ്ഞു എന്നര്‍ത്ഥം. അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥ ഇതില്‍നിന്ന് തന്നെ വ്യക്തമാവുമല്ലോ. ആഗസ്റ്റ് 31-ന് അവസാനത്തെ യുഎസ് സൈനികനും കാബൂളില്‍ നിന്ന് രക്ഷപ്പെടും. പിന്നെ എന്ത്, ആരാവും ആ രാജ്യത്തിന്റെ ഭരണമേല്‍ക്കുക? ഇത് അഫ്ഗാനിസ്ഥാന്റെ മാത്രം പ്രശ്നമല്ല, ലോകം മുഴുവന്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത്, 2011-ല്‍, ഇന്ത്യ ഉണ്ടാക്കിയ തന്ത്രപരമായ (സ്ട്രാറ്റജിക്) കരാറിന്റെ പശ്ചാത്തലത്തില്‍ നമുക്കും ഒഴിഞ്ഞുപോകാനാവുകയില്ല. ഇനിയുള്ള ദിവസങ്ങളില്‍ മറ്റെന്തിനേക്കാളും പ്രാധാന്യമുള്ള ഒരു വിഷയമായി അഫ്ഗാനിസ്ഥാന് ഇന്ത്യയിലും ചര്‍ച്ചചെയ്യപ്പെടുക തന്നെ ചെയ്യും.
അല്‍പ്പം ചരിത്രം; 2001 -ലാണ് അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ കാലുകുത്തുന്നത്. അന്ന് അവരുന്നയിച്ച മൂന്ന് കാര്യങ്ങള്‍; ഒസാമ ബിന്‍ ലാദനെ വിട്ടുനല്‍കണം; താലിബാന് ഭരണം അവസാനിപ്പിക്കണം, അല്‍ ക്വയിദയെ തകര്‍ക്കണം. ലാദനുവേണ്ടി ലോകം മുഴുവന്‍ അമേരിക്ക തിരച്ചില്‍ നടത്തുമ്പോള്‍ അയാള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കൊടിക്കീഴില്‍ സുഖവാസം നടത്തുകയായിരുന്നല്ലോ. ബ്രിട്ടന്റെ കൂടി സഹായത്തോടെയാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചടക്കിയത്. ആ കാലത്ത് ആ രാജ്യത്തിന്റെ 90 ശതമാനത്തിലേറെയും താലിബാന്റെ കസ്റ്റഡിയിലായിരുന്നുതാനും. യുഎസ് സേന എല്ലാമേറ്റെടുത്തുവെങ്കിലും ബിന്‍ ലാദനെ അവര്‍ക്ക് പിടിക്കാനായില്ല, കണ്ടെത്താനും കഴിഞ്ഞില്ല. മറ്റൊന്ന്, അല്‍ ക്വയിദ ഭീകരരുടെ കാര്യത്തിലും അവര്‍ പരാജയപ്പെട്ടു; അവരെ നശിപ്പിക്കാനുള്ള പദ്ധതി നടന്നതേയില്ല; അവരൊക്കെ പാക്കിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. എന്നാല്‍ അപ്പോഴും അമേരിക്ക പാകിസ്താനെയും പിന്തുണച്ചു പോന്നു എന്നത് പറയാതെയും വയ്യ. ഇന്നിപ്പോള്‍ അടുത്ത സെപ്റ്റംബര്‍ 11 ന് മുന്‍പായി കാബൂളിനോട് വിടപറയാനാണ് ബൈഡന്റെ നീക്കം. ഏതാണ്ട് 90 ശതമാനം യുഎസ് സൈനികരും ഇപ്പോഴേ മടങ്ങിക്കഴിഞ്ഞു.
വിദേശത്തെ സൈനിക ഇടപെടലുകള്‍ സംബന്ധിച്ച് അമേരിക്കയില്‍ ഒരു പുനര്‍ വിചാരമുണ്ടായി എന്നത് ശരിയാണ്; അങ്ങിനെ ചെലവിടാന്‍ പണമില്ല എന്ന നിലപാടെടുത്തത് ഡൊണാള്‍ഡ് ട്രമ്പാണ്; ലോക പോലീസ് കളിക്കുന്ന ശീലം ഉപേക്ഷിക്കണം എന്നും നമ്മുടെ സൈനികരുടെ ജീവനും വിലയുണ്ട് എന്നും മറ്റും തുറന്നു പറഞ്ഞ യുഎസ് പ്രസിഡന്റാണ് അദ്ദേഹം. അധികാരം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ‘എന്തുകൊണ്ട് അഫ്ഗാനിസ്ഥാന്’ എന്ന ചോദ്യം ട്രംപിന് നേരിടേണ്ടിവന്നതും ഓര്‍ക്കുക. എന്നാല്‍ അന്ന് അവിടെ ഒരു ബദല്‍ സംവിധാനമുണ്ടാക്കാന്‍ സാധിച്ചില്ല. അപ്പോഴാണ് താലിബാന് അമേരിക്കയുമായി ചര്‍ച്ചക്ക് പോലും തയ്യാറായത്. അതിന് മധ്യസ്ഥനായി പാക്കിസ്ഥാനും.
യഥാര്‍ത്ഥത്തില്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ യുഎസ് നീക്കം കൊണ്ട് അമേരിക്കക്കോ അഫ്ഗാനിസ്ഥാനോ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. അഥവാ അവരെന്താണോ ഉദ്ദേശിച്ചത്, അതിന് നേരെ വിപരീതമായതാണ് ഒക്കെയും സംഭവിച്ചത്. ഇന്നിപ്പോള്‍ അവിടെ നാം കാണുന്നത്, അമേരിക്കന്‍ സേന പിന്‍വാങ്ങുമ്പോള്‍ ആ പ്രദേശം താലിബാന് പതുക്കെ കയ്യടക്കുന്നതാണ്. ആ ഇസ്ലാമിക ജിഹാദി പ്രസ്ഥാനത്തിന്റെ കയ്യിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. കാബൂളിലുള്ള വിദേശ എംബസികള്‍ സാങ്കേതികമായി അടച്ചു പൂട്ടിയിട്ടില്ലെങ്കിലും അവിടത്തെ ഉദ്യോഗസ്ഥരൊക്കെ തന്നെ നാടുവിട്ടിരിക്കുന്നു. കാബൂള്‍ വിമാനത്താവളത്തിലേക്ക് താലിബാന് കടന്നുവരാതിരിക്കാനായി വാഷിംങ്ങ്ടണ് ഏര്‍പ്പാടാക്കിയത് തുര്‍ക്കിയുടെ എര്‍ദോഗാന്റെ പട്ടാളത്തെയാണ്; കോഴിയെ രക്ഷിക്കാന്‍ കുറുക്കനെ ഏല്‍പ്പിക്കുന്നത്
പോലെ. ബൈഡന്റെ സ്നേഹവും ആദരവും പിടിച്ചുപറ്റാനാണത്രെ തുര്‍ക്കി ഈ സന്ദര്‍ഭം ഉപയോഗിക്കുന്നത്; കാബൂള്‍ വിമാനത്താവളം ഇപ്പോഴേ തുര്‍ക്കി സൈന്യത്തിന്റെ പിടിയിലാണ്. എന്നാല്‍ അവരുടെ ലക്ഷ്യം, അമേരിക്ക പോകുമ്പോള്‍, ആ രാജ്യം പിടിച്ചടക്കാന്‍ തന്നെയാണ്. അതായത് ഇപ്പോള്‍ അവിടെ നടക്കുന്നത് തുര്‍ക്കി- താലിബാന് യുദ്ധത്തിനുള്ള ഒരുക്കങ്ങളാണ്. തുര്‍ക്കിയായാലും അല്‍ ഖ്വയ്ദയായാലും താലിബാനായാലും കാര്യങ്ങള്‍ അപകടകരമാണ്. പാക്കിസ്ഥാന്റെ പങ്കാളിത്തമാണ് ശ്രദ്ധിക്കേണ്ട മറ്റൊന്ന്. അല്‍ ഖ്വയ്ദക്കും താലിബാനുംപിന്നിലുള്ളത് പാകിസ്താനാണ്. അതായത് മറ്റൊരര്‍ത്ഥത്തില്‍ ചൈന. ഇതൊക്കെ ബൈഡന് തിരിച്ചറിയാത്തതല്ല; എന്നാല്‍ ഇനി അവിടെ തുടര്‍ന്നും നിലകൊണ്ടുകൊണ്ട് അമേരിക്കന്‍ പട്ടാളക്കാരുടെ ജീവന് ബലികൊടുക്കാന്‍ തയ്യാറല്ല എന്ന് അദ്ദേഹം പരസ്യമായി പറഞ്ഞുകഴിഞ്ഞു.
ഇന്ത്യയുടെ ദൗത്യം
ഇന്ത്യയുടെ ഭാഗമായിരുന്നു ഇന്നത്തെ അഫ്ഗാനിസ്ഥാന് എന്നത് ചരിത്രം. ഒരേ സംസ്കാരത്തിന്റെ ഭാഗമാണ്. അഖണ്ഡഭാരതത്തെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോള്‍ ആ ഭൂപ്രദേശം മനസിലുയര്ന്നുവരുന്നത് സ്വാഭാവികം. മൗര്യന് രാജവംശത്തിന്റെ അധീനതയിലായിരുന്ന പ്രദേശം. അവിടേക്ക് ബുദ്ധമതം എത്തിയതും പിന്നീട് ഇസ്ലാമിക ശക്തികള്‍ കയ്യടക്കിയതുമൊക്കെ ചരിത്രം. അത് മുഴുവന്‍ വിശദീകരിക്കാന്‍ സ്ഥലപരിമിതിയുണ്ട്. എന്നാല്‍ ഇന്നിപ്പോള്‍ എന്താണ് ഇന്ത്യക്ക് ചെയ്യാനുള്ളത് എന്നതാണ് ചോദ്യം.
2011 -ലാണ്, നേരത്തെ സൂചിപ്പിച്ചത് പോലെ, ഇന്ത്യയും അഫ്ഗാനിസ്ഥാനും തന്ത്രപരമായ സഹകരണത്തിന് ദീര്‍ഘകാല ധാരണയുണ്ടാക്കിയത്. മന്മോഹന് സിംഗിന്റെ കാലഘട്ടത്തിലായിരുന്നു അത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ളതാണ് അതെന്ന് അതിന്റെ ആമുഖത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. മന്മോഹന് സിങ് സര്‍ക്കാരിന്റെ മനസിലും ആ പുരാതന സാംസ്കാരിക പാരമ്പര്യം ഉണ്ടായിരുന്നു എന്നര്‍ത്ഥം. അക്കാലത്ത് എസ്എം കൃഷ്ണയായിരുന്നു വിദേശകാര്യ മന്ത്രി; എകെ ആന്റണി പ്രതിരോധ മന്ത്രിയും. അന്നത്തെ ആ ധാരണാപത്രം വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇപ്പോഴും ലഭ്യമാണ്. രണ്ടു രാജ്യങ്ങളും എത്രമാത്രം വിശ്വാസത്തോടെയാണ് നിലകൊള്ളേണ്ടത് എന്നതാണ് അതില്‍ നിഴലിക്കുന്നത്. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയില്ല എന്ന് വ്യക്തമാക്കുമ്പോഴും വിദേശകാര്യ മന്ത്രി തലത്തിലും സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലും ചര്‍ച്ചകള്‍ നടക്കണമെന്ന് തീരുമാനിച്ചിരുന്നു. ആ ധാരണാപത്രം ഉണ്ടായതിന് ശേഷം ഒരു അതീവ നിര്‍ണ്ണായക അവസ്ഥ ഉണ്ടാവുന്നത് ഇപ്പോഴാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് എന്താണ് ചെയ്യാനാവുക, എന്താണ് ഇന്ത്യ ചെയ്യേണ്ടത് എന്നത് സ്വാഭാവികമായും പ്രധാനമാണ്.
മോദി ലക്ഷ്യമിടുന്നത്?
ഈ വേളയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ എന്താണ് ലക്ഷ്യമിടുന്നത് എന്നത് ഇനിയും പരസ്യമായിട്ടില്ല; എന്നാല്‍ ഒന്ന് തീര്‍ച്ച. അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ സജീവ അജണ്ടയിലുണ്ട്. കഴിഞ്ഞ ദിവസം രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിങ് രണ്ടു മുന്‍ പ്രതിരോധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതോര്‍ക്കുക; എ.കെ. ആന്റണിയും ശരദ് പവാറും. അതില്‍ എന്താണ് ചര്‍ച്ച ചെയ്തത് എന്നത് ഇനിയും പുറത്തുവന്നിട്ടില്ല. എന്നാല്‍ എന്റെ വിലയിരുത്തല്‍, ചര്‍ച്ചാവിഷയം അഫ്ഗാനിസ്ഥാന് ആയിരുന്നിരിക്കണം എന്നാണ്. 2011- ലെ ധാരണയുടെ വെളിച്ചത്തില്‍ എന്താണ് വേണ്ടതെന്ന കാര്യമാവണം വിലയിരുത്തപ്പെട്ടത്. മോദി സര്‍ക്കാര്‍ എങ്ങിനെ ചിന്തിക്കുന്നു എന്നത് ഏറെക്കുറെ ഇതില്‍ നിന്നൊക്കെ വ്യക്തമാണ്.
ഇത് മാത്രമല്ല, നമ്മുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അടുത്തിടെ നടത്തിയ വിദേശയാത്രകള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. താജിക്കിസ്ഥാനില്‍ വെച്ച് കഴിഞ്ഞ 13,14 തീയതികളില്‍ എസ്സിഒ ഉച്ചകോടി നടന്നത് അഫ്ഗാന് വിഷയം ചര്‍ച്ചചെയ്യാന്‍ തന്നെയായിരുന്നല്ലോ. ഇന്ത്യക്ക് പുറമെ ചൈന, കസാഖിസ്ഥാന്‍, ക്രീഗിസ്താന്, റഷ്യ, പാക്കിസ്ഥാന്, താജികിസ്താന്‍, ഉസ്ബെക്കിസ്ഥാന് എന്നിവയാണ് അതിലുള്ളത്. ഈ സമ്മേളനത്തിന് പോകുമ്പോഴും മടങ്ങുമ്പോഴും ജയശങ്കര്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കുറച്ചുനേരം ചെലവിട്ടിരുന്നു. അവിടെ നടന്നതും നയതന്ത്ര കൂടിയാലോചനകളായിരുന്നു. ഖത്തര്‍ ആണല്ലോ ഇപ്പോള്‍ താലിബാന്റെ ഒരു പ്രധാന കേന്ദ്രം. എന്നാല്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തി എന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ ഇന്ത്യ നിഷേധിച്ചിട്ടുണ്ട്; അതൊക്കെ ദുഷ്ടലാക്കോടെയുള്ള നീക്കമായിരുന്നു. മറിച്ച് ഇന്ത്യയുമായി നല്ല ബന്ധത്തിലുള്ള ഖത്തറിനെ ഇക്കാര്യത്തില്‍ ഉപയോഗിക്കാന്‍ പറ്റുമോ എന്നതാവണം ചര്‍ച്ചചെയ്തത്.
ഇതിനേക്കാളൊക്കെ പ്രധാനമായ, നിര്‍ണ്ണായകമാവുന്ന ചില കൂടിയാലോചനകളാണ് ഇനി നടക്കാനിരിക്കുന്നത്. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബിന്കെന് അടുത്ത ബുധനാഴ്ച, 28ന്, ഇന്ത്യയിലെത്തും. ക്വാഡ് ഉച്ചകോടിയാണ് ചര്‍ച്ചാവിഷയമെന്നു പറയുന്നുണ്ടെങ്കിലും അഫ്ഗാന് തന്നെയാണ് പ്രധാനമെന്ന് ഏവര്‍ക്കുമറിയാം. അഫ്ഗാന് സമാധാന ചര്‍ച്ചയുടെ മധ്യസ്ഥന്‍ അബ്ദുള്ള അബ്ദുള്ള ഇപ്പോഴേ ഡല്‍ഹിയിലുണ്ട്; അവിടത്തെ സൈനിക മേധാവിയും യുഎസ് നേതാവിന്റെ സന്ദര്‍ശന വേളയില്‍ ഇന്ത്യയിലുണ്ടാവും. യുഎസ്- ഇന്ത്യ- അഫ്ഗാന് ചര്‍ച്ചക്ക് വേദിയൊരുങ്ങുന്നു എന്നര്‍ത്ഥം. റഷ്യ അടക്കമുള്ളവരുമായി ഇന്ത്യ നടത്തിയ ചര്‍ച്ചകളും ഇതിനിടയില്‍ പരാമര്ശിക്കപ്പെടുമല്ലോ. കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: