ന്യൂദല്‍ഹി: ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായണ് പ്രതികരണം. വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനോട് ചേര്‍ന്നു നില്ക്കുന്ന സമീപനമാണ് ബൈഡന് ഭരണകൂടവും കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രസ്താവനയില്‍നിന്ന് വ്യക്തം. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ പ്രശ്നങ്ങള്‍ ‘പരസ്പരം പരിഹരിക്കണം’ എന്ന് ദക്ഷിണ, മധ്യ ഏഷ്യന്‍ കാര്യങ്ങളുടെ ചുമതലയുള്ള യുഎസ് സ്റ്റേറ്റ് ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ഡീന്‍ തോംപ്സണ് തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ സംഘത്തോട് പറഞ്ഞു.
ഈ വര്‍ഷമാദ്യം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. ഭാവിയില്‍ കുടുതല്‍ സ്ഥിരതയുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള വഴികള്‍ക്കായുള്ള ശ്രമങ്ങള്‍ തുടരാന്‍ തങ്ങളെപ്പോഴും പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന സമയത്ത് ഒന്നിലധികം തവണ വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ ഉഭയകക്ഷി ബന്ധത്തിനിടയില്‍ ഒരുതരത്തിലുമുള്ള മധ്യസ്ഥതയെയും അനുകൂലിക്കുന്നില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഈ വര്‍ഷം അവസാനം വാഷിംഗ്ടണ്ണില്‍ നടക്കുന്ന വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ ചര്‍ച്ചകള്‍ കുടുതല്‍ സുഗമമാക്കാന്‍ ബ്ലിങ്കന്റെ സന്ദര്‍ശനം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: