പാലക്കാട്: കൊറോണ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കൊറോണ മാനദണ്ഡം ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പാലക്കാട്ടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. രമ്യ ഹരിദാസ് എം പി , വി ടി ബല്‍റാം , റിയാസ് മുക്കോളി തുടങ്ങിയവരാണ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചത്.
സ്ഥലത്തുണ്ടായിരുന്ന യുവാവ് ചോദ്യം ചെയ്തതോടെ ഇവര്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു.ഞായറാഴ്ച പകലാണ് സംഭവം. സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യഹരിദാസും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ട ഭക്ഷണവിതരണക്കാരനായ യുവാവ് എംപിയോട് കാര്യം തിരക്കി.
താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യഹരിദാസ് മറുപടി നല്കി. പാര്‍സലെടുക്കേണ്ടവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരികെ ചോദിച്ചു. കുടുങ്ങിയെന്ന മനസിലായ രമ്യഹരിദാസ് യുവാവിനൊപ്പം പുറത്തേക്ക് നീങ്ങി.ഇതോടെ പാളയം പ്രദീപും സംഘവും പുറത്തെത്തി യുവാവിനെയും സുഹൃത്തിനെയും മര്‍ദിച്ചു.
ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധഭീഷണിമുഴക്കി. യുവാവെടുത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്നാണ് രമ്യ ഹരിദാസ് എം പിയുടെ വിശദീകരണം, ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ താനോ, കൂടെയുള്ളവരോ ഉദേശിച്ചിരുന്നില്ല. പാഴ്സലായി കാത്തു നില്‍ക്കുകയാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. അതേ സമയം രമ്യഹരിദാസും ബല്‍റാമും കഴിക്കാന്‍ കയറിയ ഹോട്ടലിനെതിരെ പോലീസ് കേസെടുത്തു. ലോക്ക് ഡൗണ്‍ ലംഘനത്തിനാണ് കസബ പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: