തിരുവനന്തപുരം: പിഎസ്സി സീറ്റ് വില്പന മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ അനധികൃത നിയമനം തുടങ്ങിയ വിവാദങ്ങള്‍ മൂലമുള്ള അഭിപ്രായഭിന്നതകള്‍ ഞായറാഴ്ച ഇടതു സര്‍ക്കാരിലെ ഘടകക്ഷിയായ ഐഎന്‍എല്ലിന്റെ പിളര്‍പ്പില്‍ കലാശിച്ചു. സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും തന്നിഷ്ടപ്രകാരമാണ് കാര്യങ്ങള്‍ നടത്തുന്നതെന്ന് ആരോപിച്ചാണ് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കാസിം ഇരിക്കുറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതായി പ്രഖ്യാപിച്ചത്.
അതേ സമയം സെക്രട്ടറി കാസിം ഇരിക്കൂറിനും മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും സ്വാധീനമുള്ള ദേശീയ നേതൃത്വം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എ പി അബ്ദുള്‍ വഹാബിനെ നീക്കിയതായും പ്രഖ്യാപിച്ചു. ഇതോടെ ഐഎന്‍എല്‍ രണ്ട് ഗ്രൂപ്പായി മാറി. ഇവര്‍ ബി ഹംസ ഹാജിക്ക് വര്‍ക്കിംഗ് പ്രസിഡന്റിന്റെ ചുമതല നല്‍കിയിട്ടുണ്ട്. ഐഎന്‍എല്ലിലെ പിളര്‍പ്പ് പിണറായിക്ക് തിരിച്ചടിയാകും. ഇതില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലും കാസിം ഇരിക്കൂരും ഉള്‍പ്പെടെയുള്ള ഔദ്യോഗിക പക്ഷം കൂടെ നില്‍ക്കുമ്പോഴും മറുപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഇടതുമുന്നണിയ്ക്കും മുഖ്യമന്ത്രിക്കും ഉത്തരം പറയാന്‍ ബുദ്ധിമുട്ടേണ്ടതായി വരും.
ഞായറാഴ്ച രാവിലെ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. അതിനിടയില്‍ കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും പാര്‍ട്ടിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ മറുവിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തുടക്കം തന്നെ തല്ലി പിരിഞ്ഞു. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയതോടെ പ്രവര്‍ത്തകര്‍ രണ്ട് ചേരിയായി തിരിഞ്ഞ് പരസ്പരം ആക്രമിച്ചു.
പിന്നീട് എറണാകുളം കാനോന്‍ ഷെഡ് റോഡും സാസ് ടവറും തെരുവ് യുദ്ധത്തിന് വേദിയായി. മന്ത്രിയേയും കാസിം ഇരിക്കൂറിനെയും പുറത്ത് വിടില്ല എന്ന് ഒരു കൂട്ടര് വാദിച്ചപ്പോള്‍ മറുകൂട്ടര്‍ ഇവര്‍ക്ക് സംരക്ഷണം നല്കാന് വന്നത് സംഘര്‍ഷം ഇരട്ടിയാക്കി. പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ വലിയൊരു പൊലീസ് സംഘം തന്നെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഇറങ്ങേണ്ടി വന്നു. പിന്നെ പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള കയ്യാങ്കളി ആയിരുന്നു. ഒടുവില്‍ പ്രശ്നക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ നേതാക്കളും മന്ത്രിയും സ്ഥലം വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: