മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ നടി ശില്പ ഷെട്ടിയെ മുംബൈ ക്രൈംബ്രാഞ്ച് ആറ് മണിക്കൂര്‍ ചോദ്യം ചെയ്തു. കേസില്‍ അറസ്റ്റിലായ, വ്യവസായിയും ശില്പയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ ന്യായീകരിക്കും വിധമായിരുന്നു ശില്പയുടെ മറുപടിയെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇരുവരുടെയും ജുഹുവിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യല്‍.
ഹോട്ട്ഷോട്ട്സ് ആപ്പുമായോ നീലച്ചിത്ര നിര്‍മാണവുമായോ പങ്കില്ല. ആപ്പിലെ ഉള്ളടക്കങ്ങളെക്കുറിച്ച് അറിവില്ലെന്നും താന്‍ അതില്‍ നിന്ന് ആദായമൊന്നും കൈപ്പറ്റിയിട്ടില്ലെന്നും ശില്പ പറഞ്ഞു. കുന്ദ്രയുടെ സഹോദരീ ഭര്‍ത്താവ് പ്രദീപ് ബക്ഷിക്ക് ആപ്പുമായി ബന്ധമുണ്ട്. മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളിലും വെബ് സീരീസുകളിലും അശ്ലീല സ്വഭാവമുള്ള ഉള്ളടക്കള്‍ കൂടുതലാണെന്ന വാദവും അവര്‍ ഉന്നയിച്ചു. തന്റെ ഭാര്‍ത്താവ് ചെയ്തത് നീലച്ചിത്ര നിര്‍മാണമല്ലെന്നും ഇറോട്ടിക്ക മാത്രമാണെന്നും നടി വിശദീകരിച്ചതായി പോലീസ് പറഞ്ഞു.
കേസില്‍ കുന്ദ്രയുടെ കസ്റ്റഡി കാലാവധി നീട്ടി. ജൂലൈ 27 വരെ കോടതി കുന്ദ്രയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ അഭിഭാഷകന് നിരത്തിയ വാദങ്ങള്‍ തന്നെയായിരുന്നു ശില്പ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചത്. കുന്ദ്ര നീലച്ചിത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ജാമ്യമില്ലാ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം.
എന്നാല്‍, ഹോട്ട്ഷോട്ടസ് ആപ്പില്‍ നിന്ന് ലഭിച്ച ആദായം കുന്ദ്ര ഓണ്‍ലൈന്‍ ചൂതുകളിക്ക് ഉപയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബാങ്കിടപാടുകളുടെ രേഖകള്‍ ശേഖരിച്ചുവെന്നും അടുത്തിടെ അക്കൗണ്ടില്‍ നിന്ന് 7.5 കോടി രൂപ പിന്‍വലിച്ചതായി വ്യക്തമായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ശില്പയുടെയും കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ പരിസരം നീലച്ചിത്ര നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നു എന്നും പോലീസ് പറയുന്നു.
കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവിനെതിരെ കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നോട്ടീസ് നല്‍കാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് കുന്ദ്രയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: