കാലടി: കാലടിയില്‍ ഗതാഗതകുരുക്ക് രൂക്ഷമായി. വെള്ളിയാഴ്ച വെളുപ്പിന് ആരംഭിച്ച ഗതാഗത കുരുക്ക് രാത്രിയോളം നീണ്ടു നിന്നു. പോലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നുവെങ്കിലും ഗതാഗതകുരുക്കഴിക്കാന്‍ സാധിച്ചില്ല.
കാലടി ശ്രീശങ്കര പാലത്തില്‍ രൂപപ്പെട്ട കുഴികളാണ് വാഹനങ്ങളുടെ നീണ്ടനിര സൃഷ്ടിക്കാന്‍ കാരണമായത്. എംസി റോഡിലെ പ്രധാന പാലമായ കാലടി ശ്രീശങ്കര പാലത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് നാലാം പ്രാവശ്യമാണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. കുഴികള്‍ രൂപപ്പെട്ട് ഗതാഗത സ്തംഭനമുണ്ടാകുമ്പോള്‍ കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കും. ഇതിന്റെ ഭാഗമായി കുഴിയടക്കല്‍ നടക്കുമെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ടാറിങ് പൊളിഞ്ഞ് വീണ്ടും കുഴികള്‍ രൂപപ്പെടുന്ന സ്ഥിതിയാണെന്നും ഗതാഗതകുരുക്ക് കച്ചവടത്തെയും ബാധിക്കുന്നതായി കാലടിയിലെ പ്രധാന കച്ചവടക്കാരനായ ജോബി വാളൂക്കാരന്‍ പറഞ്ഞു.
ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ടാറിങ് നടത്താത്തതും മഴയുള്ളപ്പോള്‍ നിര്‍മാണം നടത്തുന്നതുമാണ് ടാറിങ് പൊളിയാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. എംസി റോഡില്‍ നാലു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. പാലവും റോഡും ചേരുന്ന ഇരുഭാഗങ്ങളിലുമാണ് പ്രധാനമായും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ പാലത്തില്‍ വിവിധ ഭാഗങ്ങളിലും കുഴികളുണ്ട്. കുഴികളില്‍ വെള്ളം കെട്ടി കിടക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
കുഴികള്‍ ഭാരമേറിയ വാഹനങ്ങള്‍ കയറുന്നതോടെ വലിയ കുഴികളായി മാറുന്നതോടെ ഗതാഗതകുരുക്ക് ഇനിയും രൂക്ഷമാകും. കഴിഞ്ഞ മാസം പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എം. മുഹമ്മദ് റിയാസും പെരുമ്പാവൂര്‍, അങ്കമാലി, ആലുവ നിയോജകമണ്ഡലങ്ങളിലെ എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും പാലം സന്ദര്‍ശിച്ചിരുന്നു. അടിയന്തരമായി അറ്റകുറ്റപണികള്‍ നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മന്ത്രി നിര്‍ദേശം നല്‍കി. കൂടാതെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരമായി സമാന്തര പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ഇതുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകുവാനും ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഇപ്പോഴും കടലാസില്‍ തന്നെ ഒതുങ്ങുന്ന സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: